‘അനിമാ ക്രിസ്റ്റി’യുടെ കഥ

ഒരാവര്‍ത്തി കേള്‍ക്കുകയോ വായിക്കുകയോ ചെയ്താല്‍ത്തന്നെ ഹൃദയം ആര്‍ദ്രമാക്കുന്ന പ്രാര്‍ത്ഥനയാണ് ‘മിശിഹായുടെ ദിവ്യാത്മാവേ…’ ലത്തീന്‍ ഭാഷാന്തരത്തില്‍ ‘അനിമാ ക്രിസ്റ്റി’ എന്ന വാക്കുകളോടെ ആരംഭിക്കുന്നതുകൊണ്ട് ആ പേരില്‍ ഏറെപ്പേര്‍ക്കും പരിചിതമാണിത്.
ജോണ്‍ 22-ാമന്‍ മാര്‍പ്പാപ്പയാണ് ഈ പ്രാര്‍ത്ഥന രചിച്ചതെന്ന് അനുമാനിക്കുന്നു. പക്ഷേ, വിശുദ്ധ ഇഗ്നേഷ്യസ് ലയോളയാണ് ഈ പ്രാര്‍ത്ഥനയുടെ രചയിതാവ് എന്നായിരുന്നു പരക്കെയുള്ള വിശ്വാസം. എന്നാല്‍ 1491-ല്‍ ജനിച്ച് 1556-ല്‍ മരിച്ച അദ്ദേഹത്തിന്റെ കാലത്തിനുമുമ്പേതന്നെ ഇത് പ്രചാരത്തിലുണ്ട്. ഈ പ്രാര്‍ത്ഥനയുടെ 1387-ലുള്ള ഒരു കൈയെഴുത്തുപ്രതി ബ്രിട്ടീഷ് മ്യൂസിയത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ടു. എങ്കിലും, ‘സ്പിരിച്വല്‍ എക്‌സര്‍സൈസസ്’ എന്ന തന്റെ വിഖ്യാതഗ്രന്ഥത്തിന്റെ ആദ്യഭാഗത്തുതന്നെ ഈ പ്രാര്‍ത്ഥന വിശുദ്ധ ലയോള ചേര്‍ത്തിരുന്നു. അതിനാല്‍ അദ്ദേഹമാണ് ഇതിന്റെ രചയിതാവ് എന്ന് അനേകര്‍ കരുതുകയാണ് ഉണ്ടായത്.
രചയിതാവ് ആരായിരുന്നാലും ഇത് ഹൃദയസ്പര്‍ശിയായ ഒരു പ്രാര്‍ത്ഥനതന്നെ. ഇത് ചൊല്ലിക്കൊണ്ടാണ് തിരുഹൃദയ ജപമാല ആരംഭിക്കുന്നത്. ധ്യാനപൂര്‍വം ഉരുവിടുമ്പോള്‍ യേശുവിന്റെ സാന്നിധ്യം ഏറെ അരികിലുള്ളതായി അനുഭവപ്പെടുത്താന്‍ പര്യാപ്തമാണ് ഈ പ്രാര്‍ത്ഥന.

മിശിഹായുടെ ദിവ്യാത്മാവേ
എന്നെ ശുദ്ധീകരിക്കണമേ
മിശിഹായുടെ തിരുശരീരമേ
എന്നെ രക്ഷിക്കണമേ
മിശിഹായുടെ തിരുരക്തമേ
എന്നെ ലഹരി പിടിപ്പിക്കണമേ
മിശിഹായുടെ തിരുവിലാവിലെ
വെള്ളമേ എന്നെ കഴുകണമേ
മിശിഹായുടെ പീഡാനുഭവമേ
എന്നെ ധൈര്യപ്പെടുത്തണമേ
നല്ല ഈശോ എന്റെ അപേക്ഷ കേള്‍ക്കണമേ
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍
എന്നെ മറച്ചുകൊള്ളണമേ
അങ്ങയില്‍നിന്ന് പിരിഞ്ഞുപോകുവാന്‍ എന്നെ അനുവദിക്കരുതേ
ദുഷ്ടശത്രുക്കളില്‍നിന്ന് എന്നെ
കാത്തുകൊള്ളണമേ
എന്റെ മരണനേരത്ത് എന്നെ
അങ്ങേപ്പക്കലേക്ക് വിളിക്കണമേ
അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ
നിത്യമായി അങ്ങയെ സ്തുതിക്കുന്നതിന്
അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്പിക്കണമേ.

Leave a Reply

Your email address will not be published. Required fields are marked *