തെങ്ങിന്‍തൈയിലെ ആത്മീയത

ഒരു തെങ്ങിന്‍തൈ നട്ടിട്ട് ആരംഭത്തില്‍ കര്‍ഷകന്‍ വളരെയേറെ അധ്വാനിക്കുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുന്നു. കൃമികീടങ്ങളില്‍നിന്നും കന്നുകാലികളില്‍നിന്നും വെയിലില്‍നിന്നും എല്ലാം അതിനെ സംരക്ഷിക്കണം. വളവും വെള്ളവും സമയാസമയത്ത് നല്‍കണം, കള പറിക്കണം, കേടു വന്നാല്‍ മരുന്നു തളിക്കണം.

എന്നാല്‍ തൈ വളരുന്നതിനനുസരിച്ച് കര്‍ഷകന്റെ അധ്വാനം കുറഞ്ഞുകുറഞ്ഞു വരുന്നു. കുറെ വര്‍ഷങ്ങളാകുമ്പോള്‍ ഓല മൂത്ത്, ചുവട് വിരിഞ്ഞ് തൈ മരമാകുന്നു. ഇതുവരെ അങ്ങോട്ടു സ്വീകരിച്ചുകൊണ്ടിരുന്ന തൈ കര്‍ഷകന് തിരികെ നല്‍കിത്തുടങ്ങുന്നു. കരിക്കും തേങ്ങയും മടലും ചൂട്ടും തൊണ്ടും ചകിരിയും ചിരട്ടയും ഈര്‍ക്കിലും വിറകുമെല്ലാം അത് കൊടുക്കുന്നു. ഇതുവരെ കന്നുകാലികളെ മരത്തിന് ഭയമായിരുന്നുവെങ്കില്‍, അതേ കന്നുകാലികളെ ഇപ്പോള്‍ തെങ്ങിന്റെ തടിയില്‍ കെട്ടുന്നു.

ആധ്യാത്മിക ജീവിതത്തിനും ഇതുമായി സാമ്യമുണ്ട്. ആരംഭത്തില്‍ നാം വളരെ ത്യാഗങ്ങള്‍ സഹിച്ച് പ്രാര്‍ത്ഥിക്കാന്‍ പരിശ്രമിക്കണം. എന്നാല്‍ വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് അധ്വാനവും ത്യാഗവും കുറയുകയും ഇങ്ങോട്ട് തിരികെ ലഭിക്കുകയും ചെയ്യുന്നു. ഏറ്റവും പക്വമായ അവസ്ഥയില്‍ നിസാര അധ്വാനംകൊണ്ട് വളരെ സമൃദ്ധമായ ഫലം നമുക്ക് ലഭിക്കുന്നു. സാധാരണ ആപത്തുകളൊന്നും ആധ്യാത്മിക ജീവിതത്തിന് തടസമായി വരുന്നില്ലെന്നു മാത്രമല്ല, ആ സാഹചര്യങ്ങളെപ്പോലും മാറ്റുവാനും നാം പര്യാപ്തരായിത്തീരുന്നു.

Leave a Reply

Your email address will not be published. Required fields are marked *