പരിമളത്തോടെ വിടര്‍ന്ന പ്രാര്‍ത്ഥന

ഒരു മഹാമാരി റോമില്‍ മുഴുവന്‍ പടര്‍ന്നു പിടിച്ച സമയം. അതില്‍നിന്ന് മോചനം ലഭിക്കാനായി വിശുദ്ധ ഗ്രിഗറി മാര്‍പ്പാപ്പ ഒരു പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. അദ്ദേഹംതന്നെയാണ് അത് നയിച്ചത്. വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യാമാതാവിന്റെ ഒരു ചിത്രവും വഹിച്ചുകൊണ്ടായിരുന്നു ആ പ്രദക്ഷിണം നീങ്ങിയത്. പെട്ടെന്ന് ഒരു സ്വര്‍ഗ്ഗീയ പരിമളം അവിടെയങ്ങും നിറഞ്ഞു. മഹാമാരി അതോടെ തുടച്ചുനീക്കപ്പെടുകയായിരുന്നു. ആ സമയത്ത് ദിവ്യപ്രേരണയാല്‍ മുകളിലേക്ക് നോക്കിയ ഗ്രിഗറി പാപ്പാ കണ്ടത് മാലാഖമാര്‍ ഒരു ഗാനം ആലപിക്കുന്നതാണ്,

”സ്വര്‍ല്ലോക രാജ്ഞീ, ആനന്ദിച്ചാലും,
ഹല്ലേലൂയാ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍,
ഹല്ലേലൂയാ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു,
ഹല്ലേലൂയാ!

മാലാഖമാരുടെ ഈ സ്വര്‍ഗ്ഗീയാലാപം കേട്ടതോടെ പാപ്പാ ഇപ്രകാരം ഉരുവിട്ടു, ഞങ്ങള്‍ക്കായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ, ഹല്ലേലൂയാ!
ഈ വാക്കുകള്‍ ഉരുവിടുന്ന സമയത്ത് പാപ്പ മറ്റൊരു ദൃശ്യം കണ്ടു, ഹഡ്രിയാന്‍ കുന്നിനു മുകളില്‍ നില്ക്കുന്ന മരണദൂതന്‍ തന്റെ വാള്‍ ഉറയിലിടുന്നു.
ഈ സംഭവമാണ് പിന്നീട് ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം രൂപപ്പെടാന്‍ കാരണമായത്. സാധാരണ ത്രിസന്ധ്യാജപത്തില്‍ നാം കര്‍ത്താവിന്റെ മനുഷ്യവതാരം ധ്യാനിക്കുന്നു. എന്നാല്‍ ഉയിര്‍പ്പുകാല ത്രിസന്ധ്യാജപത്തില്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നള്ളിയ യേശുവിനോടും അവിടുത്തെ മാതാവിനുമൊപ്പം നാം ആനന്ദിക്കുകയാണ്. പാപത്തിന്റെയും മരണത്തിന്റെയുംമേല്‍ തന്റെ പുത്രന്‍ വിജയം നേടിയതിനെപ്രതി നാം പരിശുദ്ധ മാതാവിനെ ‘അഭിനന്ദിക്കുകയും’ ചെയ്യുകയാണ് ഈ ജപത്തിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *