‘ഒരു നിമിഷത്തിലെ അശ്രദ്ധ’ ജനിക്കുന്നതെങ്ങനെ?

ഹംഗറിയിൽ ജീവിച്ചിരുന്ന പ്രവാചികയും മിസ്റ്റിക്കുമാണ് സിസ്റ്റർ മരിയ നതാലിയാ. അവസാന കാലത്ത് സഭയിലും ലോകത്തിലും സംഭവിക്കാനിരിക്കുന്ന വലിയ ശുദ്ധീകരണത്തെക്കുറിച്ചും അതിനുശേഷം ആഗതമാകുന്ന സമാധാനത്തിന്റെ യുഗത്തെക്കുറിച്ചും സിസ്റ്ററിന് ഈശോ ധാരാളം വെളിപാടുകൾ നല്കിയിട്ടുണ്ട്. സിസ്റ്റർ നതാലിയായുടെ ഡയറിക്കുറിപ്പുകളുടെ പുസ്തകരൂപമാണ് ‘ഭൂലോകത്തിന്റെ വിജയരാജ്ഞി’ എന്ന പുസ്തകം. അതിൽ നതാലിയ ഇങ്ങനെ എഴുതിയിരിക്കുന്നു:

”1942-ലെ മഞ്ഞുകാലത്ത് ഒരിക്കൽ പ്രാർത്ഥനാവേളയിൽ ഈശോ ഇങ്ങനെ പഠിപ്പിച്ചു. ഒരു ആത്മാവിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ എനിക്കെന്റെ സിംഹാസനം പണിയുന്നതിന് മൂന്ന് കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്. അവ പളുങ്ക്, ചിറകുകൾ, പൊടി എന്നിവയാണ്. തുടർന്ന് ഈശോ ഓരോ പ്രതീകത്തിന്റെയും അർത്ഥം വിശദീകരിച്ചുകൊടുക്കുന്നു. പളുങ്ക് ഹൃദയത്തിന്റെയും ആത്മാവിന്റെയും വെടിപ്പിന്റെ അടയാളമാണ്. ഇത് ലഭിക്കുവാൻ മനഃപൂർവമുള്ള തെറ്റുകളിൽനിന്നും ഒഴിഞ്ഞുനില്ക്കണം. കൂടാതെ അശ്രദ്ധ മൂലമുള്ള തെറ്റുകളും നിസാരകാര്യത്തിൽപോലും അവിശ്വസ്തത കാണിക്കുന്നതും ഒഴിവാക്കണം. പക്ഷേ ഇത് സാധ്യമാകണമെങ്കിൽ നാം എന്തുചെയ്യണം? നാല് കാര്യങ്ങളാണ് നാം അതിനുവേണ്ടി ശ്രദ്ധിക്കേണ്ടത്.
ഒന്ന്: ശരീരത്തിന് അതിരു കവിഞ്ഞ സുഖവും ആനന്ദവും നല്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കണം. അല്ലെങ്കിൽ ആത്മാവിന്റെ കാര്യങ്ങളിൽ അശ്രദ്ധയും അലസതയും വളർന്നുവരുവാൻ ഇടയാകും.

രണ്ട് : ദൈവത്തിൽനിന്നും ഉത്ഭവിക്കാത്ത മമതകളിൽനിന്നും വിട്ടുനില്ക്കുവാൻ ശ്രദ്ധിക്കുക. വസ്തുക്കളോടും സാഹചര്യങ്ങളോടും വ്യക്തികളോടും തോന്നുന്ന സ്‌നേഹത്തിന്റെ ഉറവിടങ്ങളെ നാം വിവേചിച്ചറിയണം. സ്വയസ്‌നേഹത്തിൽനിന്നാണോ ദൈവസ്‌നേഹത്തിൽനിന്നാണോ അത് പുറപ്പെടുന്നതെന്ന് മനസിലാക്കി ദൈവികമല്ലാത്തതിനെ ഉപേക്ഷിക്കണം.

മൂന്ന്: തെറ്റിലേക്ക് നയിക്കാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളെയും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുക.
നാല് : ആകുലത അവിശ്വാസത്തിൽനിന്നും രൂപപ്പെടുന്ന ഒന്നാണ്. അതിനാൽ ആകുലതയിൽ കൂടുതൽ കൂടുതൽ വ്യാപരിക്കുന്തോറും വിശ്വാസം ബലഹീനമാവുകയും ആത്മാവിൽ അഴുക്കു നിറയുകയും ചെയ്യും. അതിനാൽ കഴിഞ്ഞുപോയതോ നടന്നുകൊണ്ടിരിക്കുന്നതോ വരാൻ പോകുന്നതോ ആയ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള ആകുലത ചിന്തയിൽനിന്നും പുറംതള്ളണം.
”ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു” എന്ന ട്രാഫിക് പോലിസിന്റെ മുന്നറിയിപ്പ് ആത്മീയയാത്രയിലും ബാധകമാണ്. അശ്രദ്ധയും അതിൽനിന്ന് ജനിക്കുന്ന അലസതയും അവിശ്വസ്തതയും ആണ് പലപ്പോഴും നമ്മുടെ ആത്മാവിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നത്. അതിനാൽ ജാഗ്രതയുള്ളവരായി നിരന്തരം വ്യാപരിക്കുവാൻ ഈശോ നല്കിയ മാർഗനിർദേശങ്ങളെ നമുക്ക് ഗൗരവപൂർവം പിൻതുടരാം.

പ്രാർത്ഥന
കർത്താവേ, അങ്ങയുടെ സിംഹാസനം ഞങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാപിച്ച് അതിൽ അങ്ങ് നിരന്തരം വസിക്കണമേ. അവിടുത്തെ പരിശുദ്ധിക്ക് യോജിച്ച വിധത്തിൽ ഞങ്ങളുടെ ആത്മാക്കളെ കാത്തുസൂക്ഷിക്കുവാൻ ‘ശ്രദ്ധയും’ ‘വിശ്വസ്തതയും’ നല്കി ഞങ്ങളെ അനുഗ്രഹിച്ചാലും ആമ്മേൻ.

Leave a Reply

Your email address will not be published. Required fields are marked *