മഹത്വത്തിലേക്ക് സ്വീകരിക്കുന്ന കർത്താവ്

നിത്യമായ മഹത്വം പ്രാപിക്കാനുള്ള യാത്രയിൽ നേടാൻ പോകുന്ന സ്വർഗീയാനന്ദത്തെക്കാളുപരി, നഷ്ടപ്പെടാൻ പോകുന്ന ഭൗമിക സമ്പത്തിനെക്കുറിച്ചാണോ നമ്മുടെ ചിന്ത?

ഒരു കവി തന്റെ ചെറുപ്പകാലം വിവരിക്കുന്നത് ഇപ്രകാരമാണ്: കുട്ടിക്കാലത്ത് ഞാൻ ക്ലാസ് കഴിഞ്ഞ് കൃഷി സ്ഥലത്ത് എന്റെ അപ്പനെ സഹായിക്കാൻ ചെല്ലുമായിരുന്നു. സന്ധ്യയോടടുക്കുമ്പോൾ ഞങ്ങൾ വീട്ടിലേക്ക് മടങ്ങും. ക്ഷീണിതനായി പുറകെ നടക്കുന്ന എന്നോട് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കി അപ്പൻ പറയുമായിരുന്നു: മോനേ, നമ്മൾ വീടിനോടടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ രംഗം മാറി. ഞാൻ, ജീവിതാന്ത്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്വർഗീയപിതാവ് എന്റെ കൈയ്ക്ക് പിടിച്ചുകൊണ്ട് പറയുന്നു: മകനേ, നീ നിത്യഭവനത്തിൽ എത്തിക്കൊണ്ടിരിക്കുന്നു! നിത്യപിതാവിന്റെ ഇമ്പമേറിയ സ്വരം!
സങ്കീർത്തകനായ ദാവീദ് ഇപ്രകാരം പറയുന്നു: ”ഉപദേശം തന്ന് അങ്ങെന്നെ നയിക്കുന്നു. പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്ക് സ്വീകരിക്കും” (സങ്കീർത്തനങ്ങൾ 73:24). തന്റെ തിരുരക്തം വിലയായി നല്കി നമ്മെ വീണ്ടെടുത്ത ഈശോ, പരിശുദ്ധാത്മാവിനാൽ നമ്മെ നയിക്കുകയും മഹത്വത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ദാവീദ് വീണ്ടും അവലോകനം ചെയ്യുന്നു: ”മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നത് കർത്താവാണ്. തനിക്ക് പ്രീതികരമായി ചരിക്കുന്നവനെ അവിടുന്ന് സുസ്ഥിരനാക്കും. അവൻ വീണേക്കാം, എന്നാൽ അതു മാരകമായിരിക്കുകയില്ല; കർത്താവ് അവന്റെ കൈയിൽ പിടിച്ചിട്ടുണ്ട്” (സങ്കീർത്തനങ്ങൾ 37:23-24).

പിതൃഭവനത്തിൽ നമ്മെ കാത്തിരിക്കുന്ന ഈശോ
പല ക്രൈസ്തവരും മരണത്തോടടുക്കുമ്പോൾ വിജയാഹ്ലാദനിർഭരരായി കാണപ്പെടുന്നില്ല. കാരണം, നേടാൻ പോകുന്ന സ്വർഗീയാനന്ദത്തെക്കാളുപരി, നഷ്ടപ്പെടാൻ പോകുന്ന ഭൗമികസമ്പത്തിനെക്കുറിച്ചാണ് അവരുടെ ചിന്ത. ഭൂമിയിലെ സമ്പത്തും ആനന്ദങ്ങളും പരിത്യജിക്കുക എന്ന ചിന്ത ഉൾക്കൊള്ളാൻ അവർക്ക് ഒട്ടും സാധിക്കുന്നില്ല. ഇതിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു ക്രൈസ്തവനെക്കുറിച്ച് വായിച്ചതോർക്കുന്നു. ഒരു മാരകരോഗത്തിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുന്നു എന്ന വസ്തുത ഡോക്ടർ അറിയിച്ചപ്പോൾ, ഡോക്ടർക്ക് നന്ദി പ്രകാശിപ്പിച്ചശേഷം അദ്ദേഹം തുടർന്നു പറഞ്ഞു: സ്വർഗീയപിതാവ് എപ്പോഴാണ് അവിടുത്തെ നിത്യഭവനത്തിലേക്ക് എന്നെ എടുക്കുന്നതെന്ന ചിന്ത എന്റെ ഹൃദയത്തിലും മനസിലുമെല്ലാം തുളുമ്പിനില്ക്കുകയാണ്. സ്വന്തപ്പെട്ടവരെ ഉപേക്ഷിക്കണമല്ലോ എന്ന ചിന്ത ഇല്ലാതില്ല. പക്ഷേ, ഉന്നതങ്ങളിലേക്കുള്ള മനസിന്റെ വലി ലോകബന്ധങ്ങളുടെ വലിയെക്കാൾ വളരെ ശക്തമാണ്.
ഇരുണ്ട തടവറയിൽ വധശിക്ഷ കാത്തുകഴിഞ്ഞിരുന്ന പൗലോസ് വരാൻ പോകുന്ന നിത്യസൗഭാഗ്യത്തെക്കുറിച്ചുള്ള നിർവൃതിയിലായിരുന്നു. ഏതു നിമിഷവും വധിക്കപ്പെടുമെന്ന് അറിയാമായിരുന്ന അദ്ദേഹത്തിന്റെ മനസിൽ വികാരവിചാരങ്ങളൊന്നുമില്ലാതെ സനാതന ശാന്തി തുളുമ്പി നിന്നിരുന്നു. പ്രത്യാശ നിറഞ്ഞ അദ്ദേഹത്തിന്റെ ലിഖിതം ഇവിടെ സ്മരണീയമാണ്: ”കർത്താവ് എല്ലാ തിന്മകളിലും നിന്ന് എന്നെ മോചിപ്പിച്ച് തന്റെ സ്വർഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും” (2 തിമോത്തെയോസ് 4:18). സ്വർഗീയപിതാവും അവിടുത്തെ ഏകജാതനായ ഈശോയും പരിശുദ്ധാത്മാവുമാകുന്ന ത്രിയേക ദൈവത്തോടുള്ള നമ്മുടെ അഗാധമായ സ്‌നേഹബന്ധംവഴി ഉരുത്തിരിയുന്ന ശാന്തിയും സന്തോഷവും അവർണനീയമല്ലേ?

ഹൃദയവാതിലിൽ മുട്ടുന്ന രക്ഷകൻ
വിശുദ്ധ യോഹന്നാന് ലഭിച്ച വെളിപാടിൽ കർത്താവ് നല്കുന്ന നിമന്ത്രണം ശ്രദ്ധിക്കൂ: ”ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും. ഞങ്ങൾ ഒരുമിച്ച് ഭക്ഷിക്കുകയും ചെയ്യും” (വെളി. 3:20). ‘ഒരുമിച്ചു ഭക്ഷിക്കുക’ സാന്ദ്രസൗഹൃദത്തെ നിതാന്തമാക്കുന്നു. നമ്മുടെ ഹൃദയവാതിലിൽ മുട്ടുന്ന ഈശോ നമ്മെ അവിടുത്തോട് ഒന്നാക്കുവാൻ ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതം എത്ര വിലപ്പെട്ടതാണെന്നതിന്റെ സമജ്ഞസമായ തെളിവാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന വലിയ വചനപ്രഘോഷകനായിരുന്നു വാൾട്ടർ ഹിൻസൺ. അദ്ദേഹം ജനിച്ചുവളർന്ന ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഒരു പരിചയക്കാരിയെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്: അവരുടെ പേര് ഗ്രാനിപുഡ്. കുലീനയും സൽസ്വഭാവിയുമായ ഒരു സ്ത്രീയായിരുന്നു അവർ. ഹിൻസൺ ഒരു ദിവസം യാദൃശ്ചികമായി അവരെ കണ്ടുമുട്ടി. എങ്ങോട്ടുപോകുന്നുവെന്ന് അദ്ദേഹം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു, ഞാൻ ഏറെ പ്രായം ചെന്ന ദരിദ്രയായ ഒരു സ്ത്രീയെ കാണാൻ പോകുകയാണ്. ആ സ്ത്രീയുടെ പേരും അവർ പറഞ്ഞു. അവരോടൊപ്പം ചായ കുടിക്കാനും എനിക്കാഗ്രഹമുണ്ട്. ഹിൻസണ് ആ സാധുസ്ത്രീയെ അറിയാമായിരുന്നതുകൊണ്ട് അദ്ദേഹം പറഞ്ഞു, അവരുടെ പക്കൽ ചായപ്പൊടി കാണാൻ സാധ്യതയില്ല. ഉടനെ അവർ അവരുടെ ചെറിയ ബാഗിൽനിന്ന് ഒരു കടലാസുപൊതി എടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു, ചായപ്പൊടി ഇതിലുണ്ട്!
ഗ്രാനിയുടെ പ്രവർത്തനരീതി, ഉന്നതങ്ങളായ ഒട്ടേറെ സത്യങ്ങളിലേക്ക് നമ്മുടെ ചിന്തകളെ തിരിക്കാൻ സഹായിക്കുന്നു. നമ്മുടെ ഹൃദയവാതിലിൽ മുട്ടുന്ന ഈശോയ്ക്ക് നാം നമ്മെത്തന്നെ തുറന്നുകൊടുക്കുമ്പോൾ നമുക്ക് വേണ്ടതെല്ലാം അവിടുന്ന് കൂടെ കൊണ്ടുവരും. ആദിമുതലേ നമുക്കായി കരുതിയിരുന്ന അനന്തനന്മകൾ! അവിടുന്ന് ജീവന്റെ അപ്പമാണ്, നിത്യരക്ഷയുടെ വചനമാണ്. ഭൂമിയിൽ, വഴിയും സത്യവും ജീവനുമായ അവിടുന്നിൽ നാം വ്യാപരിക്കുന്നെങ്കിൽ, സ്വർഗത്തിൽ അവിടുത്തോടൊത്ത് നിത്യവിരുന്നിനിരിക്കാൻ നാം യോഗ്യരായിത്തീരും.

റവ.ഡോ. ഐസക് ആലഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *