ഞാന്‍ കേട്ട വാത്സല്യമുള്ള സ്വരം

എന്റെ പതിനേഴാം വയസില്‍ ലഭിച്ച ഒരു ദൈവാനുഭവമാണ് എന്നെ ആത്മീയശുശ്രൂഷയിലേക്ക് നയിച്ചത്. എന്റെ ഇടവകയിലുള്ള ഒരു ചേട്ടന്‍ കുമളിയിലുള്ള ബനഡിക്‌ടൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷകള്‍ക്കായി പോകുന്നുണ്ടായിരുന്നു. അദ്ദേഹം ക്ഷണിച്ചതുപ്രകാരം ഞാന്‍ ആ ധ്യാനകേന്ദ്രത്തില്‍ സഹായിക്കുവാനായി ഇടയ്ക്കിടെ പോകും.
അവിടെ 24 മണിക്കൂറും വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് ആരാധന നടത്തുന്നുണ്ട്. രണ്ട് മണിക്കൂര്‍ ദിവ്യകാരുണ്യത്തിനു മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു അവിടത്തെ എന്റെ ഉത്തരവാദിത്വം. അങ്ങനെയിരിക്കേ ഒരു ദിവസം പുലര്‍ച്ചെ മൂന്നുമണി മുതല്‍ അഞ്ചു മണിവരെ ആരാധനാചാപ്പലില്‍ ഇരിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. അവിടെയിരുന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയം. ഇടയ്ക്ക് ഞാന്‍ ജപമാല ചൊല്ലും. പിന്നെ മറ്റു പല രീതിയിലും പ്രാര്‍ത്ഥിക്കും. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആരോ എന്നോട് സംസാരിക്കുന്നതുപോലെ… പക്ഷേ എനിക്ക് സ്വരം വ്യക്തമാകുന്നില്ല. തീര്‍ത്തും അപരിചിതമായ ഒരു അനുഭവം!
പതുക്കെ ഞാന്‍ ചാപ്പലിനു പുറത്തിറങ്ങി നോക്കി, അവിടെ ആരെങ്കിലുമുണ്ടോ എന്നറിയാന്‍. എന്നാല്‍ ആരെയും കണ്ടില്ല. ധ്യാനത്തിനു വന്നിട്ടുള്ളവരുള്‍പ്പെടെ എല്ലാവരും നല്ല ഉറക്കത്തിലാണ്. ഞാന്‍ വീണ്ടും ചാപ്പലിലേക്ക് കടന്ന് ദിവ്യകാരുണ്യത്തിലേക്ക് നോക്കി. അരുളിക്കയില്‍ അതാ വെളുത്ത അപ്പത്തിന്റെ രൂപത്തിലുള്ള ദിവ്യകാരുണ്യം ഒരു മനുഷ്യഹൃദയംപോലെ തുടിക്കുന്നു! എനിക്ക് വല്ലാത്ത അത്ഭുതം!
പതുക്കെ ഞാന്‍ അതിനടുത്തേക്ക് ചെന്ന് സൂക്ഷിച്ചുനോക്കി. അതില്‍നിന്നൊരു സ്വരം എന്നോട് സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ കാത് കൂര്‍പ്പിച്ചു. ആ സ്വരം ഇങ്ങനെയായിരുന്നു: ”എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോട് നിസ്സീമമായ കരുണ തോന്നുന്നു.” ആ സ്വരം വളരെ വ്യക്തമായി ഞാന്‍ കേട്ടു. എനിക്കന്ന് ബൈബിള്‍ വായിച്ച് വലിയ പരിചയമില്ല. അധികം വചനങ്ങള്‍ മന:പാഠവുമല്ല. അതിനാല്‍ കേട്ടത് ബൈബിളിലുള്ള വചനമാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും അന്നത്തെ അനുഭവം എന്നെ ദിവ്യകാരുണ്യത്തോട് കൂടുതല്‍ അടുപ്പിച്ചു.
പിന്നീട് ഞാന്‍ കേട്ട വാക്കുകള്‍ ജറെമിയാ 31: 20 ആണെന്ന് ബൈബിളില്‍നിന്ന് കണ്ടെത്തി. മാത്രവുമല്ല അതിനുശേഷം എന്റെ അപകര്‍ഷതാബോധം മാറി. ധൈര്യത്തോടെ ആളുകള്‍ക്കുമുന്നില്‍ നില്ക്കാനും വചനം പ്രഘോഷിക്കാനും എനിക്ക് കൃപ ലഭിച്ചു. ഒരു വര്‍ഷമായപ്പോഴേക്കും വചനപ്രഘോഷണശുശ്രൂഷ ചെയ്യാനുള്ള അവസരങ്ങളും കിട്ടി. എനിക്കുവേണ്ടി തുടിക്കുന്ന ഹൃദയമുള്ള ഈശോ ഇന്നും ജീവിക്കുന്നു എന്ന് അടുത്തറിയാന്‍ സാധിച്ച അനുഭവം ഇന്നും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.


ജോജി ചോക്കാട്ട്, കട്ടപ്പന

Leave a Reply

Your email address will not be published. Required fields are marked *