എന്നും മംഗളവാര്‍ത്തക്കാലം

ബാംഗ്ലൂരിലെ ഐ.ടി കമ്പനി ജോലിക്കാരാണ് ആ യുവദമ്പതികള്‍. വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ല. പലതവണ പ്രഗ്നന്റായെങ്കിലും രണ്ടുമൂന്നു മാസത്തിനുള്ളില്‍ അബോര്‍ട്ടായിപ്പോവുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ അമ്മ ബാംഗ്ലൂരിലെത്തി കൂടെ താമസമാക്കിയപ്പോഴാണ് കാരണം മനസിലായത്.

ജോലിയുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ എല്ലാ അവധിദിവസങ്ങളിലും ഇരുവരും ‘കറങ്ങാന്‍’ പോകും. അതാകട്ടെ ‘മിന്നിപ്പറക്കും’ വേഗത്തില്‍ ബൈക്കിലും. ഗര്‍ഭിണിയായിക്കഴിഞ്ഞിട്ടും ഇതിനൊരു മാറ്റവും ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് കാര്യം പിടികിട്ടി, മോളുടെ ബൈക്ക് യാത്രയും ‘കറക്ക’വും പുറത്തെ ഭക്ഷണവുമെല്ലാം നിര്‍ത്തലാക്കി. അമ്മ പാകംചെയ്യുന്ന, നിര്‍ദേശിക്കുന്ന ഭക്ഷണംമാത്രമേ കഴിക്കാന്‍ അനുവദിച്ചുള്ളൂ. മോള്‍ക്കും ഉദരത്തിലെ ശിശുവിനും ഹാനികരമായതെല്ലാം നിരോധിച്ചു; ആവശ്യമായ പോഷകാഹാരങ്ങള്‍ നിര്‍ബന്ധപൂര്‍വം കഴിപ്പിക്കുകയും ചെയ്തു.

അങ്ങനെ ആ വര്‍ഷംതന്നെ ആരോഗ്യമുള്ളൊരു കുഞ്ഞിനെ അവര്‍ക്ക് ലഭിച്ചു.
ആദ്ധ്യാത്മിക ജീവിതത്തിലും ഇപ്രകാരം സംഭവിക്കാറുണ്ട്. വര്‍ഷങ്ങളായി ഈശോയെ സ്വീകരിച്ചിട്ടും അവിടുത്തെ പൂര്‍ണമായി മറ്റുള്ളവര്‍ക്ക് നല്കാന്‍ നമുക്കു കഴിയാതെപോകുന്നു. ദിവ്യകാരുണ്യത്തില്‍ സ്വീകരിക്കുന്ന ഈശോയെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മറക്കും. പിന്നെ നമുക്കിഷ്ടമുള്ളതുപോലൊക്കെ ജീവിക്കും. ഈശോ ഉള്ളില്‍ ഉണ്ടെന്നോര്‍ക്കാതെ സകല ലൗകികകാര്യങ്ങളിലും മുഴുകും. ഒടുവില്‍, പാപവും ആസക്തികളും പെരുകി, ഈശോയെ ഞെക്കിഞെരുക്കി പുറത്താക്കും. ഇതൊന്നും ഓര്‍മിക്കാതെ വീണ്ടും ഈശോയെ സ്വീകരിക്കും. അശ്രദ്ധമായി ജീവിച്ച് ഈശോയെ വീണ്ടും നഷ്ടമാക്കും.

സാധാരണയായി, പൂര്‍ണവളര്‍ച്ചയെത്തിയ ഒരു കുഞ്ഞിന് ജന്മം നല്കണമെങ്കില്‍, കുഞ്ഞ് ഉദരത്തില്‍ രൂപപ്പെടുമ്പോള്‍ മുതല്‍ അതീവ ജാഗ്രതയും കരുതലും വേണം. കുഞ്ഞ് ഉദരത്തില്‍നിന്നും നഷ്ടമാകാത്തവിധം ജീവിതശൈലിയും ഭക്ഷണവുമെല്ലാം ക്രമീകരിക്കണം. അതുപോലെ ഹൃദയത്തില്‍ സ്വീകരിച്ച ഈശോ നമ്മില്‍ വളരാന്‍ തക്കവിധം അനുകൂലമായ സാഹചര്യം നാംതന്നെ ക്രമപ്പെടുത്തേണ്ടതുണ്ട്. ഈശോ നമുക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള എല്ലാക്കാര്യങ്ങളും നാം വര്‍ജിക്കണം. അവിടുത്തേക്ക് ഇഷ്ടമല്ലാത്ത സാഹചര്യങ്ങളില്‍നിന്നും പ്രവൃത്തികളില്‍നിന്നും മനോഭാവങ്ങളില്‍നിന്നും ബോധപൂര്‍വം പിന്തിരിയണം. ഈശോ ഉള്ളില്‍ ഉണ്ട് എന്ന ബോധ്യത്തോടെ ആയിരിക്കണം നമ്മുടെ മുഴുവന്‍ വ്യാപാരങ്ങളും.

കൂദാശകള്‍ അടുക്കലടുക്കല്‍ സ്വീകരിച്ചും പ്രാര്‍ത്ഥനകളും പുണ്യപ്രവൃത്തികളും സ്‌നേഹപ്രകരണങ്ങളും ഉപവാസവും നോമ്പും അനുഷ്ഠിച്ചും ഈശോ നമ്മില്‍ വളരാന്‍ ആവശ്യമായ പോഷകങ്ങളും ഔഷധങ്ങളും നല്കണം. കൂടെക്കൂടെയുള്ള മെഡിക്കല്‍ പരിശോധനപോലെ ധ്യാനങ്ങളിലും പരിശുദ്ധാത്മാവിന്റെ വരങ്ങളുപയോഗിച്ചുള്ള കൗണ്‍സലിങ്ങിലും മറ്റ് പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പങ്കെടുത്ത് ഈശോ നമ്മില്‍ എത്രമാത്രം വളര്‍ന്നു എന്ന് പരിശോധിക്കുകയും അവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്.

എല്ലാറ്റിനുമുപരി, ഉളളില്‍ വസിക്കുന്ന അവിടുത്തോടൊപ്പം എപ്പോഴും ആയിരിക്കുക, നിരന്തരം സംസാരിക്കുക, സന്തോഷിപ്പിക്കുക, സ്‌നേഹം പ്രകടിപ്പിക്കുക, അവിടുത്തെ സ്‌നേഹം സ്വീകരിക്കുക, അവിടുത്തെ ഇഷ്ടങ്ങള്‍ അറിഞ്ഞ് വര്‍ത്തിക്കുക, മണിക്കൂറുകള്‍ അവിടുത്തോടൊപ്പം മാത്രം ചെലവിടുക എന്നിവയ്‌ക്കൊക്കെ ഏറെ പ്രധാന്യമുണ്ട്. ”അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം” (യോഹന്നാന്‍ 3:30). അതിന് എന്നെത്തന്നെ കുറച്ചുകുറച്ചുകൊണ്ടുവരണം.

അപ്പോള്‍ ഈശോ നമ്മില്‍ പൂര്‍ണമായും വളരുകയും അവിടുത്തെ പൂര്‍ണമായും മറ്റുള്ളവര്‍ക്ക് നല്കാന്‍ നമുക്ക് സാധിക്കുകയും ചെയ്യും. അങ്ങനെ നാം മുഖാന്തിരം അനേകര്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ഇടയാകും; നമ്മുടെ പ്രതിഫലവും സന്തോഷവും വര്‍ധിക്കുകയും ചെയ്യും.

മറിച്ച്, ഈശോയെ നമ്മില്‍ വളരാന്‍ അനുവദിക്കാതെ, സ്വീകരിക്കുമ്പോള്‍ത്തന്നെ നഷ്ടപ്പെടുത്തിയാല്‍ നമുക്കൊരിക്കലും ക്രിസ്തുമസിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല, എന്നും മംഗളവാര്‍ത്തക്കാലത്തുമാത്രം ജീവിക്കാനേ കഴിയൂ. ഈശോ നമ്മില്‍നിന്നും നഷ്ടമാകാതെ സംരക്ഷിച്ച് വളര്‍ത്താന്‍ ഏറ്റം സഹായമേകുന്ന പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം നമുക്ക് പ്രാര്‍ത്ഥിക്കാം.


പരിശുദ്ധ ദൈവമാതാവേ, അവിടുന്ന് ഈശോയെ ഉദരത്തിലും ഹൃദയത്തിലും വളര്‍ത്തി ലോകത്തിന് നല്കിയതുപോലെ ഈ ക്രിസ്തുമസ് നാളില്‍ ഞങ്ങളിലും ഈശോയെ വളര്‍ത്തണമേ, ആമ്മേന്‍.

എല്ലാ വായനക്കാര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍…

Leave a Reply

Your email address will not be published. Required fields are marked *