പൂട്ടുവീഴ്ത്തിയ ദിവ്യകാരുണ്യം

കുമ്പസാരിക്കാന്‍ സമയമായിട്ടും കുമ്പസാരിക്കാന്‍ സാധിക്കാതെ അല്പം വിഷമിച്ചിരുന്ന ഒരു സമയം. അപ്പോഴാണ് കര്‍ത്താവ് പ്രത്യേകമായി ഇടപെട്ടുകൊണ്ട് കുമ്പസാരിക്കാനുള്ള ഒരവസരവും വിശുദ്ധ കുര്‍ബാനാനുഭവവും തന്നത്. അതിങ്ങനെയായിരുന്നു, വീട്ടില്‍നിന്ന് അല്പം ദൂരെയുള്ള ഒരു ധ്യാനകേന്ദ്രത്തിലെ ഡയറക്ടറായ വൈദികന്‍ അവിടെ ശുശ്രൂഷ ചെയ്യാനായി വിളിച്ചു. രാവിലത്തെ ക്ലാസ് കഴിഞ്ഞപ്പോള്‍ വൈകിട്ടും ക്ലാസ് എടുക്കാന്‍ ഏല്പിക്കപ്പെട്ടതിനാല്‍ അതിന് ഒരുക്കമായി ഞാന്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവിടത്തെ അച്ചന്മാര്‍ പ്രാര്‍ത്ഥിക്കുന്ന പേഴ്‌സണല്‍ ചാപ്പലായിരുന്നു അത്.

വൈകുന്നേരം മൂന്നരയായപ്പോള്‍ അവിടുത്തെ സുപ്പീരിയറച്ചന്‍ വ്യക്തിപരമായ ദിവ്യബലിയര്‍പ്പിക്കാന്‍ വന്നു. അദ്ദേഹത്തിനൊപ്പം വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ അനുവാദം നല്കിയപ്പോള്‍ ഞാന്‍ പെട്ടെന്ന് അച്ചനൊന്ന് എന്നെ കുമ്പസാരിപ്പിക്കുമോ എന്നുകൂടി ചോദിച്ചു. അച്ചന്‍ സമ്മതിച്ചു. അങ്ങനെ എന്നെ നന്നായി കുമ്പസാരിപ്പിച്ചതിനുശേഷം ആ വൈദികന്‍ വിശുദ്ധബലിയര്‍പ്പിച്ചു. എനിക്ക് ചൊല്ലാനുള്ള പ്രാര്‍ത്ഥനകള്‍ അച്ചന്‍ കാണിച്ചുതന്നു. അതിനുശേഷം വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ സമയമായി.

വലിയൊരു തിരുവോസ്തിയെടുത്ത് രണ്ടായി മടക്കിയിട്ട് ഒരു കഷണം അച്ചന്‍ വീഞ്ഞില്‍ മുക്കി ഉള്‍ക്കൊു. മറ്റേ ഭാഗം മടക്കി മടക്കി ചെറുതാക്കി വീഞ്ഞില്‍ മുക്കി കുറച്ചുസമയം വച്ചു. അത് എടുത്തപ്പോഴേക്കും എന്തോ ഇറ്റിറ്റു വീഴുന്നപോലെ എനിക്ക് തോന്നി. തുടര്‍ന്ന് നാവിലേക്ക് വച്ചുതന്നപ്പോള്‍ വീഞ്ഞിന്റെ രുചിപോലെയല്ല, രക്തത്തിന്റെ രുചിപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഇറക്കാന്‍ കഴിയാത്തതുപോലെ തോന്നി. ശരീരം മൊത്തം വിറയ്ക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല.

അച്ചന്‍ തുടര്‍ന്ന് സമാപന പ്രാര്‍ത്ഥന ചൊല്ലി. ഒടുവില്‍ ഞാന്‍ വിശുദ്ധ കുര്‍ബാന എങ്ങനെയോ ഇറക്കി. ആ ഒരു സംഭവത്തിനുശേഷം എന്റെ നാവിനും അധരങ്ങള്‍ക്കും പൂട്ടുവീഴുകയായിരുന്നു, അനാവശ്യമായ ഒരു വാക്കുപോലും പുറത്തേക്ക് പറയാന്‍ കഴിയാത്ത വിധത്തില്‍. ദിവ്യകാരുണ്യം നമ്മെ പുണ്യത്തില്‍ വളര്‍ത്താന്‍ എന്തുമാത്രം സഹായകമാണെന്ന് ശക്തമായി ഓര്‍മ്മിപ്പിച്ച ഒരു സംഭവമായിരുന്നു അത്.


ജോര്‍ജ് ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *