ഫേസ്ബുക്കും പരിശുദ്ധ കുര്‍ബാനയും

അടുപ്പമുള്ള ഒരു ചേട്ടനുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം തന്റെ വിഷമം പങ്കുവച്ചു. അയല്‍ക്കാരന്റെ മകളുടെ കല്യാണത്തിന് മുമ്പ് അദ്ദേഹത്തിന് നല്കാനുള്ള ഒരു ലക്ഷം രൂപ കൊടുക്കണം. പെണ്‍മക്കളുടെ കല്യാണവും പഠനവുമൊക്കെയായി എട്ടു ലക്ഷം രൂപയോളം ഇപ്പോള്‍ത്തന്നെ കടമുള്ളതിനാല്‍ എവിടെനിന്നും പണം കണ്ടെത്താന്‍ സാധ്യതയുമില്ല. അയല്‍ക്കാരന്റെ വീട്ടിലെ കല്യാണത്തിന് ഒരാഴ്ചയോളംമാത്രമേ ഇനി സമയമുള്ളൂ. എനിക്കും പെട്ടെന്ന് അത്രയും വലിയ തുക ഉണ്ടാക്കാന്‍ കഴിയില്ല. അതിനാല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

തുടര്‍ന്ന് ഞാനൊരു കുറിപ്പ് തയാറാക്കി ഫേസ്ബുക്കിലിടാന്‍ തീരുമാനിച്ചു. പിറ്റേന്ന് ചൊവ്വാഴ്ചയായിരുന്നു, ശനിയാഴ്ചയാണ് കല്യാണം. ദിവസങ്ങളായി ദിവ്യബലിയില്‍ ഈ ചേട്ടന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും അന്നത്തെ ദിവ്യബലിയില്‍ കൂടുതല്‍ തീക്ഷ്ണതയോടെയായിരുന്നു പ്രാര്‍ത്ഥന. അതെന്റെ സ്വന്തം ആവശ്യമായി തോന്നി, കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ ദിവ്യബലിയില്‍ പുതുവഴികള്‍ തുറക്കപ്പെടുകയായിരുന്നു.

രാത്രി പത്തു മണിയായപ്പോള്‍ ജീസസ് യൂത്ത് കൂട്ടായ്മയിലൂടെ നാളുകള്‍ക്കു മുമ്പ് എനിക്ക് പരിചയമുള്ള ഒരു സുഹൃത്ത് അയര്‍ലന്റില്‍നിന്ന് വിളിച്ചു. അവര്‍ സമ്പന്നരൊന്നുമല്ലെങ്കിലും ഒരു വര്‍ഷത്തോളമായി ശേഖരിച്ചുവച്ച കര്‍ത്താവിനുള്ള ദശാംശമായ ഒരു ലക്ഷം രൂപ കൈയിലുണ്ട്. ഫേസ്ബുക്കില്‍ കണ്ട കുറിപ്പനുസരിച്ച് അത് തരാനാണ് വിളിച്ചത്. തുടര്‍ന്ന് അടുത്ത രണ്ട് ദിവസങ്ങളിലായി ഒരു ലക്ഷം രൂപ അവര്‍ എന്റെ അക്കൗണ്ടിലേക്കിട്ടു തന്നു. ഞാനത് ആവശ്യക്കാരനായ ചേട്ടനു നല്കി. അവിടുത്തെ കരുണക്ക് എത്ര നന്ദി പറഞ്ഞാലും തീരുകയില്ലല്ലോ!


ജോസ് കുര്യന്‍

Leave a Reply

Your email address will not be published. Required fields are marked *