നക്ഷത്രങ്ങൾ തൂക്കുന്നതെവിടെ?

അപ്പു താടിക്കു കൈയും കൊടുത്തിരിക്കുമ്പോഴാണ് ജീവൻചേട്ടൻ റോഡിലൂടെ വന്നത്. അവന്റെ ഇരിപ്പ് ശ്രദ്ധിച്ചതിനാൽ വീട് കഴിഞ്ഞു നടന്നുപോയിട്ടും ജീവൻ തിരികെ വന്നു. കാര്യമന്വേഷിച്ചപ്പോൾ അപ്പു മനസ്സു തുറന്നു, ”എന്റെ പുതിയ വീട് പണിയാൻ തുടങ്ങിയിട്ട് ഇതുവരെയും പണി പകുതി പോലുമായിട്ടില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്. പക്ഷേ അച്ഛന് പല ദിവസങ്ങളിലും ജോലിയില്ല. അമ്മയ്ക്കാണെങ്കിൽ വല്ലപ്പോഴുമാണ് ജോലി കിട്ടുക. പിന്നെങ്ങനെ കാശുണ്ടാകും? ഞാൻ എട്ടാം ക്ലാസിലായിട്ടും ഇപ്പോഴും പണി പകുതിപോലുമായിട്ടില്ല. മേൽക്കൂരയുണ്ടെന്നുമാത്രമേയുള്ളൂ. ഒരു ഭംഗിയുമില്ലാത്തൊരു വീട്. ഈ വീടിന്റെ കാര്യമോർക്കുമ്പോൾ എനിക്ക് നാണക്കേടും സങ്കടവുമൊക്കെ തോന്നും.”

ജീവൻചേട്ടൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു. പിന്നെ ചോദിച്ചു, ”അപ്പൂ, നീ പ്രാർത്ഥിക്കാറില്ലേ?”

”ഉവ്വ് ചേട്ടാ. ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കും” അപ്പുവിന്റെ മറുപടി.

”പക്ഷേ നിനക്കറിയാമോ, ദൈവം യേശുവിൽ മനുഷ്യനായി രൂപമെടുത്ത് വന്നപ്പോൾ പിറന്നുവീഴാൻ ഒരു വീടുപോലും കിട്ടിയില്ല. ഒരു കാലിത്തൊഴുത്താണ് കിട്ടിയത്. അതുകൊണ്ട് ആ യേശുവിന് നിന്റെ വിഷമം നന്നായി മനസിലാവും. കൂടാതെ, വീടിന്റെ വലുപ്പമല്ല നമ്മുടെ വലുപ്പമെന്നും യേശു നമ്മളെ പഠിപ്പിച്ചുതരും. അപ്പോൾ നിന്റെ വിഷമമെല്ലാം മാറും”

എന്തോ ഒരു പുതിയ അറിവ് കിട്ടിയെന്നവണ്ണം അപ്പു ജീവൻചേട്ടനെ നോക്കി. അവന്റെ വിഷമമെല്ലാം മാറിയതുപോലെ… ആത്മവിശ്വാസത്തോടെ അവൻ ജീവൻചേട്ടനെ നോക്കി പുഞ്ചിരിച്ചു. ജീവൻ ഓർത്തതാകട്ടെ ഇത്തവണ ക്രിസ്മസ് സമ്മാനമായി ഒരു കുടുംബത്തിനെങ്കിലും നല്ല വീട് നിർമ്മിച്ചുകൊടുക്കണമെന്ന വികാരിയച്ചന്റെ നിർദ്ദേശമായിരുന്നു. അച്ചനോടു പറഞ്ഞ് അത് അപ്പുവിന് തന്നെ നല്കണമെന്ന് അവൻ തീരുമാനിച്ചു.

അപ്പോൾ ജീവനെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്ന അപ്പുവിന്റെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങിയിരുന്നു. അത് താൻ തൂക്കിയ ക്രിസ്മസ് നക്ഷത്രങ്ങളാണെന്ന് ജീവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *