ആന്തരികസൗഖ്യത്തിനൊരു എളുപ്പവഴി

ഓരോ ദിവ്യരഹസ്യങ്ങളിലും ആന്തരികസൗഖ്യത്തിലേക്ക് നയിക്കുന്ന ധ്യാനചിന്തകള്‍ ചേര്‍ത്താല്‍ ജപമാലയെ ആന്തരികസൗഖ്യജപമാലയാക്കി മാറ്റാം.
ദുഃഖകരമായ ദിവ്യരഹസ്യങ്ങള്‍
1. ഈശോ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോര വിയര്‍ത്തു.
പരിശുദ്ധ ദൈവമാതാവേ, എന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനയിലേക്ക് വരണമേ. പല തവണ പ്രാര്‍ത്ഥിച്ചിട്ടും സാധിക്കാത്ത നിയോഗങ്ങള്‍നിമിത്തം പ്രാര്‍ത്ഥനാജീവിതത്തില്‍നിന്നും മാറിനില്‍ക്കുന്നെങ്കില്‍ ദൈവേഷ്ടത്തിന് വിധേയപ്പെടാത്ത എന്റെ പ്രാര്‍ത്ഥനാജീവിതത്തിലെ മുറിവുകളും കുറവുകളും സുഖമാകാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

2. ഈശോമിശിഹാ ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, അനുദിന ജീവിതത്തില്‍ അടിയേല്‍ക്കേണ്ടി വരുമ്പോള്‍, എതിര്‍ക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എന്റെ ആന്തരികതയിലേക്ക് ക്രിസ്തുവിന്റെ നിശബ്ദസഹനം സ്വന്തമാക്കാനുള്ള സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

3. ഈശോയെ യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു.
പരിശുദ്ധ ദൈവമാതാവേ, എന്റെ ബുദ്ധിയിലും ചിന്തയിലും കടന്നുവന്നിട്ടുള്ള മുറിവിലേക്ക് വരണേ. എന്റെ തലച്ചോറിലേറ്റിട്ടുള്ള എല്ലാ മുറിവുകളും ചിന്തയിലൂടെയും ഭാവനയിലൂടെയും കയറിപ്പറ്റിയിട്ടുള്ള എല്ലാ പാപങ്ങളും പരിപൂര്‍ണമായി തുടച്ചുമാറ്റാന്‍ തിരുക്കുമാരന്റെ തിരുനെറ്റിയില്‍നിന്നും ഇറ്റിറ്റു വീഴുന്ന തിരുരക്തംകൊണ്ട് എന്റെ ശിരസിനെ കഴുകുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

4. ഈശോമിശിഹായുടെ തിരുത്തോളിന്മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, എന്റെ എല്ലാ അപമാനങ്ങളിലേക്കും വരണമേ. എന്നെ അപമാനിച്ച എല്ലാവരോടും ഇന്നും ഞാന്‍ വച്ചുപുലര്‍ത്തുന്ന വെറുപ്പും നീരസവും എന്റെ ആത്മാവിനെയും ശരീരത്തെയും എന്തുമാത്രം മുറിവേല്‍പിച്ചിരിക്കുന്നു. ഈ മേഖലകളെയെല്ലാം ഈശോയുടെ കുരിശിന്റെ വഴിയേ സമര്‍പ്പിക്കുവാന്‍ തക്ക സൗഖ്യം കിട്ടാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

5. ഈശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ പരിശുദ്ധ മാതാവിന്റെ മുന്‍പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് കുരിശിന്മേല്‍ തറയ്ക്കപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, ഞാന്‍മൂലം വേദനിക്കുന്നവരിലേക്കും എന്നെ വേദനിപ്പിച്ചവരിലേക്കും വരണമേ. ക്ഷമിക്കാനും ക്ഷമ ചോദിക്കാനും കഴിയാത്ത എന്റെ മുറിവുകളിലേക്ക് ഈശോയുടെ കുരിശിലെ ക്ഷമയുടെ യോഗ്യത കിട്ടുവാനുള്ള സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍
1. ഈശോമിശിഹാ ജോര്‍ദാനില്‍വച്ച് യോഹന്നാനില്‍നിന്നു മാമോദീസ സ്വീകരിച്ചു.
പരിശുദ്ധ ദൈവമാതാവേ, നീതിക്കുവേണ്ടിയുള്ള എന്റെ മനസിന്റെ മുറവിളിയിലേക്ക് വരണമേ. ദൈവം അനുവദിക്കുന്ന അവസരങ്ങളോട് സഹകരിക്കാനോ സമ്മതിക്കാനോ കഴിയാത്ത എന്റെ മുറിവുകള്‍ കാണണമേ. സാഹചര്യങ്ങളെ സമ്മതിക്കുന്ന സ്‌നാനം സ്വീകരിക്കാന്‍, മനസിലാകാത്ത സംഭവങ്ങളെപ്പോലും ഒന്ന് അംഗീകരിക്കുവാന്‍, നീയെന്റെ പ്രിയപുത്രന്‍/പുത്രി, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വര്‍ഗത്തിന്റെ സ്വരം കേള്‍ക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

2. ഈശോ കാനായിലെ കല്യാണവിരുന്നില്‍വച്ച് മാതാവിന്റെ മാധ്യസ്ഥംവഴി വെള്ളം വീഞ്ഞാക്കിപ്പകര്‍ത്തി.
പരിശുദ്ധ ദൈവമാതാവേ, അത്ഭുതങ്ങളെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചുമുള്ള എന്റെ മനസിന്റെ തലങ്ങളിലേക്ക് വരണമേ. അത്ഭുതങ്ങളില്‍ തീരെ വിശ്വാസമില്ലാത്ത/ അത്ഭുതം എന്നുകേട്ടാല്‍ ആവേശത്തോടെ അവിടെയെല്ലാം ഓടിയെത്തുന്ന സ്വഭാവമാണ് എനിക്ക്. എന്റെ കുറവുകളെ കൃപയാക്കാനുള്ള ആഗ്രഹം ഇന്ന് ഇപ്രകാരമുള്ള പ്രത്യേകതകളിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ ആ മേഖലകളില്‍ ലഭിക്കേണ്ട അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

3. ഈശോ ദൈവരാജ്യത്തിന്റെ ആഗമനം പ്രഖ്യാപിച്ചുകൊണ്ട് മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ ആഹ്വാനം ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, എന്റെ ജീവിതത്തിലേക്ക്, ശുശ്രൂഷാമേഖലകളിലേക്ക് കടന്നുവരണേ. വചനപ്രഘോഷണം, ധ്യാനകേന്ദ്രം, മാനസാന്തരം, വിശ്വാസം ഈ തലങ്ങളിലെല്ലാം വന്നു ഭവിക്കുന്ന മുറിവുണക്കാന്‍ സദാ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

4. ഈശോ താബോര്‍ മലമുകളില്‍വച്ച് രൂപാന്തരപ്പെടുകയും അവിടുത്തെ മഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, മുഖഭാവം മാറുന്ന, മനോഭാവം മാറുന്ന, പ്രാര്‍ത്ഥനാജീവിതത്തിന്റെ താബോര്‍ അനുഭവം ഉണ്ടാകുവാനായി പ്രാര്‍ത്ഥനയിലെ എല്ലാ മുറിവുകളില്‍നിന്നും സൗഖ്യം കിട്ടാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

5. ഈശോ തന്റെ ജീവനും സ്‌നേഹവും പകര്‍ന്നുകൊണ്ട് മനുഷ്യമക്കളോടുകൂടി സ്ഥിരം വസിക്കുവാന്‍വേണ്ടി അന്ത്യഅത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക.
വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അജ്ഞതയും വികലമായ അറിവും അലസതയും ഭക്തിയില്ലായ്മയും അയോഗ്യതയോടെയുള്ള കുര്‍ബാനസ്വീകരണവും ഉള്‍പ്പെടെ എന്റെ സകല മുറിവുകളും സുഖമാക്കി കൂടെ വസിക്കുന്ന ഈശോയെ വിശുദ്ധ കുര്‍ബാനയില്‍ അനുഭവിച്ച് ഈശോയുടെകൂടെ ആയിരിക്കാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
1. ഈശോ പീഡകള്‍ സഹിച്ചു മരിച്ചതിന്റെ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നള്ളി.
പരിശുദ്ധ ദൈവമാതാവേ, മറ്റുള്ളവര്‍ തീര്‍ത്തതും അതിലേറെ ഞാന്‍തന്നെ നിര്‍മിച്ചതുമായ എന്റെ കല്ലറകള്‍ കാണണമേ. എന്നെ ദൈവത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും ഉത്തരവാദിത്വങ്ങളില്‍നിന്നുമെല്ലാം അകറ്റുന്ന ആന്തരികമുറിവുകള്‍ സമര്‍പ്പിക്കുന്നു. ഉള്‍വലിയാനും അലസമായിരിക്കാനും കണ്ടെത്തിയ ഈ കല്ലറകളിലെല്ലാം ഉയിര്‍പ്പിന്റെ അഭിഷേകം കിട്ടാന്‍ പ്രാര്‍ത്ഥിക്കണേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

2. ഈശോ തന്റെ ഉയിര്‍പ്പിനുശേഷം നാല്പതാംനാള്‍ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്ക്കുമ്പോള്‍ സ്വര്‍ഗാരോഹണം ചെയ്തു.
പരിശുദ്ധ ദൈവമാതാവേ, എന്റെ എല്ലാ വിജയങ്ങളുടെയും സന്തോഷങ്ങളുടെയും അവസ്ഥകളിലേക്ക് വരണമേ. ഈ മേഖലകളില്‍ എന്റെ മുറിവുകളെല്ലാം കൃപയാക്കുവാന്‍ ഒരുക്കണമേ. എനിക്ക് സുഖകരമായ ചുറ്റുപാടുകളില്‍ തട്ടിമുട്ടി നില്ക്കാനുള്ള താത്പര്യവും അഹംഭാവവും നിറഞ്ഞ എന്റെ വീക്ഷണങ്ങളും പ്രവര്‍ത്തനശൈലിയും വിട്ടുമാറുവാന്‍, സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍, പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

3. സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെമേലും ശ്ലീഹന്മാരുടെമേലും ഈശോ പരിശുദ്ധാത്മാവിനെ അയച്ചു.
പരിശുദ്ധ ദൈവമാതാവേ, എന്റെ പാവപ്പെട്ട ആത്മാവിലേക്ക് വരണമേ. എന്റെ ഇഷ്ടം മാത്രം ചെയ്തുചെയ്ത് മുറിവേറ്റിരിക്കുന്ന മേഖലകളില്‍ പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോര്‍ത്ത് ജീവിക്കാന്‍ ശിഷ്യരോടൊപ്പം എന്നെയും ചേര്‍ത്തിരുത്തി പ്രാര്‍ത്ഥിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

4. ഈശോ ഉയിര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് മാലാഖമാരാല്‍ സ്വര്‍ഗത്തിലേക്ക് കരേറ്റപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, എന്റെ മരണവിനാഴികയിലേക്ക് വരണമേ. മരണത്തെക്കുറിച്ചുള്ള എന്റെ എല്ലാ മുറിവുകളും സുഖമാക്കണമേ. എല്ലാ നേരവും അമ്മ എന്നരികില്‍ വന്ന് എന്നെ നല്ല മരണത്തിന് ഒരുക്കുകയും സഹായിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടു.
പരിശുദ്ധ ദൈവമാതാവേ, സ്വര്‍ഗ്ഗത്തില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്കുമുള്ള ഗോവണിയായി അമ്മ നിലകൊള്ളുന്നത് കാണുവാന്‍ തക്ക വിശ്വാസം എന്റെ ആയുഷ്‌ക്കാലം മുഴുവനിലും നിറക്കണമേ. പരിശുദ്ധ ത്രിത്വത്തിന്റെ സ്‌നേഹത്തില്‍, പരിശുദ്ധ അമ്മയ്‌ക്കൊപ്പം സകല വിശുദ്ധരും മാലാഖമാരും ദൈവത്തെ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നു പാടി സ്തുതിക്കുന്ന ആ സ്വര്‍ഗത്തില്‍ എത്തിപ്പെടുവാന്‍ തക്ക ആന്തരികസൗഖ്യമേകിയനുഗ്രഹിക്കാന്‍ തമ്പുരാനോട് അപേക്ഷിക്കണമേ. 1 സ്വര്‍ഗസ്ഥനായ 10 നന്മനിറഞ്ഞ 1 ത്രിത്വസ്തുതി

………………………………………………………………………
സിസ്റ്റര്‍ മേരി മാത്യു എം.എസ്. എം.ഐ. ഇരിഞ്ഞാലക്കുട രൂപതയിലെ ആളൂര്‍ ബി.എല്‍.എം. ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യുന്നു.
ആന്തരികസൗഖ്യ ജപമാലയുടെ സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങളടങ്ങുന്ന ആദ്യഭാഗത്തിന് 2018 ജൂലൈ ലക്കം ശാലോം ടൈസ് കാണുക.

Leave a Reply

Your email address will not be published. Required fields are marked *