ദൈവസാന്നിധ്യത്തിന്റെ സന്തോഷം നേടാന്‍

വിശുദ്ധ പാദ്രെ പിയോ
ദൈവസാന്നിധ്യവും അത് നല്കുന്ന സന്തോഷവും സ്വന്തമാക്കാന്‍ എന്തു ചെയ്യണമെന്ന് ഒരാള്‍ വിശുദ്ധ പാദ്രെ പിയോയോട് ചോദിച്ചു. ആ ചോദ്യത്തിന് വിശുദ്ധന്‍ നല്കിയ ഉത്തരം നമുക്കും വളരെ സഹായകമായിരിക്കും.

ദിവസത്തിന്റെ ഇടവേളകളില്‍ കൂടെക്കൂടെ നിങ്ങളെത്തന്നെ കര്‍ത്താവിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുക. നമ്മുടെ എല്ലാ അധ്വാനവും കഷ്ടപ്പാടുകളും അവിടുത്തേക്ക് നല്കണം. ഉള്ളിലുള്ള ദൈവസാന്നിധ്യം നഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക. ഓരോ ജോലിയുടെയും ആരംഭത്തില്‍ ഹൃദയം ദൈവത്തിലേക്കുയര്‍ത്തി, ആ ജോലിയുടെ ഉദ്ദേശ്യം ദൈവത്തിനായി നല്കുക. എല്ലാ പ്രവൃത്തികളുടെയും അവസാനത്തില്‍ ചെയ്തുകഴിഞ്ഞവയെല്ലാം മനസുകൊണ്ട് ദൈവത്തിനായി സമര്‍പ്പിക്കണം.

ദൈവസാന്നിധ്യം നഷ്ടപ്പെട്ടു പോകത്തക്കവിധത്തില്‍ ജോലിയിലോ മറ്റേതെങ്കിലും കാര്യത്തിലോ മനസ് മുഴുകിപ്പോകരുത്. അമിതമായ തിരക്കാണ് ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുന്ന മറ്റൊരു പ്രധാന സംഗതി. എല്ലാക്കാര്യങ്ങളും ദൈവവിചാരത്തോടെ ചെയ്യുമ്പോള്‍ പിരിമുറുക്കവും തിരക്കും ഇല്ലാതാകും. ദൈവസാന്നിധ്യത്തിന്റെ ശക്തി കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ നമ്മെ ബലപ്പെടുത്തുകയും ചെയ്യും.

പ്രാര്‍ത്ഥനാവേളകളില്‍ നമ്മെ പൂര്‍ണമായും ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് അവിടുത്തോട് ഹൃദയം തുറന്ന് സംസാരിക്കണം. അപ്പോള്‍ അവിടുന്ന് നമ്മോടും സംസാരിക്കും. നമുക്ക് നേരില്‍ സംസാരിക്കാന്‍ കഴിയുന്ന അത്യുന്നതനായ ഒരു കര്‍ത്താവ് ഉണ്ടെന്നത് എത്രയോ അത്ഭുതകരമാണ്.

ദൈവവുമായുള്ള സംഭാഷണം ദൈവസാന്നിധ്യത്തില്‍ ജീവിക്കാന്‍ നമ്മെ വളരെയധികം സഹായിക്കും. എല്ലാറ്റിലും ഉപരിയായി ഈ ചിന്ത നമ്മെ സന്തോഷിപ്പിക്കണം. ”നാം എപ്പോഴും എവിടെയും ദൈവത്തിന്റെ സന്നിധിയില്‍ തന്നെയാണ്.” നമുക്ക് ദൈവസാന്നിധ്യം അനുഭവപ്പെടാത്തപ്പോഴും ദൈവത്തിന്റെ സാന്നിധ്യം നമ്മോടുകൂടെയുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *