പലവിചാരത്തിന് ഒരു ആന്റിവൈറസ്

ആല്‍പ്‌സിലെ ഒരു ആശ്രമത്തില്‍ ധ്യാനിപ്പിക്കാന്‍ പോവുകയായിരുന്നു വിശുദ്ധ ബര്‍ണാര്‍ദ്. കോവര്‍കഴുതപ്പുറത്ത്, നിശബ്ദനായി താഴേക്കുനോക്കി പ്രാ ര്‍ത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹത്തോട് ഒരു സാധുകര്‍ഷകന്‍ ചോദിച്ചു, ‘അങ്ങ് എന്താണ് താഴേക്ക് മാത്രം നോക്കിയിരിക്കുന്നത്?’ ‘എല്ലാ കാഴ്ചകളും കണ്ടുകൊണ്ടിരുന്നാല്‍ ഏകാഗ്രമായി പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല’ -വിശുദ്ധന്‍ പറഞ്ഞു. ‘ഈ ചുറ്റുപാടുകളൊക്കെ എത്ര മനോഹരമാണ്? ചേതോഹരമായ പ്രകൃതിഭംഗി ആസ്വദിച്ചും ഏകാഗ്രമായി പ്രാര്‍ത്ഥിക്കാമല്ലോ’ എന്നായി കര്‍ഷകന്‍. ‘എങ്കില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ശ്രദ്ധപതറാതെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ ഈ കഴുതയെ നിങ്ങള്‍ക്ക് സമ്മാനമായി നല്കാം’- വിശുദ്ധന്‍ വാക്കുനല്കി.

സാധു കര്‍ഷകന്‍ ആ വെല്ലുവിളി ഏറ്റെടുത്തു പ്രാര്‍ത്ഥിക്കാനാരംഭിച്ചു. ‘സ്വര്‍ഗസ്ഥനായ …. അങ്ങയുടെ തിരുമനസ്… അല്ല ഗുരോ, കഴുതയോടൊപ്പം കടിഞ്ഞാണും ജീനിയും തരുമോ?’ ബര്‍ണാര്‍ദ് സ്‌നേഹത്തോടെ പുഞ്ചിരിച്ചു. ഒരു ചെറിയ പ്രാര്‍ത്ഥനപോലും ശ്രദ്ധിച്ച് ചൊല്ലാന്‍ സാധിക്കാത്തതോര്‍ത്ത് കര്‍ഷകനും നിഷ്‌കളങ്കമായി ചിരിച്ചു.

പ്രാര്‍ത്ഥനയില്‍ പലവിചാരം അഥവാ ഏകാഗ്രതയില്ലായ്മ എല്ലാവരുടെയും പ്രശ്‌നമാണ്; പ്രാര്‍ത്ഥിക്കുന്ന സകലരും ഇതിനെതിരെ യുദ്ധത്തിലുമാണ്. ജയിച്ചും തോറ്റും പൊരുതിത്തളരുമ്പോള്‍ വിശുദ്ധരുടെ പ്രാര്‍ത്ഥനാ ജീവിതത്തെനോക്കി, ഒരിക്കലെങ്കിലും അവരെപ്പോലെ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കാറുമുണ്ട്. മണിക്കൂറുകള്‍ നിശബ്ദമായി ദൈവത്തെമാത്രം ധ്യാനിച്ചും മറ്റുചിലപ്പോള്‍ ചുറ്റുപാടുകളെപ്പോലും മറന്ന് ദൈവത്തില്‍ ലയിച്ച് ‘എക്‌സറ്റസി’ പോലുള്ള അവസ്ഥകളിലായിരിക്കുകയും സദാ സമയവും- ജോലിത്തിരക്കിലും, മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോഴുമെല്ലാം -ദൈവത്തോടു സംസാരിക്കുകയും അവിടുത്തെ ശ്രവിക്കുകയും ദൈവത്തില്‍ ലയിച്ചു ജീവിക്കുകയും ചെയ്യുന്നതുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തും.

എന്നാല്‍ ഇവരുടെ ചരിത്രം പരിശോധിച്ചാല്‍ പലവിശുദ്ധരും പ്രാരംഭനാളുകളില്‍ ഏകാഗ്രമായി പ്രാര്‍ത്ഥിക്കുവാന്‍ വളരെ സ്ട്രഗിള്‍ ചെയ്തിരുന്നു എന്ന് കാണാന്‍ കഴിയും. പ്രാര്‍ത്ഥനയുടെ ഏഴാം സദനംവരെ ഉയര്‍ന്ന വിശുദ്ധ അമ്മത്രേസ്യയും ഈശോയുടെ തിരുഹൃദയത്തിന്റെ മധ്യസ്ഥ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കുമെല്ലാം ആദ്യകാലങ്ങളില്‍ പലവിചാരമകറ്റാന്‍ മാത്രം കഠിനപ്രായശ്ചിത്തപ്രവൃത്തികള്‍ അനുഷ്ഠിച്ചവരാണ്. എന്നാല്‍ പിന്നീട് അവര്‍ക്ക് ഏറ്റവും എളുപ്പമുള്ളതും ഇഷ്ടകരവും പ്രാര്‍ത്ഥനമാത്രമായി മാറി. അതെങ്ങനെയെന്ന് കണ്ടെത്തിയാല്‍ നമ്മുടെ യുദ്ധവും അവസാനിപ്പിക്കാം; പലവിചാരങ്ങളില്ലാതെ, ദൈവമെന്ന ഒരേ വിചാരത്തില്‍ എല്ലായ്‌പ്പോഴും ആയിരിക്കാന്‍ കഴിയുകയും ചെയ്യും.

പലവിചാരമെന്ന വൈറസുകളെ നശിപ്പിച്ച്, ആദ്ധ്യാത്മികതയുടെ ഉന്നതിപ്രാപിക്കാന്‍ വിശുദ്ധര്‍ തങ്ങളുടെ ജീവിതത്തില്‍ പരീക്ഷിച്ച് കണ്ടെത്തിയ ആന്റിവൈറസാണ് ദൈവസ്‌നേഹം. ദൈവത്തോടുള്ള സ്‌നേഹത്തില്‍ വളരുന്നതിനാനുപാതികമായി പ്രാര്‍ത്ഥനയിലും വളരും. അതുപോലെ മറിച്ചും- പ്രാര്‍ത്ഥനയില്‍ പുരോഗമിക്കുന്നതിനനുസരിച്ച് ദൈവസ്‌നേഹത്തിലും ഉന്നതി പ്രാപിച്ചുകൊണ്ടിരിക്കും.

നാം ഏറ്റവുമധികം ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയെക്കുറിച്ചായിരിക്കും എല്ലായ്‌പ്പോഴും നമ്മുടെ ചിന്ത. മറ്റെന്തെല്ലാം കാര്യങ്ങളും പ്രശ്‌നങ്ങളും ഉണ്ടായാലും മനസ് സദാ നമ്മുടെ സ്‌നേഹവിഷയത്തില്‍ ഉടക്കിക്കിടക്കും. ആ സ്‌നേഹവിഷയം ദൈവമാണെങ്കില്‍ പിന്നെ മറ്റു വിചാരങ്ങളൊന്നുമുണ്ടാകില്ല, ദൈവവിചാരം മാത്രം, എല്ലായ്‌പ്പോഴും അവിടുത്തോടൊപ്പം ആയിരിക്കുകയും ചെയ്യും. അതാണല്ലോ നിരന്തരമായ പ്രാര്‍ത്ഥന.
അങ്ങനെയെങ്കില്‍ പ്രാര്‍ത്ഥിക്കാനായി മാത്രമായിരിക്കുമ്പോഴും ദൈവത്തോടുകൂടെ ആയിരിക്കുക വളരെ എളുപ്പമാണല്ലോ;

മാത്രമല്ല അവിടുത്തോടുകൂടെ ആയിപ്പോവുകയും ചെയ്യും. സ്‌നേഹിക്കുന്നവരോട് നാം എല്ലാക്കാര്യങ്ങളും പറയും; ഓര്‍മയില്‍ വരുന്നതെല്ലാം. അവര്‍ പറയുന്നത് കേള്‍ക്കും. ഇനി ഒന്നും പറയാനില്ലെങ്കില്‍ ആ സ്‌നേഹസാന്നിധ്യത്തില്‍ ലയിച്ചിരിക്കും. ഇതുതന്നെയല്ലേ പ്രാര്‍ത്ഥനയും ധ്യാനവും എക്സ്റ്റസിയുമൊക്കെ. അതിനാല്‍ ദൈവത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസോടുംകൂടെ സ്‌നേഹിക്കുക (മത്തായി 22:37). അപ്പോള്‍ പ്രാര്‍ത്ഥനയായിരിക്കും മറ്റെന്തിലും ഏറ്റം ആസ്വാദ്യകരവും എളുപ്പവും.

ദൈവസ്‌നേഹത്തില്‍ നമ്മെ വളര്‍ത്തുന്നത് പരിശുദ്ധാത്മാവാണ്. ”നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5:5). തന്മൂലം പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

പ്രിയ പരിശുദ്ധാത്മാവേ, ദൈവസ്‌നേഹത്തില്‍ നിരന്തരം എന്നെ വളര്‍ത്തണമേ, ദൈവത്തെ ആഴത്തില്‍ സ്‌നേഹിച്ച് അവിടുത്തോട് സദാ ഐക്യപ്പെട്ട് പ്രാര്‍ത്ഥനയിലായിരിക്കാന്‍ എന്നെ സഹായിച്ചാലും, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *