കുരുക്കഴിക്കുന്ന അമ്മ

കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിക്കാന്‍ തുടങ്ങിയിട്ട് മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നമ്മുടെ ഹൃദയത്തിന്റെ, മനഃസാക്ഷിയുടെയും എല്ലാ കെട്ടുകളും പരിശുദ്ധ മാതാവിലൂടെ നമുക്ക് അഴിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നു. മറ്റു പല മരിയന്‍ ഭക്തികളുംപോലെ ഇത് പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണംവഴിയല്ല പ്രചാരത്തിലായത്. മറിച്ച് മാതാവിന്റെ മധ്യസ്ഥശക്തിയുടെ ഫലങ്ങള്‍വഴിയാണ് ഈ ഭക്തി പ്രചരിച്ചത്.

കുരുക്കഴിക്കുന്ന മാതാവിന്റെ യഥാര്‍ത്ഥ കഥ

ജര്‍മന്‍കാരനായ വോള്‍ഫ്ഗാങ്ങ് ലാന്‍ജന്‍മാന്റെല്‍ ജീവിതപങ്കാളിയായ സോഫിയുമായുള്ള ബന്ധത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ജേക്കബ് റെം എന്ന ഒരു ജസ്യൂട്ട് വൈദികന്റെ അടുക്കല്‍ അദ്ദേഹം തന്റെ പ്രശ്‌നങ്ങള്‍ പങ്കുവച്ചു. ഓരോ പ്രാവശ്യവും അവര്‍ നേരില്‍ കണ്ടപ്പോള്‍ അവര്‍ രണ്ടുപേരും പരിശുദ്ധ മാതാവിനോട് ദാമ്പത്യപ്രശ്‌നപരിഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. 1615 സെപ്റ്റംബര്‍ 28-ന് അവസാനമായി അവര്‍ കണ്ടുമുട്ടിയപ്പോള്‍ വിവാഹസമയത്ത് കെട്ടിയ തന്റെ വെഡിങ്ങ് റിബണ്‍ വോള്‍ഫ്ഗാങ്ങ് ഫാ. റെമിന്റെ കൈയില്‍ കൊടുത്തു.

ആ വൈദികനാകട്ടെ പ്രസ്തുത റിബണ്‍ അവിടെയുണ്ടായിരുന്ന മഞ്ഞുമാതാവിന്റെ ചിത്രത്തില്‍ ചേര്‍ത്തുവച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”വോള്‍ഫ്ഗാങ്ങിന്റെ ദാമ്പത്യപ്രശ്‌നങ്ങളുടെ കെട്ടുകള്‍ അഴിയട്ടെ.” ഉടന്‍തന്നെ വെഡിങ്ങ് റിബണിന്റെ കെട്ടുകള്‍ അഴിയുകയും ആ റിബണ്‍ തൂവെള്ള നിറമുള്ളതാവുകയും ചെയ്തുവത്രേ. ഈ ദൈവിക ഇടപെടലിനുശേഷം വോള്‍ഫ്ഗാങ്ങും സോഫിയും അനുരഞ്ജനത്തിലാവുകയും നല്ലൊരു ദാമ്പത്യജീവിതം നയിക്കുകയും ചെയ്തുവെന്ന് ഇതേപ്പറ്റിയുള്ള രേഖകള്‍ പറയുന്നു.

വാസ്തവത്തില്‍ കുരുക്കുകളഴിക്കുന്ന പരിശുദ്ധ മാതാവ് ഒരു പുതിയ സങ്കല്പമായിരുന്നില്ല. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഐറേനിയസ് ഇ്രകാരം പറഞ്ഞിരിക്കുന്നു: ”ഹവ്വായുടെ അനുസരണക്കേടിന്റെ കെട്ട് മറിയത്തിന്റെ അനുസരണത്താല്‍ അഴിക്കപ്പെട്ടു. ഹവ്വാ തന്റെ അവിശ്വാസത്താല്‍ തീര്‍ത്ത കുരുക്ക് മറിയം തന്റെ വിശ്വാസത്താല്‍ അഴിച്ചുകളഞ്ഞു.”

പില്ക്കാലത്ത്, വോള്‍ഫ്ഗാങ്ങിന്റെയും സോഫിയുടെയും പേരമകന്‍ വൈദികനായിത്തീര്‍ന്നു. ഫാ. ഹൈരോണിമസ് ലാന്‍ജന്‍മാന്റെല്‍ എന്ന ആ വൈദികന്‍ കുരുക്കുകളഴിക്കുന്ന മാതാവിന്റെ ഒരു ചിത്രം വരപ്പിച്ചെടുക്കാന്‍ ആഗ്രഹിച്ചു. അതുപ്രകാരം 1700-ല്‍ ജോഹാന്‍ ജോര്‍ജ് എന്ന ചിത്രകാരനാണ് ആ ചിത്രം വരച്ചത്. ജര്‍മനിയിലെ ഔഗ്‌സ്ബര്‍ഗില്‍ സെയ്ന്റ് പീറ്റര്‍ ആം പെര്‍ലാച്ച് ദൈവാലയത്തിലാണ് അത് സ്ഥാപിച്ചിരിക്കുന്നത്.

നമ്മുടെ ജീവിതത്തിലെ ഏത് കുരുക്കുമാകട്ടെ, അത് അഴിക്കാന്‍ നമുക്ക് മാതാവിന്റെ സഹായം തേടാം. കാരണം മറിയം ദൈവതിരുമുമ്പില്‍ കാണിച്ച വിശ്വസ്തതയാല്‍ അവളുടെ മാധ്യസ്ഥ്യത്തിലൂടെ നമ്മുടെ പാപശാപബന്ധനങ്ങളെല്ലാം അഴിക്കാന്‍ സാധിക്കും.

പ്രാര്‍ത്ഥന

ഹവ്വാ തന്റെ അനുസരണക്കേടും അഹങ്കാരവും മൂലം മാനവരാശിയുടെ അധഃപതനത്തിന് കാരണമായ ഒരു കുരുക്ക് തീര്‍ത്തുവെങ്കില്‍, രണ്ടാം ഹവ്വയായ അങ്ങ് അനുസരണവും എളിമയുംമൂലം ആ കുരുക്ക് അഴിച്ചുകളഞ്ഞുവല്ലോ. നരക സര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മേ, ഞങ്ങളെ നിരന്തരമായി ബുദ്ധിമുട്ടിക്കുന്ന ജീവിതപ്രശ്‌നങ്ങളെ, ദൈവവുമായി ഒന്നുചേരുന്നതില്‍നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകളെ, തന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുംവഴി മാനവരാശിയുടെ പാപത്തിന്റെ വലിയ കുരുക്കുകള്‍ അഴിച്ചുകളഞ്ഞ അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിച്ച്, അങ്ങയുടെ പാദത്തിന്റെ കീഴിലാക്കി ഞങ്ങള്‍ക്ക് ദുഷ്ടനില്‍നിന്ന് മോചനം നല്കണമേ.

കാനായിലെ കല്യാണവീട്ടില്‍ ഉടലെടുത്ത കുരുക്കിനെ അഴിച്ചുമാറ്റിയ അമ്മേ, സങ്കീര്‍ണ പ്രശ്‌നങ്ങളാല്‍ വേദനിക്കുന്ന ഞങ്ങളുടെ മനസില്‍ അവിടുത്തെ പരിമള ലേപന ഔഷധം പുരട്ടി ഞങ്ങളുടെ എല്ലാ കുരുക്കുകളില്‍നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ഈശോയുടെ അമ്മേ, കുരിശിന്റെ ചുവട്ടില്‍വച്ച് ഞങ്ങളുടെ അമ്മയുമായിത്തീര്‍ന്ന പരിശുദ്ധ കന്യാമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *