ഭക്ഷണം വൈകി, പുണ്യവാന്‍ ജനിച്ചു!

‘ഭക്ഷണം തയാറായില്ലേ?’ – പതിവിലേറെ വിശപ്പോടെയാണ് ഉച്ചഭക്ഷണം കഴിക്കാന്‍ ജോണ്‍ എത്തിയിരിക്കുന്നതെന്ന് ആ ചോദ്യത്തില്‍ നിന്ന് വ്യക്തമായിരുന്നു. ജോണിന്റെ ക്ഷിപ്രകോപത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന ഭാര്യ ഒരു പുസ്തകവുമായാണ് അദ്ദേഹത്തിന്റെ അടുക്കലേക്ക് വന്നത്. ഉച്ചഭക്ഷണം തയാറാവുന്നതേയുള്ളൂവെന്നും അതുവരെ ഈ പുസ്തകം വായിച്ചിരിക്കുക എന്നുമുള്ള ഭാര്യയുടെ സ്‌നേഹപൂര്‍വമായ മറുപടി ജോണിനെ ശുണ്ഠി പിടിപ്പിച്ചു. എനിക്ക് വേറെ ജോലിയുണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പുസ്തകം വലിച്ചെറിഞ്ഞു. വിശപ്പും ദേഷ്യവും വാക്കുകളായി പുറത്തേക്കൊഴുകാന്‍ പോവുകയാണെന്ന് മനസിലാക്കിയ ഭാര്യ രംഗം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് അടുക്കളയിലേക്ക് പിന്‍വാങ്ങി.

1300-ാമാണ്ടില്‍ ഇറ്റലിയിലെ സിയന്നയില്‍ ജനിച്ച ജോണ്‍ കൊളംബിനി എന്ന ധനാഡ്യനും പ്രതാപിയുമായ ആ ഇറ്റാലിയന്‍ കുടുംബനാഥന്റെ ആധ്യാത്മിക ജീവിതം ഈ സംഭവം നടക്കുന്നതുവരെ സാധാരണം എന്നടയാളപ്പെടുത്താവുന്ന ഒന്നായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണം ലഭിക്കാന്‍ വൈകിയ ആ ദിവസം അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. ഭാര്യയോട് ദേഷ്യപ്പെട്ടുകൊണ്ട് നിന്ന ആ മനുഷ്യന്റെ കണ്ണുകളില്‍ ഏതോ ഒരു നിമിഷം താന്‍ എറിഞ്ഞുകളഞ്ഞ പുസ്തകം ഉടക്കി. ഭക്ഷണം ലഭിക്കുന്നത് വരെ മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് അദ്ദേഹം ആ പുസ്തകം എടുത്ത് വായിക്കാനാരംഭിച്ചു.

ഈജിപ്തിലെ വിശുദ്ധ മേരിയെക്കുറിച്ചാണ് അതില്‍ വായിച്ചത്. പാപകരമായ ജീവിതം നയിച്ചിരുന്ന മേരി മാനസാന്തരത്തിന് ശേഷം പാപങ്ങള്‍ മാത്രമല്ല, താന്‍ പാപം ചെയ്തിരുന്ന കഴിഞ്ഞകാല സാഹചര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് മരുഭൂമിയില്‍ താപസജീവിതം നയിച്ച കാര്യങ്ങള്‍ ആ പുസ്തകത്തില്‍ വിവരിച്ചിരുന്നു. വായനയുടെ ഏതോ നിമിഷങ്ങളില്‍ ആ വിശുദ്ധിയുടെ പരിമളം അദ്ദേഹത്തിന്റെ ജീവിതത്തെ സ്പര്‍ശിക്കാനാരംഭിച്ചു. ഭക്ഷണം തയാറായി എന്നറിയിക്കാന്‍ വന്ന ഭാര്യ വളരെ ശ്രദ്ധയോടെ പുസ്‌കം വായിക്കുന്ന ജോണിനെയാണ് കണ്ടത്.

ഉച്ചഭക്ഷണം കഴിക്കാന്‍പോലും കൂട്ടാക്കാതെ ജോണ്‍ വായന തുടര്‍ന്നു. ജോണില്‍ കൃപയുടെ പ്രവര്‍ത്തനം നടക്കുന്നതായി തിരിച്ചറിഞ്ഞ ഭാര്യ പിന്നീട് ജോണിനെ ശല്യപ്പെടുത്തിയില്ല. ആ പുസ്തകത്തിലെ ഒരോ താളും ജോണിലെ ആന്തരിക മനുഷ്യനെ രൂപാന്തരപ്പെടുത്തുകയായിരുന്നു. അവസാന താളും വായിച്ച് ആ പുസ്തകം താഴെവച്ചപ്പോഴേക്കും പഴയ ജോണ്‍ മരിച്ചിരുന്നു. പകരം, ആദ്ധ്യാത്മിക പുസ്തകപാരായണത്തിലൂടെ വിശുദ്ധരായി തീര്‍ന്ന വിശുദ്ധ ഇഗ്നേഷ്യസ് ലയോള പോലുള്ള മഹാരഥന്‍മാരുടെ ഗണത്തിലേക്ക് ഒരു പുതിയ പുണ്യവാന്‍ കൂടി ജന്മമെടുക്കുകയായിരുന്നു.

വ്യാപാരി ആയിരുന്ന ജോണ്‍ അധിക ലാഭമെടുക്കുന്നത് അവസാനിപ്പിച്ചുകൊണ്ടാണ് മാനസാന്തരത്തിന്റെ ആദ്യഫലങ്ങള്‍ പ്രകടമാക്കിയത്. തുടര്‍ന്ന് ആശുപത്രികള്‍ സന്ദര്‍ശിച്ച് രോഗികളെ ശുശ്രൂഷിക്കുക, ദരിദ്രര്‍ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാക്കി. ആഡംബര വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച ജോണ്‍ തീര്‍ത്തും ലളിതമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആരംഭിച്ചു. ഒരിക്കല്‍ രോഗബാധിതനായ അദ്ദേഹത്തിന് തന്റെ ഭവനത്തില്‍ ലഭിക്കുന്ന സൗകര്യങ്ങളും പരിചരണവും ആര്‍ഭാടമായി അനുഭവപ്പെട്ടു.

ദരിദ്രരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറിയ അദ്ദേഹത്തെ വളരെയേറെ ബദ്ധപ്പെട്ടാണ് ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിച്ചത്. തനിക്ക് അത്യാവശ്യം വേണ്ട പരിചരണം മാത്രമേ ലഭ്യമാക്കാവു എന്ന നിബന്ധനയോടുകൂടിയായിരുന്നു അദ്ദേഹം തിരികെ വീട്ടിലേക്ക് പോന്നത്. രോഗമുക്തനായ അദ്ദേഹം ക്ലേശമനുഭവിക്കുന്ന രോഗികളെയും ദരിദ്രരെയും ശുശ്രൂഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. ഒരിക്കല്‍ അദ്ദേഹം ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒരു കുഷ്ഠരോഗി മുറിയില്‍ നിന്ന് അപ്രത്യക്ഷമായതായും മുറിയില്‍ സ്വര്‍ഗീയ സുഗന്ധം അവശേഷിച്ചതായും അദ്ദേഹത്തിന്റെ ജീവിതകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹത്തിന്റെ രണ്ടു മക്കളില്‍ ഒരാള്‍ മരിക്കുകയും മറ്റേയാള്‍ സന്യാസിനിയാവുകയും ചെയ്ത സാഹചര്യത്തില്‍ ഭാര്യയ്ക്ക് ജീവിക്കാന്‍ ആവശ്യമായതുമാത്രം മാറ്റിവച്ചശേഷം അവശേഷിച്ച സ്വത്ത് ഒരു ആശുപത്രിക്കും രണ്ട് മഠങ്ങള്‍ക്കുമായി ജോണ്‍ വീതിച്ചു നല്‍കി. ഭാര്യയുടെ അനുവാദത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഈ ഇഷ്ടദാനം. പിന്നീടുള്ള കാലം രോഗീപരിചരണത്തിലും പ്രായശ്ചിത്തപ്രവൃത്തികളിലും അദ്ദേഹം വ്യാപൃതനായി. ഭിക്ഷയെടുത്ത് തനിക്ക് ആവശ്യമുള്ള ഭക്ഷണം കണ്ടെത്തിയ ജോണിന്റെ മാതൃകയില്‍ ആകൃഷ്ടരായ ഒരു പറ്റം യുവാക്കള്‍ തങ്ങളുടെ സ്വത്തുക്കളെല്ലാം ദരിദ്രര്‍ക്ക് ദാനം ചെയ്തു ജോണിന്റെ പാത സ്വീകരിച്ചു.

സിയന്നായിലെ സമ്പന്നമായ കുടുംബാംഗങ്ങളിലെ അംഗങ്ങളായിരുന്ന യുവാക്കളുടെ ഈ പ്രവൃത്തി നഗരത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. ഈ കൊളംബിനി കുടുംബാംഗം നഗരത്തിലെ യുവജനങ്ങളെ വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ച് അവര്‍ ജോണിനെ സമൂഹത്തില്‍നിന്ന് പുറത്താക്കി. യാതൊരു പരാതിയും കൂടാതെ അദ്ദേഹം അവിടെനിന്ന് യാത്രയായി. തുടര്‍ന്ന് അരേസ്സൊ, സിറ്റാ ഡി കാസ്റ്റെല്ലോ, പിസാ തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ച് നിരവധി പേരെ മാനസാന്തരത്തിലേക്ക് നയിച്ചു.

പിന്നീട് സാഹചര്യം അനുകൂലമായപ്പോള്‍ തിരികെ സിയന്നയിലെത്തിയ ജോണ്‍ താന്‍ മുന്‍പ് മാന്യ അതിഥിയായി സ്വീകരിക്കപ്പെട്ട ഭവനങ്ങളിലെ ദാസനായി ശുശ്രൂഷ ചെയ്തുകൊണ്ടാണ് ജീവിതം മുമ്പോട്ട് നയിച്ചത്. 1367-ല്‍ റോമില്‍ തിരികെയെത്തിയ ഉര്‍ബന്‍ അഞ്ചാമന്‍ മാര്‍പാപ്പ ജോണിന്റെ കീഴിലുള്ള ജസ്വേറ്റി സന്യാസസഭയ്ക്ക് അംഗീകാരം നല്‍കി. ഈ സഭയ്ക്ക് അംഗീകാരം ലഭിച്ച് അധികം താമസിയാതെ, 1367 ജൂലൈ 31-ാം തിയതി ജോണ്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പയാണ് ജോണ്‍ കൊളംബിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.


രഞ്ജിത് ലോറന്‍സ്

Leave a Reply

Your email address will not be published. Required fields are marked *