മുന്തിരിയില്‍ പൂത്ത ദൈവവചനം

കുറച്ചു നാളുകള്‍ക്കുമുമ്പ് ഞാനൊരു മുന്തിരിച്ചെടി വാങ്ങി നട്ടു. കാര്യമായി പരിപാലനയോ വളമോ നല്കിയില്ല. അതിനാല്‍ത്തന്നെ വളര്‍ച്ച മുരടിച്ചുനിന്നു. പിന്നെ ബയോബിന്‍ വാങ്ങിയപ്പോള്‍ അതില്‍നിന്നു കിട്ടിയ ജൈവവളം ഇട്ടുകൊടുത്തു. അതോടെ അതങ്ങു വളര്‍ന്നു തുടങ്ങി. നല്ല വിടര്‍ന്നു പരന്ന ഇളം പച്ച, കരിംപച്ച ഇലകള്‍. നല്ല ബലവും വണ്ണവുമുള്ള ശാഖകള്‍. പക്ഷേ മുന്തിരിയൊന്നുമുണ്ടായില്ല.

അനുഭവസ്ഥരായവര്‍ പറഞ്ഞു, ഇതു പ്രൂണിംഗ് ചെയ്യണം. എന്നാല്‍ വെട്ടാന്‍ വിഷമമായിരുന്നു. പക്ഷേ മുന്തിരിയുണ്ടായിക്കാണാനുള്ള ആഗ്രഹത്താല്‍ വെട്ടാന്‍ തീരുമാനിച്ചു. കുഞ്ഞുശാഖകളും ഇലകളുമെല്ലാം വെട്ടിയപ്പോള്‍ സ്വകാര്യമായി അതിനോടു പറഞ്ഞു, ”മുന്തിരിയേ, നിന്നെ വെട്ടിക്കളയുന്നതല്ല കേട്ടോ. നിനക്ക് ഫലങ്ങളുണ്ടാകട്ടെ, അതിനുവേണ്ടി ഒന്ന് ഒതുക്കി ഒരുക്കിയെടുക്കുന്നതാണ്.”

വെറുമൊരു ഉണക്കക്കമ്പുപോലെ കുറച്ചുനാള്‍ അതങ്ങനെ നിന്നു. പിന്നെയും തളിരിട്ട് പുതിയ ശാഖകള്‍ വന്നു. തുടര്‍ന്ന് ആ മെയ്മാസം ആദ്യമായി മുന്തിരി പൂത്ത് കുഞ്ഞിക്കുലകള്‍ ഉണ്ടായി. യോഹന്നാന്‍ 15:1-2 എനിക്കനുഭവമാവുകയായിരുന്നു.
”ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്…. ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു”


ഡാര്‍ലി

Leave a Reply

Your email address will not be published. Required fields are marked *