പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ…

പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് അറിയാത്തവര്‍ക്ക് ഒരു ചൂണ്ടുപലകയാണ് പ്രശസ്ത ഗ്രന്ഥകാരനായ ഗാരി ജാന്‍സണ്‍ പ്രാര്‍ത്ഥനയെക്കുറിച്ച് എഴുതിയ ഗ്രന്ഥം. അതില്‍ പ്രാര്‍ത്ഥനയുടെ വിവിധ പടികളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.

ആദ്യം ചെയ്യേണ്ടത് ശാന്തമായ ഒരു സ്ഥലം കണ്ടെത്തുക എന്നതാണ്. ദൈവസന്നിധിയില്‍ ആണെന്നുള്ള ബോധ്യത്തില്‍ സ്വസ്ഥമായി ഇരിക്കുക. തുടക്കക്കാര്‍ക്ക് അദ്ദേഹം മൂന്ന് പ്രാര്‍ത്ഥനാരീതികള്‍ നിര്‍ദേശിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവ നല്ലതാണെന്ന് തോന്നുന്നുവെങ്കില്‍ ഉപയോഗിച്ചുനോക്കാം. ആദ്യമായി ചെയ്യേണ്ടത് യേശു എന്ന പരിശുദ്ധമായ നാമത്തെ ധ്യാനിക്കുകയും ആവര്‍ത്തിച്ച് പറയുകയും ചെയ്യുക എന്നതാണ്. യേശു എന്ന നാമം ജീവന്‍ നല്കുന്നതാണ്, രക്ഷ നല്കുന്നതാണ്, മോചനം നല്കുന്നതാണ്. ശാരീരിക, മാനസിക, ആത്മീയ തലങ്ങളെ വിശുദ്ധീകരിക്കുവാന്‍ ഈ പ്രാര്‍ത്ഥനയ്ക്ക് സാധിക്കും.

രണ്ടാമതായി അദ്ദേഹം പറയുന്നത്: Breathe the Lord’s Prayer എന്നതാണ്. കര്‍ത്താവ് പഠിപ്പിച്ച ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ശ്വാസം ഉള്ളിലേക്കെടുത്തും പുറത്തേക്ക് വിട്ടുകൊണ്ടും ചൊല്ലുക. ഉദാഹരണമായി സ്വര്‍ഗസ്ഥനായ പിതാവേ എന്ന് ചൊല്ലുമ്പോള്‍ ശ്വാസം ഉള്ളിലേക്ക് എടുത്ത് അല്പനേരം പിടിച്ചുകൊണ്ട് പിതാവിന്റെ അനന്തസ്‌നേഹത്തെ ധ്യാനിക്കുക. അങ്ങയുടെ നാം പൂജിതമാകണമേ എന്ന ഭാഗം ചൊല്ലുമ്പോള്‍ ഇതുപോലെതന്നെ ധ്യാനാത്മകമായി ശ്വാസം പുറത്തേക്ക് വിടുക. അങ്ങനെ ആ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അത് വലിയൊരു ധ്യാനാഭിഷേകമായി മാറും. പലപ്പോഴും ഈ പ്രാര്‍ത്ഥന നാം ചൊല്ലിത്തീര്‍ക്കുകയാണല്ലോ. അതിന് മാറ്റം വരുവാന്‍ ഈ രീതി നിശ്ചയമായും സഹായിക്കും.

മൂന്നാമതായി അദ്ദേഹം നിര്‍ദേശിക്കുന്നത് സഹായകനായ പരിശുദ്ധാത്മാവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. പരിശുദ്ധാത്മാവ് നമ്മില്‍ ശക്തിയായി, സാന്നിധ്യമായി വന്ന് നിറയുമ്പോള്‍ പ്രാര്‍ത്ഥന കൂടുതല്‍ ആസ്വാദ്യകരമാകും. അദ്ദേഹം പറയുന്നത് ഇത് പ്രാര്‍ത്ഥന കഴിഞ്ഞാലും നാം ചെയ്യേണ്ടതാണ് എന്നാണ്. ടെന്‍ഷന്‍ മാറ്റുവാന്‍ ചായ കുടിക്കുക, സിഗരറ്റ് വലിക്കുക എന്നിവയൊക്കെ ചെയ്യാറുണ്ടല്ലോ. അതിനുപകരം ഇപ്രകാരം പ്രാര്‍ത്ഥിക്കുക: ‘പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ.’ അത്ഭുതകരമായ ആശ്വാസം നമുക്കുണ്ടാകും.

ആദ്യമൊക്കെ ഇപ്രകാരം പതിനഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കുക. അങ്ങനെ ആരംഭിച്ച പ്രാര്‍ത്ഥന കുറെ കഴിയുമ്പോള്‍ മുപ്പത് മിനിറ്റാകും. പിന്നെ ഒരു മണിക്കൂറാകും. അങ്ങനെ സ്ഥിരമായ പ്രാര്‍ത്ഥനവഴി നമ്മുടെ വ്യക്തിജീവിതം രൂപാന്തരപ്പെടും. അനാവശ്യമായ തിരക്കുകള്‍ ആധുനിക മനുഷ്യനെ വീര്‍പ്പുമുട്ടിക്കുന്നു. ഒന്നിനും സമയമില്ല എന്നാണവന്റെ ചിന്ത. അതിനാല്‍ ജീവിതത്തില്‍ അത്യാവശ്യമായ മുന്‍ഗണനാക്രമങ്ങള്‍ മാറിപ്പോകുന്നു. അത് ക്രമീകരിക്കപ്പെടണമെങ്കില്‍ ദൈവത്തിന് ന്യായമായും നല്‌കേണ്ട സമയം നല്കുവാന്‍ നാം തീരുമാനിക്കണം.

ആ തീരുമാനം എടുക്കേണ്ടത് ദൈവമല്ല, നാംതന്നെയാണ്. അപ്പോള്‍ ദൈവം തന്റെ പരിശുദ്ധാത്മാവിനെ ആ തീരുമാനത്തിന്റെമേല്‍ അയച്ച് അഭിഷേകം ചെയ്യും. ഫലമോ, ശാന്തവും പ്രസന്നവുമായ മനസോടെ ജീവിതത്തെ അഭിമുഖീകരിക്കുവാന്‍ നമുക്ക് സാധിക്കും. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. ഞങ്ങളുടെ കര്‍ത്താവായ യേശുവേ, അങ്ങ് ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ പ്രാര്‍ത്ഥനയുടെ ഏറ്റവും നല്ല മാതൃക നല്കിയല്ലോ. വിശ്രമിക്കുവാന്‍പോലും സമയം കിട്ടാത്ത രീതിയില്‍ അങ്ങയുടെ ജീവിതം തിരക്കേറിയതായിരുന്നുവെങ്കിലും അവിടുന്ന് രാത്രി മുഴുവന്‍ പിതാവിനോടൊപ്പം ചെലവഴിച്ചിരുന്നത് ഞങ്ങള്‍ ഓര്‍ക്കുന്നു.

അങ്ങയെപ്പോലെ പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെയും അനുഗ്രഹിക്കണമേ. വ്യക്തിപരമായ പ്രാര്‍ത്ഥന നഷ്ടപ്പെടുമ്പോള്‍ ഞങ്ങളുടെ ഉള്ള് ശൂന്യമാകും എന്ന് ഞങ്ങള്‍ തിരിച്ചറിയട്ടെ. ലോകത്തെ കീഴ്‌മേല്‍ മറിക്കുവാനുള്ള ശക്തി പ്രാര്‍ത്ഥനയിലൂടെ ഞങ്ങള്‍ക്ക് നല്കുവാന്‍ അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. ആ ശക്തി പ്രതിദിനം സ്വീകരിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിച്ചാലും. എപ്പോഴും ഈശോയോട് ചേര്‍ന്നുനിന്ന പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *