മരിയസെല്ലിലെ ‘കുഞ്ഞുമാതാവ് ‘

മാഗ്നസ് എന്ന ബനഡിക്‌റ്റൈന്‍ സന്യാസി സുവിശേഷം പകരാനുള്ള കാല്‍നടയാത്രയിലായിരുന്നു. കുറേ ദൂരം മുന്നോട്ടുപോയപ്പോള്‍ മുന്നില്‍ വലിയൊരു പാറ. യാത്ര തുടരാന്‍ മറ്റൊരു വഴിയുമില്ല. എന്നാല്‍ മാഗ്നസ് കുലുങ്ങിയില്ല. പതുക്കെ അവിടെ മുട്ടുകുത്തി. തന്റെ ഭാണ്ഡത്തില്‍നിന്ന് തടിയില്‍ കൊത്തിയുണ്ടാക്കിയ പരിശുദ്ധ ദൈവമാതാവിന്റെ ഒരു കുഞ്ഞുരൂപം പുറത്തെടുത്തു!
അതെടുത്ത് മുന്നില്‍വച്ച് ആ സാധുസന്യാസി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥന നിര്‍ത്തിയപ്പോള്‍ അദ്ദേഹം കണ്ടത് ഒരത്ഭുത കാഴ്ചയാണ്. മുന്നില്‍ ഒരു വഴി രൂപപ്പെട്ടിരിക്കുന്നു! അധികം വൈകാതെ ഒരു വെളുത്ത മരക്കൊമ്പില്‍ അദ്ദേഹം തന്റെ കൈയിലുള്ള രൂപം പ്രതിഷ്ഠിച്ചു. 1157-ലായിരുന്നു ഈ സംഭവം. മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിടത്ത് പിന്നീട് ഒരു ചെറിയ ചാപ്പല്‍ നിര്‍മ്മിക്കപ്പെട്ടു. ഇന്നത് ഔര്‍ ലേഡി ഒഫ് മരിയസെല്‍ എന്നറിയപ്പെടുന്ന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ്. ഓസ്ട്രിയയിലെ വിയന്നയില്‍നിന്നും 80 മൈല്‍ അകലെ ആല്‍പൈന്‍ പര്‍വ്വതനിരയോടുചേര്‍ന്ന് അത് സ്ഥിതി ചെയ്യുന്നു. മാഗ്നസ് പ്രതിഷ്ഠിച്ച വെറും 48 സെന്റിമീറ്റര്‍ ഉയരമുള്ള മാതാവിന്റെ രൂപം ഇപ്പോഴും അവിടെ നമുക്ക് കാണാം.

Leave a Reply

Your email address will not be published. Required fields are marked *