സോനയുടെ കണ്ടുപിടുത്തം

”സിസ്റ്റര്‍, ഞാന്‍ എന്റെ ബര്‍ത്ത്‌ഡേക്ക് അനാഥാലയത്തില്‍ പോയി. അവിടത്തെ അന്തേവാസികള്‍ക്ക് ഭക്ഷണവും കൊടുത്തു.” സണ്‍ഡേ ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ സോന മാത്രം സിസ്റ്ററിന്റെ അടുത്തുനിന്ന് സംസാരിക്കുകയായിരുന്നു. അവള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയാണ് സിസ്റ്റര്‍ റാണി. തലേന്ന് തന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചതിന്റെ വിശേഷങ്ങള്‍ സിസ്റ്ററിനോട് പറയുകയായിരുന്നു അവള്‍.
സിസ്റ്റര്‍ പതുക്കെ സോനക്കുട്ടിയെ തന്നോട് ചേര്‍ത്തുനിര്‍ത്തി. എന്നിട്ട് ചോദിച്ചു, മോളേ, അവിടെപ്പോയിട്ട് നീ അവിടെയുള്ളവരോട് വര്‍ത്തമാനം പറഞ്ഞോ? അവര്‍ക്കൊപ്പം കളിച്ചോ?’

”ഏയ്, ഇല്ല. അവരുടെകൂടെ കളിക്കാനൊന്നും ഞാന്‍ പോയില്ല. എന്റെ നല്ല ഉടുപ്പെല്ലാം കേടായിപ്പോയാലോ?’അനാഥര്‍ക്ക് ഭക്ഷണവും പണവുമൊക്കെ കൊടുത്താല്‍മാത്രം മതി, അവര്‍ക്ക് സ്‌നേഹം ആവശ്യമില്ല എന്ന മട്ടിലാണ് സോനക്കുട്ടിയുടെ ചിന്ത പോകുന്നതെന്ന് സിസ്റ്ററിന് മനസ്സിലായി. അതിനാല്‍ സിസ്റ്റര്‍ അവള്‍ക്ക് ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു, ”മോളവര്‍ക്ക് ഭക്ഷണം കൊടുത്തത് നല്ല കാര്യമാണ്. പക്ഷേ, അവരും നമ്മെപ്പോലെതന്നെയുള്ളവരാണ്. അതിനാല്‍ അവരോടുള്ള സ്‌നേഹംകൊണ്ടാണ് അവര്‍ക്കടുത്തേക്ക് ചെല്ലേണ്ടത്. അല്ലാതെ അനാഥര്‍ക്ക് ഭക്ഷണം കൊടുത്താല്‍ നമുക്ക് അനുഗ്രഹം കിട്ടുമെന്നോര്‍ത്തല്ല.””അതെന്താ അങ്ങനെ?” സോനക്ക് സംശയമായി.

റാണി സിസ്റ്റര്‍ സോനയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, ”മോളേ, ഈശോ പറഞ്ഞത് എളിയവരായ മനുഷ്യര്‍ക്ക് എന്തെങ്കിലും ചെറിയ സഹായം ചെയ്താല്‍ അത് ഈശോയ്ക്ക് ചെയ്തതുപോലെയാണെന്നാണ്. അങ്ങനെയാണെങ്കില്‍ അവര്‍ ഈശോയുടെ പ്രതിരൂപങ്ങളല്ലേ? അപ്പോള്‍ നമ്മള്‍ അവരെ സ്‌നേഹിക്കണോ വേണ്ടയോ?”
റാണിസിസ്റ്ററിന്റെ ചോദ്യം കേട്ടപ്പോഴേ തന്നെ സോനക്കുട്ടിക്ക് കാര്യം മനസ്സിലായി. അവള്‍ പതുക്കെ തലയാട്ടി.
”അല്ല, എന്താ മനസ്സിലായതെന്നു പറയ്…”

സിസ്റ്റര്‍ പിന്നെയും വിടാനുള്ള ഭാവമില്ല. സോനയും വിട്ടുകൊടുത്തില്ല.
”പാവപ്പെട്ടവരെ സഹായിക്കുകയല്ല, സ്‌നേഹിക്കുകയാണ് വേണ്ടത് എന്നു മനസ്സിലായി, സിസ്റ്റര്‍”
അവളുടെ മറുപടി കേട്ട് സിസ്റ്റര്‍ ഞെട്ടിപ്പോയി. പിന്നെ ചിരിച്ചു. സോനയും കൂടെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *