സ്ഥിരതയും ആത്മീയശക്തിയും

ടീച്ചര്‍ അമ്മയോട് പരാതി പറഞ്ഞു: ”മോന്‍ ക്ലാസില്‍ എപ്പോഴും വലിയ വികൃതിയാണ്.” വീട്ടിലെത്തിയ അമ്മ മകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ചോദിച്ചു: ”മോനേ, നീ എന്തുകൊണ്ടാ ക്ലാസില്‍ നല്ല കുട്ടിയായി പെരുമാറാത്തത്?” മകന്‍ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു: ”നല്ല കുട്ടിയാകുന്നതില്‍ എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ ഒരുപാട് നേരം നല്ല കുട്ടിയായി ഇരിക്കാനാ എനിക്ക് പ്രയാസം.”

ആ കുട്ടിയുടെ പ്രശ്‌നം തന്നെയാണ് നമ്മുടെ പ്രശ്‌നവും. ചില നേരങ്ങളില്‍ മാത്രമുള്ള ആത്മീയത. നന്മകളും ധാരാളമുണ്ട്. പക്ഷേ നന്മയില്‍ സ്ഥിരതയോടെനിന്ന് വളരാന്‍ പറ്റുന്നില്ല. സ്ഥിരതയില്ലാത്തിടത്തോളം കാലം വളര്‍ച്ചയും ഉണ്ടാവുകയില്ല. ആഴമില്ലാത്ത ആത്മീയതയുടെ അടയാളങ്ങളിലൊന്നാണ് സ്ഥിരതയില്ലായ്മ. പ്രാര്‍ത്ഥനയില്‍ സ്ഥിരതയില്ലാത്തവര്‍, സ്‌നേഹബന്ധങ്ങളില്‍ സ്ഥിരതയില്ലാത്തവര്‍, ആത്മീയ അനുഷ്ഠാനങ്ങളില്‍ നിലനില്പ്പില്ലാത്തവര്‍. ഇവരുടെയൊക്കെ പ്രശ്‌നം ആത്മീയതയുടെ ഉപരിപ്ലവതയാണ്.

വിതക്കാരന്റെ ഉപമയില്‍ യേശു വ്യത്യസ്ത സ്ഥലങ്ങളില്‍ വീണ വിത്തുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ”ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അത് പെട്ടെന്ന് മുളച്ച് പൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു” (മത്തായി 13:5-6).

ആഴമില്ലാത്ത മണ്ണില്‍ പെട്ടെന്ന് മുളച്ചു പൊന്തുന്ന ചെടികള്‍ പെട്ടെന്നുതന്നെ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. ആത്മീയതയുടെ ആഴം കുറഞ്ഞവര്‍ ഒരു പ്രസംഗം കേള്‍ക്കുമ്പോള്‍, പുസ്തകം വായിക്കുമ്പോള്‍, അതല്ലെങ്കില്‍ ഏതെങ്കിലും ഒരു ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുക്കുമ്പോള്‍ പെട്ടെന്ന് ആവേശഭരിതരാകും. പക്ഷേ വളരെ പെട്ടെന്നുതന്നെ ആവേശം കെട്ടുപോകുന്ന അവര്‍ക്ക് ഫലം പുറപ്പെടുവിക്കത്തക്ക രീതിയില്‍ വേരുകള്‍ ആഴ്ന്നിറങ്ങി വളരാന്‍ കഴിയാറില്ല.

മടുപ്പും ആത്മീയതയും

മടുപ്പു തോന്നുക ജീവിതത്തിലെ ഒരു സാധാരണ അനുഭവമാണ്. ജോലിയിലും ബന്ധങ്ങളിലും ഒക്കെ ആര്‍ക്കും ചിലപ്പോള്‍ മടുപ്പ് അനുഭവപ്പെടാം. എന്നാല്‍ ഏതൊരു കാര്യത്തിലും പെട്ടെന്ന് മടുപ്പു തോന്നി പിന്‍വാങ്ങുന്നത് ആത്മീയതയുടെ ആഴക്കുറവിന്റെ അടയാളമാണ്. വളരെ നിസാരമായ പ്രശ്‌നങ്ങള്‍പോലും അഭിമുഖീകരിക്കാന്‍ കഴിയാതെ തളരുന്നതും ആഗ്രഹിച്ച സന്തോഷമോ അംഗീകാരമോ കിട്ടാത്ത ഇടങ്ങളില്‍നിന്നും ഒളിച്ചോടുന്നതും ബന്ധങ്ങളില്‍ വളര്‍ച്ചയില്ലാത്തതും ഇത്തരക്കാരുടെ ലക്ഷണങ്ങളാണ്. എപ്പോഴും പുതിയ പുതിയ അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കും വേണ്ടി ഇങ്ങനെയുള്ളവര്‍ പരക്കം പായും.

കിട്ടിയ അറിവിനെ സ്വാംശീകരിക്കാനുള്ള ശക്തിയില്ലായ്മയും ലഭിച്ച ആത്മീയ അനുഭവത്തെ കാത്തുസൂക്ഷിക്കാനുള്ള കഴിവില്ലായ്മയുമാണ് ഇതിന്റെ കാരണം. പക്ഷേ സ്ഥിരതയില്ലാതെ ആത്മീയവളര്‍ച്ച അസാധ്യമാണ്. ഒരു ചെടി ഒരു സ്ഥലത്തുതന്നെ നിന്നാലേ അതിന് വേരുകളാഴ്ത്താന്‍ പറ്റൂ. നിരന്തരം പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് മുരടിച്ച് നശിച്ചുപോകും. അതിനാല്‍ മടുത്തുപോകാതെ സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം. വല്ലപ്പോഴും സ്‌നേഹിച്ചാല്‍ പോരാ, സ്‌നേഹത്തില്‍ നിലനില്ക്കണം. സ്ഥിരതയോടെ അധ്വാനിക്കണം. സ്ഥിരതയോടെ പഠിക്കണം. അതിന് നാം എന്താണ് ചെയ്യേണ്ടത്.

ഈ ഭൂമിയിലുള്ളതെല്ലാം അസ്ഥിരമാണ്. വ്യക്തികളും സാഹചര്യങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മാറിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും മാറ്റമില്ലാത്തത് ദൈവത്തിനും അവിടുത്തെ വചനത്തിനും മാത്രമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ സ്വഭാവപ്രത്യേകതകളിലൊന്നാണ് സ്ഥിരത. ദൈവത്തിന്റെ സ്‌നേഹം, ശക്തി ഇവയെല്ലാം നിത്യമാണ്. അതുകൊണ്ട് ദൈവത്താല്‍ നിറയപ്പെടുന്നതിനനുസരിച്ച് ദൈവത്തിന്റെ സ്വഭാവമായ സ്ഥിരത നമുക്കും സ്വന്തമാകും.

ഗലാത്തിയാ അഞ്ചില്‍ പറയുന്ന പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ ഒന്നാണ് ദീര്‍ഘക്ഷമ. ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രമേ അധ്വാനത്തിന്റെ ഫലങ്ങളും പ്രാര്‍ത്ഥനയുടെ ഉത്തരങ്ങളും കണ്ടെത്താനാകൂ. യാക്കോബ് 5:7-8-ല്‍ നാം ഇങ്ങനെ വായിക്കുന്നു ”ഭൂമിയില്‍നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢചിത്തരായിരിക്കുവിന്‍.” ആത്മാവിന് ക്ഷമയും മനസിന് ദൃഢതയും ഉണ്ടെങ്കിലേ സ്ഥിരതയെന്ന പുണ്യം നമ്മുടെ വ്യക്തിത്വത്തില്‍ വളരുകയുള്ളൂ. ആവേശമല്ല ആത്മാവാണ് നമ്മെ നയിക്കേണ്ടത്. ദൈവാത്മാവിന്റെ നിയന്ത്രണം ജീവിതത്തില്‍ വര്‍ധിക്കുന്ന തോതില്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കാനും സ്‌നേഹിക്കാനും നാം പ്രാപ്തരായിത്തീരും.

ഏര്‍പ്പെടുന്ന കാര്യങ്ങളൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പുതിയ പുതിയ മേഖലകള്‍ തേടുന്നവര്‍, ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ വളര്‍ത്താന്‍ സാധിക്കാത്തവര്‍, എപ്പോഴും എവിടെയും പ്രതിബന്ധങ്ങള്‍ കണ്ട് ഒതുങ്ങിക്കൂടുന്നവര്‍ ഇവര്‍ക്കെല്ലാം യഥാര്‍ത്ഥമായും വേണ്ടത് ആത്മീയശക്തിയാണ്. ശക്തിയുടെയും ജ്ഞാനത്തിന്റെയും ഉറവിടമായ ദൈവവുമായി ശരിയായ ബന്ധത്തിലേക്ക് കടന്നുവരുമ്പോള്‍ മനസ് ദൃഢതയുള്ളതാകും. സമീപനങ്ങള്‍ സ്വാഭാവികമായും ക്രിയാത്മകമായിത്തീരുകയും ചെയ്യും.

പരിശുദ്ധാത്മാവായ ദൈവമേ, എന്റെ ഉള്ളില്‍ നിറഞ്ഞ് സ്ഥിരതയെന്ന പുണ്യത്തില്‍ എന്നെ ബലപ്പെടുത്തിയാലും എന്ന് നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം.
സ്ഥിരതയോടെ പ്രാര്‍ത്ഥിക്കുവാന്‍ പരിശുദ്ധാത്മാവേ എന്നില്‍ വന്നു നിറയണമേ.
സ്ഥിരതയോടെ സ്‌നേഹിക്കുവാന്‍ പരിശുദ്ധാത്മാവേ എന്നില്‍ വന്നു നിറയണമേ.
സ്ഥിരതയോടെ അധ്വാനിക്കുവാന്‍ പരിശുദ്ധാത്മാവേ എന്നില്‍ വന്നു നിറയണമേ.
സ്ഥിരതയോടെ പഠിക്കുവാന്‍ പരിശുദ്ധാത്മാവേ എന്നില്‍ വന്നു നിറയണമേ.


ബെന്നി പുന്നത്തറ

Leave a Reply

Your email address will not be published. Required fields are marked *