ഒരു സോഷ്യല്‍ മീഡിയ സംശയം

ഞാനൊരു കോളേജ് വിദ്യാര്‍ത്ഥിയാണ്. ഫേസ്ബുക്കില്‍ ഇടയ്ക്കിടക്ക് പോസ്റ്റുകള്‍ ഇടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പോയ ടൂറിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതു കണ്ട് ഒരു കൂട്ടുകാരിയുടെ അപ്പന്‍ അവളെ വഴക്ക് പറഞ്ഞു. അതിനാല്‍ ഇനി അവളുള്‍പ്പെടുന്ന ഫോട്ടോകളൊന്നും ഇടരുതെന്നാണ് അവള്‍ പറഞ്ഞിരിക്കുന്നത്. ഈയൊരു സംഭവം കാരണം കുറച്ചു ദിവസങ്ങളിലേക്ക് ഞാന്‍ ഫേസ്ബുക്ക് ഉപയോഗിച്ചില്ല. എങ്കിലും അത് ഉപേക്ഷിക്കാനും തോന്നുന്നില്ല. എന്നെപ്പോലുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ എങ്ങനെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും?

രോഹിത് ജോസ്, കോഴിക്കോട്

 

ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍, വാര്‍ത്തകള്‍, ആശയങ്ങള്‍, വ്യക്തിപരമായ സന്ദേശങ്ങള്‍, ഫോട്ടോ, വീഡിയോ തുടങ്ങിയവ സൃഷ്ടിക്കുവാനും പങ്കുവയ്ക്കുവാനും സാധിക്കുന്ന ഇലക്‌ട്രോണിക്‌സ് അധിഷ്ഠിതമായ ആശയവിനിമയ സംവിധാനങ്ങളെയാണ് സോഷ്യല്‍ മീഡിയ എന്ന് പറയുന്നത്. നമുക്ക് സുപരിചിതമായ സോഷ്യല്‍ മീഡിയ മാര്‍ഗങ്ങളാണ് ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ട്വിറ്റര്‍, യുട്യൂബ്, സ്‌കൈപ്പ് തുടങ്ങിയവ.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇവിടെ ചോദ്യകര്‍ത്താവിനെ പ്രയാസപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും. അതിനു കാരണവും ഈ ചോദ്യകര്‍ത്താവ് പറയുന്നുണ്ട്. അതില്‍നിന്നും നമുക്ക് ചിലത് മനസിലാകുന്നു. അതില്‍ ഏറ്റവും പ്രധാനം പോസ്റ്റ് ചെയ്ത ഫോട്ടോ എങ്ങനെയുള്ളതാകാം എന്നതാണ്. കൂട്ടുകാര്‍ കൂടി ടൂര്‍ പോകുമ്പോള്‍ ചിലപ്പോള്‍ പല വേഷത്തിലും പോസിലും ഫോട്ടോകള്‍ എടുത്തുവെന്ന് വരും. അങ്ങനെയുള്ള ഫോട്ടോകള്‍ ബന്ധപ്പെട്ട ആളുടെ അനുവാദം പോലും ഇല്ലാതെ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നത് നല്ലതല്ല. അത് അപകടകരവും ആകാം.

ഒരു മാറ്റര്‍ അഥവാ ഫോട്ടോ പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ അത് എത്ര പേരില്‍ എത്തും എന്ന് പറയാന്‍ കഴിയില്ല. എത്രപേര്‍ അത് ഷെയര്‍ ചെയ്യും എന്നും പറയാന്‍ കഴിയില്ല. ചിലരെങ്കിലും അതിലെ ഫോട്ടോ എടുത്ത് കൃത്രിമം കാണിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പോസ്റ്റ് ചെയ്തവ നമ്മള്‍ പിന്‍വലിച്ചാല്‍പോലും ഫലം ഉണ്ടാകണമെന്നില്ല. കാരണം അതിനുമുമ്പേ അവ ഷെയര്‍ ചെയ്ത് പോയിട്ടുണ്ടാകാം. ഷെയര്‍ ചെയ്തവ നീക്കിക്കളയാന്‍ നമുക്ക് സാധിക്കുകയില്ലല്ലോ. അത് തിരിച്ചറിയുന്നതുകൊണ്ടാണ് പല സ്ത്രീകളും അവരുടെ ഫേസ്ബുക്ക് പേജില്‍ സ്വന്തം ഫോട്ടോപോലും കൊടുക്കാത്തത്.

അതിനാല്‍ ഒരു വ്യക്തിക്ക് അപമാനം ഉണ്ടാകാവുന്നതോ മറ്റുള്ളവര്‍ ദുരുപയോഗപ്പെടുത്തുവാന്‍ സാധ്യത ഉള്ളതോ ആയ വാര്‍ത്തകളോ ഫോട്ടോകളോ ഒന്നും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. അശ്ലീലം, വ്യക്തിഹത്യ, മതനിന്ദ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതും അപമാനം, കലഹം, സമുദായ സംഘര്‍ഷം, മതസംഘര്‍ഷം തുടങ്ങിയവ ഉണ്ടാക്കാവുന്നതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്. ഇതൊക്കെ കുറ്റകരമാണ്. ആരും കേസിനൊന്നും പോയില്ലെങ്കില്‍പ്പോലും ഇവ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും പരിക്കുകള്‍ ഉണ്ടാക്കും.

പകരം, നല്ല ആശയങ്ങളും ദൃശ്യങ്ങളും പങ്കുവയ്ക്കാം. നല്ല വാര്‍ത്തകള്‍ പങ്കുവയ്ക്കാം. പൊതുവിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താം. നല്ല ചിന്തകള്‍, പ്രോത്സാഹജനകമായ കാര്യങ്ങള്‍, ദൈവവചനം, ആത്മീയ ചിന്തകള്‍ തുടങ്ങിയവ പങ്കുവയ്ക്കാം. സുഹൃത്തുക്കളുമായി ബന്ധപ്പെടാം. പുതിയ സുഹൃത്തുക്കളെ കണ്ടെത്താം. സാധന-സേവനങ്ങള്‍ പരിചയപ്പെടുത്താം. അറിവ് നേടാം. ഇങ്ങനെ നിരവധി നല്ല കാര്യങ്ങള്‍ക്കുവേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗിക്കാം. അതിനാല്‍ സോഷ്യല്‍ മീഡിയ ഇനിയുള്ള കാലത്ത് ഉപയോഗിക്കേണ്ട എന്ന് പറയാന്‍ കഴിയില്ല. വിവേകത്തോടുകൂടി, ഉത്തരവാദിത്വ ബോധത്തോടുകൂടി, ഉപയോഗിക്കുകയാണ് വേണ്ടത്.

സമൂഹത്തെ പാപത്തിലേക്കും തിന്മയിലേക്കും തെറ്റിദ്ധാരണയിലേക്കും സാമുദായിക-മതവൈരത്തിലേക്കും മറ്റും നയിക്കുവാനും വ്യക്തിഹത്യ നടത്തുവാനും സമുദായങ്ങളെ താറടിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുവേണ്ടി ബോധപൂര്‍വം ഉണ്ടാക്കപ്പെട്ട സ്‌കാഡുകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പറയുന്നു. അവരുടെ മാതൃക നമുക്ക് സ്വീകാര്യമല്ല. അവരുടെ കെണിയില്‍ പെട്ടുപോകുകയുമരുത്.

മറ്റൊരു പ്രധാനകാര്യം കൂടിയുള്ളത് അമിതമായി നമ്മുടെതന്നെ ചിത്രങ്ങളും വീഡിയോകളുമൊന്നും സോഷ്യല്‍മീഡിയായില്‍ നിറയ്ക്കരുത്. വീട്ടില്‍ ഒരു കറിയുണ്ടാക്കിയാല്‍, ഒരു പുതിയ വസ്ത്രം ധരിച്ചാല്‍, ഉടനെ അതിന്റെ ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിലും മറ്റും നല്കി മറ്റുള്ളവരെ ബോറടിപ്പിക്കുന്നവരുണ്ട്. അത് മറ്റുള്ളവരുടെ മുമ്പില്‍ നമ്മുടെ വില കളയാനേ ഉപകരിക്കുകയുള്ളൂ. എന്നാല്‍ മിതമായി നമ്മുടെതന്നെ ഫോട്ടോകള്‍ നല്കുന്നതിലും ജീവിത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെപ്പറ്റിയുള്ള പോസ്റ്റുകള്‍ നല്കുന്നതിലും അപാകതയൊന്നുമില്ല. വിവേകത്തോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു വഴി ആരോഗ്യകരമായ വ്യക്തിത്വം നമുക്ക് പ്രകടിപ്പിക്കാം.


ഫാ. ജോസഫ് വയലില്‍ സി.എം.ഐ.

Leave a Reply

Your email address will not be published. Required fields are marked *