ഫോളിനോയിലെ വിശുദ്ധ ആഞ്ചല

സിയന്നയിലെ വിശുദ്ധ കാതറിനുണ്ടായതുപോലെ നിരവധി സ്വര്‍ഗീയ വെളിപാടുകളും അതീന്ദ്രിയ അനുഭവങ്ങളും ലഭിച്ച വിശുദ്ധയാണ് ഫോളിനോയിലെ ആഞ്ചല. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പഞ്ചക്ഷതധാരിയായ ഈ വിശുദ്ധയുടെ ഭൂതകാലം സുഖലോലുപതയും ലോകത്തോടുള്ള ആസക്തിയും നിറഞ്ഞതായിരുന്നു. നരകത്തിലെ കെടാത്ത അഗ്നിയെക്കുറിച്ചുള്ള ഭയമാണ് ആഞ്ചലയെ ലോകത്തോടുള്ള മൈത്രി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.
1248-ല്‍ ഇറ്റലിയിലെ സമ്പന്നമായ കുടുംബത്തില്‍ ജനിച്ച ആഞ്ചലയുടെ പിതാവ് ചെറുപ്പത്തില്‍ തന്നെ മരിച്ചു. ഫോളിനോ നഗരത്തിലെ ലൗകികമായ കൂട്ടായ്മകളില്‍ പങ്കാളിയായാണ് ആഞ്ചല വളര്‍ന്നു വന്നത്. 20-ാം വയസില്‍ വിവാഹിതയായെങ്കിലും ലൗകിക സുഖങ്ങളോടുള്ള ആസക്തിയും ആഡംബരത്തോടുള്ള ഭ്രമവുമാണ് ആഞ്ചലയുടെ ജീവിതം ഭരിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ തങ്ങളുടെ സമ്പത്ത് ദാനം ചെയ്തശേഷം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സഭാശുശ്രൂഷ ചെയ്തുവന്നിരുന്നവരെ പുച്ഛത്തോടെയാണ് അവള്‍ കണ്ടത്. എന്നാല്‍, 1279-ല്‍ ഉണ്ടായ ഒരു ഭീകര ഭൂമികുലുക്കവും പെറൂജിയയുമായുള്ള യുദ്ധവും അതിന്റെ കെടുതികളും ആഞ്ചലയില്‍ നിത്യതയെക്കുറിച്ചുള്ള ചിന്തകള്‍ ജനിപ്പിച്ചു.
എങ്കിലും 1285-ലുണ്ടായ ഒരു സംഭവത്തിലൂടെയാണ് അവളുടെ മാനസാന്തരം പൂര്‍ത്തിയായത്. ഏതോ ഒരു ഗൗരവമേറിയ പാപം ചെയ്യാനിടയായതിനെ തുടര്‍ന്ന് താന്‍ നരകാഗ്നിക്ക് ഇരയാകുമോ എന്ന ഭയം ആഞ്ചലയെ ബാധിച്ചു. തുടര്‍ന്ന് അവള്‍ ഫ്രാന്‍സിസ് അസീസിയെ വിളിച്ച് സഹായത്തിനായി അപേക്ഷിക്കുകയും വിശുദ്ധന്‍ ആഞ്ചലക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന് ആഴമായ അനുതാപത്തോടുകൂടെ നല്ലൊരു കുമ്പസാരം നടത്തുവാന്‍ ആഞ്ചലയ്ക്ക് സാധിച്ചു. 1288-ല്‍ ആഞ്ചലയുടെ മാതാവും ഭര്‍ത്താവും മക്കളും പ്ലേഗ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. വിധവയായ ആഞ്ചല തന്റെ സര്‍വ സമ്പത്തും ദാനം ചെയ്ത ശേഷം ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു.
വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ദരിദ്രരിലും രോഗികളിലും ക്രിസ്തുവിനെ കണ്ടെത്താനാണ് അവള്‍ ശ്രമിച്ചത്. 1292-ലെ പെസഹാവ്യാഴാഴ്ച ഫോളിനോയിലെ ഒരു ആശുപത്രിയില്‍ കുഷ്ഠരോഗികളെ ശുശ്രൂഷിക്കാന്‍ പോയ ആഞ്ചല അവരെ കഴുകാന്‍ ഉപയോഗിച്ച വെള്ളം കുടിക്കുകയുണ്ടായി. ദിവ്യകാരുണ്യം സ്വീകരിച്ച അനുഭവമാണ് അന്ന് ലഭിച്ചതെന്നാണ് ആഞ്ചല ആ സംഭവത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയത്.
തന്റെ പാപങ്ങള്‍ക്ക് പരിഹാരമായി ദൈവത്തിന് എന്തെങ്കിലും നല്‍കണമെന്ന് ആഞ്ചല ആഗ്രഹിച്ചിരുന്നു. പക്ഷേ, തനിക്ക് ദൈവത്തിന് നല്‍കാന്‍ ഒന്നുമില്ലെന്ന് മനസിലാക്കിപ്പോള്‍ ആഞ്ചല ഇപ്രകാരം പറഞ്ഞു-”ദൈവത്തില്‍ നിന്ന് വരുന്ന യഥാര്‍ഥവും ശുദ്ധവുമായ സ്‌നേഹം ആത്മാവിനെ പ്രകാശിപ്പിക്കുമ്പോള്‍ ഒരുവന്‍ തന്റെ കുറവുകളും ദൈവത്തിന്റെ അപരിമേയമായ നന്മയും തിരിച്ചറിയുന്നു. ആ സ്‌നേഹം ആത്മാവിനെ ക്രിസ്തുവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ലോകത്തിന്റെ ഒരു വസ്തുവോ സ്‌നേഹമോ ഇതിനോട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുകിയില്ല.” തന്റെ ആത്മീയ യാത്രയില്‍ ലഭിച്ച വെളിപാടുകളും അനുഭവങ്ങളും കുമ്പസാരകനായ അര്‍ണോള്‍ഡിനോട് ആഞ്ചല പങ്കുവച്ചു.
ആഞ്ചലയുടെ മിസ്റ്റിക്കല്‍ യാത്രയെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇപ്രകാരം പറയുന്നു-”ആ മിസ്റ്റിക്കല്‍ യാത്രയില്‍ കേന്ദ്രമായ യാഥാര്‍ത്ഥ്യം ആഞ്ചല ആഴമായ അര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞു: തന്റെ ‘അയോഗ്യതയില്‍ നിന്നും’ ‘അര്‍ഹമായ നരകശിക്ഷയില്‍നിന്നും’ രക്ഷ തരുന്നത് ‘ദൈവവുമായുളള ഐക്യമോ’ ‘സത്യത്തെ’ക്കുറിച്ചുള്ള അറിവോ അല്ല മറിച്ച് ക്രൂശിതനായ യേശുവാണ്, ‘എനിക്ക് വേണ്ടിയുള്ള അവന്റെ കുരിശുമരണമാണ്’, അവന്റെ സ്‌നേഹമാണ്.”
ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനമായ ക്രിസ്തുവിന് തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് ആഞ്ചല ഇപ്രകാരം പ്രാര്‍ഥിച്ചു-”ഓ, ദൈവമേ, ഏറ്റവും മഹത്തായ ആ രഹസ്യത്തെ, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ മനുഷ്യാവതാരത്തിന്റെ രഹസ്യത്തെ, മനസിലാക്കുവാനുള്ള യോഗ്യത നല്‍കി എന്നെ അനുഗ്രഹിക്കണമേ… ഓ, അവര്‍ണനീയ സ്‌നേഹമേ, എന്നെ ദൈവമാക്കുന്നതിനായി എന്റെ ദൈവത്തെ മനുഷ്യനാക്കിയ സ്‌നേഹത്തോളം വലിയ മറ്റൊരു സ്‌നേഹമില്ല.”
താന്‍ അധികം വൈകാതെ മരിക്കുമെന്ന് 1308 ക്രിസ്മസ് ദിനത്തില്‍ ആഞ്ചല തന്റെ സുഹൃത്തുക്കളോട് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, ക്രിസ്തു തനിക്ക് പ്രത്യക്ഷപ്പെട്ടതായും തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരുമെന്നു പറഞ്ഞതായും ആഞ്ചല പങ്കുവച്ചു. 1309 ജനുവരി മൂന്നാം തിയതി ഉറക്കത്തില്‍ ആഞ്ചലയെ ക്രിസ്തു നിത്യസമ്മാനത്തിനായി കൂട്ടിക്കൊണ്ടുപോയി. 2013 ഒക്‌ടോബര്‍ ഒന്‍പതാം തിയതി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആഞ്ചലയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ലൈംഗികമായ പ്രലോഭനങ്ങള്‍ നേരിടുന്നവരുടെയും വിധവകളുടെയും പ്രത്യേക മധ്യസ്ഥയാണ് ഫോളിനോയിലെ വിശുദ്ധ ആഞ്ചല.

രഞ്ജിത് ലോറന്‍സ്‌

Leave a Reply

Your email address will not be published. Required fields are marked *