അവര്‍ കാരണമാണ് ഞാനങ്ങനെ…

ഭരണങ്ങാനം പള്ളിയുടെ മുന്‍പിലൂടെ യാത്രചെയ്യുമ്പോള്‍ ഡ്രൈവര്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപം ചൂണ്ടി ക്കാണിച്ചുകൊണ്ട് മകളോട് ചോദിച്ചു, ”നമുക്കും ഇതുപോലെ നില്‍ക്കണ്ടേ?”
അവള്‍ പറഞ്ഞു, ”ഒരു ചേട്ടന്‍ എനിക്ക് ഉള്ളതുകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.” അവള്‍ അങ്ങനെ പറയാന്‍ കാരണമുണ്ട്. അവളുടെ കുഞ്ഞുമനസ്സ് ചിന്തിച്ചത് അവളുടെ 95 ശതമാനം പാപങ്ങള്‍ക്കും കാരണം അവളുടെ ചേട്ടന്‍ ആണെന്നായിരുന്നു. ഉദാഹരണത്തിന് ചേട്ടന്‍ അവളെ കളിയാക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരുന്നു, ചീത്ത പറയുന്നു, വഴക്കുകൂടുന്നു. ഈ മൂന്ന് പാപങ്ങള്‍ക്കും കാരണമായത് അവളുടെ ചേട്ടന്‍ ആണല്ലോ.
സത്യത്തില്‍ എന്റെ വിചാരവും അങ്ങനെതന്നെയായിരുന്നു, എന്റെ പാപങ്ങള്‍ക്ക് കാരണം മറ്റുള്ളവരാണെന്ന്. ഒരിക്കല്‍ പള്ളിയില്‍ വച്ച് ഞാന്‍ ഈശോയോട് ഇങ്ങനെ പറഞ്ഞു, ”ഏതെങ്കിലും കാട്ടില്‍ പോയി താമസിക്കുകയാണെങ്കില്‍ ഇത്രയും പാപം ഞാന്‍ ചെയ്യുകയില്ലായിരുന്നു.” പെട്ടെന്ന് എന്റെ ചുറ്റിലുമുള്ള ആളുകള്‍ അപ്രത്യക്ഷമായി!
എല്ലാവരും എവിടെപ്പോയി എന്ന് ചിന്തിച്ച് ചുറ്റും നോക്കിയപ്പോള്‍ യേശു പറഞ്ഞു, ”എല്ലാവരും സ്വര്‍ഗ്ഗത്തില്‍ ഉണ്ട്. നീ മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ. പക്ഷേ നിനക്ക് ഒരിക്കലും തനിയെ സ്വര്‍ഗ്ഗത്തില്‍ കയറാന്‍ സാധിക്കുകയില്ല. അതിനാല്‍ നിനക്ക് വേണ്ടി മാത്രം, നിന്നെ സ്വര്‍ഗ്ഗത്തില്‍ കയറ്റാന്‍ വേണ്ടി മാത്രം, എല്ലാവരെയും തിരിച്ചു താഴെ ഇറക്കുന്നു. കുറച്ചുപേരെ നിനക്ക് കുരിശു തരുന്നവരായിട്ടും കുറച്ചുപേരെ നിന്റെ കുരിശു താങ്ങുന്നവരായിട്ടും. അതുകൊണ്ട് നിനക്ക് ആരെയും പഴി പറയാന്‍ അവകാശമില്ല. നിന്നെ സ്വര്‍ഗ്ഗത്തില്‍ കയറ്റാന്‍ വേണ്ടിമാത്രമാണ് അവര്‍ നിനക്ക് കുരിശു തരുന്നത്. നീ എങ്ങനെ പെരുമാറുന്നു എന്നുമാത്രം നോക്കിയാല്‍ മതി.
ഉദാഹരണത്തിന് സാധാരണ രീതിയില്‍ നിനക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ നിന്റെ ഭര്‍ത്താവോ മക്കളോ പെരുമാറിയാല്‍ നീ അവരെക്കാള്‍ മോശമായി പ്രതികരിക്കും. എന്നിട്ട് എന്റെ അടുത്ത് വന്ന് നീ പരാതിപ്പെടും. അവര്‍ കുറച്ചുകൂടി നല്ലവരായിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെ പെരുമാറേണ്ടി വരില്ലായിരുന്നു. അങ്ങാണ് അവരെ എനിക്ക് നല്‍കിയത്. എനിക്ക് അപ്പോള്‍ ഓര്‍മ്മ വരുന്നത് ഏദന്‍ തോട്ടത്തില്‍ സംഭവിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി ഞങ്ങളോട് ക്ഷമിക്കണമേ എന്ന് അവര്‍ പറഞ്ഞില്ല. പകരം പഴിചാരുകയാണ് ചെയ്തത്.
അതിനാല്‍ ഞാന്‍ നിന്നോടു പറയുന്നു, നിന്റെ കൂടെയുള്ളവര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും എല്ലാ ആദരവോടുംകൂടെ അവര്‍ക്ക് വിധേയമായിരിക്കുവിന്‍. അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വം സഹിച്ചാല്‍ അത് അനുഗ്രഹ കാരണമാകും…. നിങ്ങള്‍ നന്മ ചെയ്തിട്ട് പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാല്‍ അത് ദൈവസന്നിധിയില്‍ പ്രീതികരമാണ്. അതിനായിട്ടാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍ ക്രിസ്തു നിങ്ങള്‍ക്ക് വേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്ക് മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു. അവന്‍ പാപം ചെയ്തിട്ടില്ല. അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല. നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ അവന്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത്. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (1 പത്രോസ് 2:18-24)”
ഞാന്‍ പറഞ്ഞു, ”ഈശോയേ ഞങ്ങളോടു ക്ഷമിക്കണമേ.”
യേശു എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, ”ഇവിടെ നീ നിന്റെ പാപങ്ങള്‍ക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടി കൂടി മാധ്യസ്ഥ്യം വഹിച്ചിരിക്കുന്നു. നിന്റെ തെറ്റുകള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുക. മറ്റുള്ളവരുടെ തെറ്റുകള്‍ അവഗണിക്കുക.”
പ്രാര്‍ത്ഥന
നിത്യപിതാവേ, എന്നോട് തെറ്റു ചെയ്തിട്ടുള്ള എല്ലാവരെയും യേശുവിന്റെ തിരുഹൃദയത്തിലെ മുറിവില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അതുമായി ബന്ധപ്പെട്ട സംഭവവും അതിന്റെ ഓര്‍മ്മകളും എന്റെ ഭാഗം നീതിയാണെന്നുള്ള ചിന്തയും പാടേ ഉപേക്ഷിക്കുന്നതിനുള്ള കൃപ ഞാന്‍ യാചിക്കുന്നു. മാത്രമല്ല, ഞാന്‍ വേദനിപ്പിച്ചവര്‍ക്ക് എന്നോട് ക്ഷമിക്കുന്നതിനുള്ള കൃപയും നല്കണമേ. കുരിശില്‍ കിടന്നുകൊണ്ട് തന്റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച യേശുവിന്റെ പ്രാര്‍ത്ഥനയോട് ചേര്‍ന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു, പിതാവേ ഞങ്ങളോട് ക്ഷമിക്കണമേ. ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *