ലോറയുടെ അമ്മയും നമ്മുടെ പ്രാര്‍ത്ഥനകളും

പ്രാര്‍ത്ഥന എപ്പോഴും ഫലദായകമാണ്. പലപ്പോഴും നാം നമുക്കുവേണ്ടിയും നമ്മുടെ കുടുംബത്തിനുവേണ്ടിയുമാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ കൂടുതല്‍ അഭിഷേകം കിട്ടിയവര്‍ മറ്റുള്ളവര്‍ക്കുവേണ്ടിയും ലോകം മുഴുവനുവേണ്ടിയും പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ വിലയായി നല്കി പ്രാര്‍ത്ഥനായുദ്ധം നടത്തിയ വ്യക്തികള്‍ വളരെ വിരളമാണ്.

അങ്ങനെയുള്ള ഒരു ബാലികയെക്കുറിച്ച് അറിയുന്നത് നിങ്ങള്‍ക്ക് തികച്ചും കൗതുകകരമായിരിക്കും. സാധാരണ നാം കേട്ടിട്ടുള്ളത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനവഴി മക്കള്‍ മാനസാന്തരപ്പെട്ട കഥകളാണ്. മോനിക്കാ പുണ്യവതിയൊക്കെ നമ്മുടെ മുമ്പിലുണ്ടല്ലോ. എന്നാല്‍ ഇവിടെ മകള്‍, അതും വെറും പതിനാല് വയസുള്ള ഒരു കുഞ്ഞ് അമ്മയുടെ മാനസാന്തരത്തിനുവേണ്ടി ജീവന്‍ കൊടുത്ത് പ്രാര്‍ത്ഥിച്ച് വിജയിച്ച കഥയാണ്.

ഈ ബാലികയെക്കുറിച്ച് ഞാനറിയുന്നത് ഒസര്‍വത്തോരെ റൊമാനോ എന്ന സഭയുടെ ഔദ്യോഗിക വാരികയുടെ താളുകളില്‍നിന്നാണ്. വളരെ പ്രാധാന്യത്തോടെ അവളുടെ വീരഗാഥ ‘A Merciful Daughter’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അവളുടെ പേര് ലോറ എന്നാണ്. ചിലിയിലെ സാന്റിയാഗോ ആണ് അവളുടെ ജന്മസ്ഥലം. ചിലിയിലെ രാഷ്ട്രീയപീഡനംമൂലം അവളുടെ കുടുംബം അര്‍ജന്റീനയുടെ അതിര്‍ത്തിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു.

അവിടെവച്ച് അവളുടെ പിതാവ് പെട്ടെന്ന് മരിച്ചു. നിസഹായയായ അവളുടെ അമ്മ അവിടെയുള്ള ഒരു ധനികന്റെ വീട്ടില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങി. ദുര്‍മാര്‍ഗിയായ അയാള്‍ ഈ കുടുംബത്തെ സഹായിക്കുവാന്‍ തുടങ്ങിയത് തെറ്റായ ലക്ഷ്യത്തോടെയായിരുന്നു. അയാള്‍ ലോറയുടെയും സഹോദരിയുടെയും പഠനത്തിനുള്ള ഫീസ് നല്കാമെന്നേറ്റു. അങ്ങനെ അവരെ സലേഷ്യന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന സ്‌കൂളില്‍ ചേര്‍ത്തു. പക്ഷേ അവരുടെ അമ്മ ഈ അധാര്‍മികനായ ധനികന്റെ സ്വാധീനത്തില്‍പെട്ട് അശുദ്ധമായ ജീവിതത്തിന് അടിമപ്പെട്ടു.

സലേഷ്യന്‍ സിസ്റ്റേഴ്‌സ് ലോറയ്ക്ക് ആത്മീയ ഉള്‍ക്കാഴ്ചകള്‍ നല്കി. ക്രിസ്തീയ വിവാഹജീവിതത്തിന്റെ വിശുദ്ധി എന്താണെന്ന് അപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് ഭൗതികസുരക്ഷിതത്വം നല്കാനുള്ള തത്രപ്പാടില്‍ അമ്മ ആത്മാവിനെ നഷ്ടപ്പെടുത്തി വികലമായ ഒരു ജീവിതമാണല്ലോ നയിക്കുന്നത് എന്നവള്‍ വേദനയോടെ മനസിലാക്കി.

അമ്മയുടെ ആത്മാവിനെ നാശത്തില്‍നിന്ന് രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടു. അതിനുള്ള വഴിയും അവള്‍ കണ്ടെത്തി. ദിവ്യകാരുണ്യനാഥനെ മുറുകെ പിടിക്കുക. അവളുടെ ദിവ്യകാരുണ്യഭക്തി അത്ര തീക്ഷ്ണമായിരുന്നതിനാല്‍ പതിവിലും നേരത്തേ അവളുടെ ആദ്യകുര്‍ബാന സ്വീകരണം നടത്തുവാന്‍ സമ്മതിച്ചു. ഈശോ ആദ്യമായി അവളുടെ ഉള്ളില്‍ വന്നപ്പോള്‍ അവള്‍ക്കൊരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ: ‘ഈശോയേ, എന്റെ അമ്മയുടെ ആത്മാവിന്റെമേല്‍ കരുണയായിരിക്കണമേ.’

അവളുടെ ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവം ഉണ്ടായി. ഒരു ദിവസം അവള്‍ ദൈവാലയത്തില്‍ ബഹുമാനപ്പെട്ട വൈദികന്‍ തിരുവചനം വ്യാഖ്യാനിക്കുന്നത് ശ്രവിക്കുകയായിരുന്നു. നല്ല ഇടയനെക്കുറിച്ചാണ് അച്ചന്‍ പറഞ്ഞത്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്റെ ജീവന്‍ അര്‍പ്പിക്കുന്നു (യോഹന്നാന്‍ 10:11). കേട്ടപ്പോള്‍ അവളുടെ കുഞ്ഞ് മനസില്‍ ഒരു തീരുമാനം, അതും ഉറച്ചത്, കടന്നുവന്നു. ഞാനും എന്റെ ഈശോയെപ്പോലെ ചെയ്യും. എന്റെ അമ്മയുടെ ആത്മാവിനെ രക്ഷിക്കുവാന്‍ എന്റെ ജീവന്‍ ഞാന്‍ സമര്‍പ്പിക്കും.

അന്ന് മുതല്‍ അവളുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: ‘ഈശോയേ, എന്റെ ജീവന്‍ അങ്ങ് എടുക്കുക, പകരം എന്റെ അമ്മയുടെ ആത്മാവിനെ രക്ഷിക്കുക.’ അവള്‍ പരിശുദ്ധ മാതാവിനെയും കൂട്ടുപിടിച്ചു. അമ്മയുടെ ആത്മാവിന്റെ കാര്യം അവള്‍ പരിശുദ്ധ മാതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു. അവള്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ‘കാര്‍മ്മല്‍ മാതാവേ, എന്നെ സ്വര്‍ഗത്തിലേക്ക് നയിക്കണമേ.’

ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് യേശു നിശ്ചയമായും ഉത്തരം നല്കും. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ലോറയുടെ ആരോഗ്യം ക്ഷയിക്കുവാന്‍ തുടങ്ങി. അവളുടെ പ്രാര്‍ത്ഥന സമര്‍പ്പിച്ച് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അതായത് 1904 ജനുവരി 22-ന് അവള്‍ രോഗീലേപനം സ്വീകരിച്ചു. അവള്‍ക്ക് മരിക്കുന്നതിനുമുമ്പ് ഒരാഗ്രഹമുണ്ടായിരുന്നു. അവളുടെ പ്രാര്‍ത്ഥനയുടെ ലക്ഷ്യം അമ്മയ്ക്ക് വെളിപ്പെടുത്തുക.

അതിനുള്ള അവസരം അവള്‍ക്ക് ലഭിച്ചു. അവള്‍ പതുക്കെ പറഞ്ഞു: ‘അമ്മേ, ഞാന്‍ മരിക്കുകയാണ്. എന്റെ ജീവന്‍ അമ്മയുടെ മാനസാന്തരത്തിനുവേണ്ടിയാണ് ഞാന്‍ സമര്‍പ്പിച്ചത്.’ അമ്മ അവള്‍ക്ക് വാക്ക് കൊടുത്തു. ‘ഞാന്‍ കര്‍ത്താവിലേക്ക് തിരിയും.’ അന്ന് വൈകുന്നേരം സന്ധ്യമണി അടിച്ചനേരം അവള്‍ ക്രൂശിതരൂപം ചുംബിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘യേശുവേ നന്ദി, മാതാവേ നന്ദി. ഞാന്‍ ഇപ്പോള്‍ സന്തോഷത്തോടെ മരിക്കുന്നു.’ അവളുടെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുപോയി. ദൈവം അവളുടെ മഹാത്യാഗത്തെ വിലമതിച്ചു. സഭ അവളെ ധന്യ എന്ന് പ്രഖ്യാപിച്ചു.

ഈ കുഞ്ഞിന്റെ നിഷ്‌കളങ്കമായ പ്രാര്‍ത്ഥന നമ്മുടെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നില്ലേ? ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം നമുക്കും ഉപയോഗിക്കാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം:

ജീവിക്കുന്ന യേശുവേ, അങ്ങയുടെ സാന്നിധ്യം എനിക്ക് പ്രാര്‍ത്ഥനയിലൂടെ മനസിലാക്കുവാന്‍ കൃപ നല്കണമേ. അങ്ങയുടെ സന്നിധിയില്‍ ചെലവഴിക്കുന്ന സമയം ഏറ്റവും ആഹ്ലാദകരമായ സമയമാണെന്ന് എനിക്ക് ബോധ്യം നല്കിയാലും. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ രൂപപ്പെടുത്തണമേ. പ്രാര്‍ത്ഥന രുചികരമാക്കി മാറ്റിയാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്ക് പ്രഥമസ്ഥാനം എന്റെ ജീവിതത്തില്‍ നല്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *