ആർച്ച് ഡീക്കന്റെ മണ്ടത്തരം

യൂറോപ്പിലെ പ്രധാനപ്പെട്ട മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് അയർലണ്ടിലെ ‘നോക്ക്.’ ഓരോ വർഷവും 15 ലക്ഷത്തോളം തീർത്ഥാടകർ അവിടെയെത്താറുണ്ട്. 1879-ൽ തികച്ചും ദരിദ്രമായ ഗ്രാമമായിരുന്നു ഇത്. പക്ഷേ, ആഴമായ ദൈവവിശ്വാസമുള്ള സമൂഹമായിരുന്നു ആ ഗ്രാമവാസികളുടേത്. ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. ആർച്ച് ഡീക്കന്റെ ഹൗസ് കീപ്പറായിരുന്ന മേരി മക്‌ലോളിൻ ഒരു സുഹൃത്തിന്റെ വീട് സന്ദർശിക്കാനിറങ്ങി. കാലാവസ്ഥ വളരെ മോശം. കഠിനമായ മഴയും തണുപ്പും കാറ്റുമുണ്ട്.

ദേവാലയത്തിന്റെ പുറകുവശത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ അവൾ മഴത്തുള്ളികൾക്കിടയിലൂടെ ഒരു ദൃശ്യം കണ്ടു. സങ്കീർത്തിയുടെ പിന്നിലായി തിളങ്ങുന്ന ഏതാനും രൂപങ്ങൾ… ഡബ്ലിനിൽനിന്ന് വരുത്തിയിരിക്കുന്ന പുതിയ രൂപങ്ങളാണെന്നു കരുതി അവൾ യാത്ര തുടർന്നു. ഏറെ സമയം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്കും നേരിയ ഇരുട്ടായിത്തുടങ്ങിയിരുന്നു. അപ്പോഴാണ് ദേവാലയത്തിന്റെ പിന്നിലെ രൂപങ്ങളുടെ പ്രകാശം വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. അവൾ അടുത്ത് ചെന്ന് നോക്കി. അത് രൂപങ്ങളല്ല, ജീവനുള്ള വ്യക്തികൾ…!! മാതാവ്, യൗസേപ്പിതാവ്, യോഹന്നാൻശ്ലീഹാ. അൾത്താരയിൽ ഒരു കുഞ്ഞാട്, അതിന്റെ പിന്നിൽ ഒരു കുരിശ്. ഈ സ്വർഗീയ ‘ടാബ്ലോ’ കാണാൻ ധാരാളം ആളുകൾ ഓടിക്കൂടി. ദർശനം മണിക്കൂറുകൾ നീണ്ടുനിന്നു. നിഷ്‌കളങ്കരായ ഗ്രാമവാസികളെല്ലാം അതിന് സാക്ഷ്യം വഹിച്ചു. പക്ഷേ, ആർച്ച് ഡീക്കനുമാത്രം അതിന് ഭാഗ്യമുണ്ടായില്ല.

മേരി മക്‌ലോളിൻ ഓടി വീട്ടിലെത്തി ആർച്ച് ഡീക്കനോട് ഈ അത്ഭുതദർശനത്തെക്കുറിച്ച് പറയുകയുണ്ടായി. പക്ഷേ, അദ്ദേഹം അത് ഗൗനിച്ചില്ല. കാരണം മേരി മക്‌ലോളിൻ പണ്ട് മദ്യത്തിന് അടിമയായിരുന്ന ഒരു സ്ത്രീയായിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോയി വീഞ്ഞു കുടിച്ച് ലഹരി പിടിച്ചതിനാൽ തോന്നിയ മായക്കാഴ്ചയായി കണക്കാക്കിയതിനാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാനോ ഇതിനെക്കുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തിന് തോന്നിയില്ല. അടുത്ത ദിവസം മുതൽ ജനങ്ങൾ സ്ഥലത്തെത്താൻ തുടങ്ങി. മാതാവ് ദർശനം നല്കിയ സ്ഥലത്ത് അത്ഭുതങ്ങളും ആരംഭിച്ചു. അപ്പോൾ ആർച്ച് ഡീക്കനുണ്ടായ ഇച്ഛാഭംഗത്തിന് അതിരുണ്ടായിരുന്നില്ല. തന്റെ ഹൗസ് കീപ്പറുടെ വാക്കുകൾ വിശ്വസിക്കാത്തതോർത്ത് പിന്നീട് അദ്ദേഹമെന്നും വിലപിച്ചിരുന്നു.

ദൈവം എപ്പോഴും നേരിട്ട് സംസാരിക്കാറില്ല. നമ്മുടെ മാതാപിതാക്കളിലൂടെയും ജീവിതപങ്കാളിയിലൂടെയും ചിലപ്പോൾ ദൈവംതന്നെയായിരിക്കും സംസാരിക്കുന്നത്. മക്കളിലൂടെയും വികാരിയച്ചനിലൂടെയും സഹപ്രവർത്തകരിലൂടെയുമെല്ലാം ഉന്നതമായ കൃപയിലേക്ക് കർത്താവ് നമ്മെ ക്ഷണിക്കാം. പക്ഷേ, നമ്മുടെ അഹങ്കാരവും മുൻവിധികളുംമൂലം ദൈവത്തിന്റെ പദ്ധതികൾ തിരിച്ചറിയാതെ നഷ്ടപ്പെടുത്തുന്നത് എത്രയോ ദയനീയമാണ്.

സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്ന നാമാന്റെ ഭവനത്തിൽ ഇസ്രായേലിൽനിന്നും യുദ്ധത്തിൽ അടിമയായി പിടിച്ചുകൊണ്ടുപോയ ഒരു ബാലികയുണ്ടായിരുന്നു. അവളുടെ വാക്കുകേട്ടാണ് നാമാൻ – സിറിയാ രാജാവിന്റെ കത്തുമായി ഇസ്രായേലിൽ എത്തുന്നതും ഏലീഷാ പ്രവാചകൻ വഴി കുഷ്ഠരോഗത്തിൽനിന്ന് സൗഖ്യം പ്രാപിക്കുന്നതും (2 രാജാ. 5). ഈ അടിമപെൺകുട്ടിയിലൂടെയാണ് നാമാന്റെ സൗഖ്യത്തിനുള്ള വഴി ദൈവം വ്യക്തമാക്കിയത്. ഒരു അടിമയുടെ വാക്കുകേട്ട് അനുസരിക്കുന്നത് കുറവായി തോന്നിയിരുന്നെങ്കിൽ… നാമാന്റെ കുഷ്ഠരോഗം മാറില്ലായിരുന്നു.

ജീവിതപങ്കാളിയിലൂടെ ദൈവം സംസാരിക്കുന്നത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ…
ആത്മീയ പിതാക്കന്മാരിലൂടെയും ഗുരുക്കന്മാരിലൂടെയുമുള്ള ഗുണദോഷിക്കലുകളിൽ ദൈവശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
മാതാപിതാക്കളിലൂടെ ദൈവംതന്നെയാണ് തന്റെ ജീവിതത്തിൽ ഇടപെടുന്നതെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കിൽ…
പലരുടെയും ജീവിതം ഇത്രമാത്രം തകർന്നുപോവുകയില്ലായിരുന്നു. പലരുടെയും ജീവിതം ഇതിനെക്കാൾ ശോഭനമാവുകയും ചെയ്‌തേനെ.
സ്വന്തം വഴിക്കു പോകുന്നതാണ് പാപം. ”എനിക്കാരുടെയും ഉപദേശം വേണ്ട, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.” ഇത്തരം ചിന്തകളും വാശിയും അഹങ്കാരത്തിന്റേതാണ്. അത് തകർച്ചയുടെ പാതയുടെ തുടക്കമാണ്. അനേകർക്ക് പറ്റിയ മണ്ടത്തരങ്ങളിൽനിന്നും ഭൂതകാലത്തിലെ അബദ്ധങ്ങളിൽനിന്നും നമുക്കിനിയും പഠിക്കാം.
സ്വന്തം ബുദ്ധിയിൽ ആശ്രയിക്കരുത്. ദൈവത്തിന്റെ പ്രേരണകളെ പിൻചെല്ലാൻ പഠിക്കണം. അനുഗ്രഹം കൂടെയുണ്ടാകും.

പ്രാർത്ഥന
കർത്താവേ, അങ്ങ് മറ്റുള്ളവരിലൂടെ സംസാരിക്കുമ്പോൾ അത് തിരിച്ചറിയാനുള്ള വിവേകവും എളിമയും എനിക്ക് നല്കിയാലും. ഉപദേശങ്ങൾ സ്വീകരിക്കാൻ തടസമായിട്ടുള്ള ദുരഭിമാനവും വാശിയും ഞാൻഭാവവും എല്ലാം അങ്ങയുടെ കരുണയാൽ എന്നിൽനിന്നും നീക്കിക്കളയണമേ – ആമ്മേൻ.

ബെന്നി പുന്നത്തറ 
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *