നന്മകളും മഞ്ഞുവീഴ്ചകളും

‘ക്രിസ്ത്യന്‍ വര്‍ക്കേഴ്‌സ്’ എന്നൊരു മാസികയില്‍ വായിച്ച, ഒരു അമേരിക്കന്‍ യുവാവിന്റെ കഥയുണ്ട്. ദൈവവിശ്വാസിയും സഭാകാര്യങ്ങളില്‍ തല്‍പരനുമായിരുന്ന ആ യുവാവ് പീച്ചു പഴങ്ങള്‍ കൃഷിചെയ്യാനാരംഭിച്ചു. തന്റെ മുഴുവന്‍ സമ്പത്തും കഴിവുകളും അയാള്‍ അതിനായി മാറ്റിവച്ചു.

വളരുന്ന പീച്ചു മരങ്ങള്‍ കണ്ട് ആ യുവാവ് സന്തോഷിച്ചു. അവയിലെല്ലാം പഴങ്ങള്‍ സമൃദ്ധമായി ഉണ്ടാകുന്നതും അത് വിറ്റ് താന്‍ വലിയ സമ്പത്തിന്റെ ഉടമയാകുന്നതും അയാള്‍ പലപ്പോഴും ഭാവനയില്‍ കണ്ടു. ഓരോ ദിവസവും അദ്ദേഹം മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, ”ദൈവമേ….. എന്റെ പീച്ചു കൃഷിയെ അനുഗ്രഹിക്കണമേ.”

പക്ഷേ, പെട്ടന്നാണത് സംഭവിച്ചത്. ഒരു രാത്രിയില്‍ അതികഠിനമായ മഞ്ഞുവീഴ്ചയുണ്ടായി. ആ യുവാവ് നട്ടുവളര്‍ത്തിയ പീച്ചുതൈകളെല്ലാം മഞ്ഞിനടിയിലായി നശിച്ചുപോയി.

അടുത്ത ഞായറാഴ്ച ആ യുവാവ് പള്ളിയില്‍ വന്നില്ല. അതിനടുത്ത ഞായറാഴ്ചയും യുവാവിനെ പള്ളിയില്‍ കണ്ടില്ല. അവിടുത്തെ വികാരി അത് ശ്രദ്ധിച്ചു. അദ്ദേഹം യുവാവിനെ കാണുവാനായി ചെന്നു. വികാരവിക്ഷുബ്ധനായ യുവാവ് ഇങ്ങനെ പറഞ്ഞു: ”ഞാനിനി പള്ളിയിലേക്കില്ല. ഇത്തരം ഒരു ദൈവത്തെ എനിക്ക് ആരാധിക്കുവാന്‍ സാധിക്കുകയില്ല. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കൃഷിയാരംഭിച്ചത്. നല്ല വിളവുകിട്ടിയാല്‍ കാര്യമായ ഒരു തുക സഭാശുശ്രൂഷയ്ക്കായി നല്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ദൈവം മഞ്ഞുവീഴ്ച തടഞ്ഞില്ല. എന്റെ പീച്ചുമരങ്ങളെല്ലാം നശിച്ചു. എനിക്കിനി ഈ ദൈവത്തെ വേണ്ട.

” ആ വൈദികന്റെ മറുപടി ഇപ്രകാരമായിരുന്നു: ”നിന്റെ പീച്ചുമരങ്ങളെക്കാളേറെയായി നിന്നെയാണ് ദൈവം സ്‌നേഹിക്കുന്നത്. മഞ്ഞുവീഴ്ചയില്ലാത്തപ്പോഴാണ് പീച്ചു പഴങ്ങള്‍ ധാരാളം ഉണ്ടാകുന്നത്. എന്നാല്‍ മനുഷ്യജീവിതത്തില്‍ നന്മകള്‍ വളരുന്നതിന് മഞ്ഞുവീഴ്ചകള്‍ അത്യാവശ്യമാണ്. ഇത് ദൈവത്തിനറിയാം. അവിടുത്തെ ലക്ഷ്യം മനുഷ്യന്റെ വിശുദ്ധീകരണവും വളര്‍ച്ചയുമാണ്. അല്ലാതെ പീച്ചുമരങ്ങള്‍ വളര്‍ത്തുകയല്ല.”

ബെന്നി പുന്നത്തറ രചിച്ച ‘സാമ്പത്തിക പുരോഗതിയുടെ സുവിശേഷം’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള ഭാഗമാണ് മേലുദ്ധരിച്ചത്.ചിലര്‍ എന്തുചെയ്താലും അതെല്ലാം പരാജയത്തില്‍ അവസാനിക്കുന്നു. കഠിനമായി അധ്വാനിച്ചിട്ടും പലര്‍ക്കും സാമ്പത്തികമായി ഉയരുവാന്‍ കഴിയുന്നില്ല. വേറെ ചിലര്‍ക്ക് എത്ര പണം കൈയില്‍ വന്നാലും ഉടനടി അത് കൈവിട്ടുപോകും. ഇതിന്റെയെല്ലാം കാരണമെന്താണ്?

ആരാണ് സമ്പന്നന്‍? എങ്ങനെയാണ് സമ്പന്നനാകാന്‍ കഴിയുക? കടക്കെണിയില്‍നിന്നും എങ്ങനെ മോചനം നേടാന്‍ കഴിയും? സമ്പത്തും ഒരാളുടെ ആത്മീയതയുമായുള്ള ബന്ധം എന്താണ്? ദാരിദ്ര്യം ഒരു തിന്മയാണോ? വ്യക്തിത്വവികസനവും സാമ്പത്തിക പുരോഗതിയും തമ്മില്‍ ബന്ധമുണ്ടോ? തുടങ്ങി നിങ്ങളുടെ ആത്മീയ-ഭൗതിക കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന ദൈവികദര്‍ശനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

Leave a Reply

Your email address will not be published. Required fields are marked *