അതൊരു വിശിഷ്ടപ്രാർത്ഥനയായിരുന്നു

വിശുദ്ധ ആൻഡ്രൂ ബൊബോള
കൊസോക്ക്‌സ്, റഷ്യൻ സൈന്യം, ടാർട്ടാർ തുടങ്ങിയ വിഭാഗങ്ങൾ പോളണ്ടും അയൽ രാജ്യമായ ലിത്വാനിയയും ആക്രമിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. പോളിഷ് പട്ടണമായ പിൻസ്‌കിലെ ജസ്യൂട്ടുകൾക്കുള്ള അഭയകേന്ദ്രത്തിലാണ് ഫാ. ആൻഡ്രൂ ബൊബോള താമസിച്ചിരുന്നത്. ഫാ. ആൻഡ്രൂ ബൊബോളയെ ഇല്ലാതാക്കാൻ പട്ടണം അതിക്രമിച്ചെത്തിയ കൊസോക്ക് സൈനികർ തീരുമാനിച്ചു.

ശത്രുക്കളുടെ പിടിയിലായ ഫാ.ആൻഡ്രൂ ബൊബോള മുട്ടുകുത്തി ‘കർത്താവേ, നിന്റെ ഹിതം നിറവേറട്ടെ’ എന്ന പ്രാർത്ഥനയാണ് ആദ്യം നടത്തിയത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത ശത്രുക്കൾ മരത്തിൽ കെട്ടിയിട്ട് പ്രഹരിച്ചു. തുടർന്ന് ഒരു കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം കൈയറ്റുപോകുന്ന വിധത്തിൽ മാരകായുധമുപയോഗിച്ച് പ്രഹരമേൽപ്പിച്ചു. മണിക്കൂറുകൾ നീണ്ടു നിന്ന ക്രൂരമായ പീഡനത്തിന്റെ ആരംഭം മാത്രമായിരുന്നു അത്. തുടർന്ന് കശാപ്പുശാലയിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു. ദേഹമാസകലം പൊള്ളിച്ച ശേഷം തലയിലെയും ശരീരത്തിലെയും തൊലി ഉരിഞ്ഞെടുത്തു. വിശുദ്ധന്റെ നഖത്തിനടിയിൽ ആണികൾ അടിച്ചുകയറ്റിയതായും കൈകൾ തുളച്ചതായും വിശുദ്ധ ആൻഡ്രൂവിന്റെ അന്ത്യത്തെക്കുറിച്ചുള്ള വിവരണത്തിൽ പറയുന്നു.
ഈ സമയമൊക്കെയും ഫാ. ആൻഡ്രൂ തന്നെ ദ്രോഹിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുരിശിലേറ്റപ്പെട്ടപ്പോഴും തന്നെ പീഡിപ്പിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച ഈശോയുടെ വിശിഷ്ടമായ പ്രാർത്ഥന ആവർത്തിക്കുകയായിരുന്നു ആ പുണ്യപുരുഷൻ. അവസാനം അദ്ദേഹത്തിന്റെ നാവ് പിഴുതെടുക്കുന്നതുവരെ ആ പ്രാർത്ഥന തുടർന്നു. എന്നിട്ടും വിശ്വാസം ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത ഫാ. ആൻഡ്രൂവിന്റെ തലയിൽ ശത്രുക്കൾ ഏൽപ്പിച്ച മാരക പ്രഹരമാണ് അദ്ദേഹത്തിന്റെ മരണകാരണമായത്.

1592ൽ പോളണ്ടിൽ ജനിച്ച ആൻഡ്രൂ ബൊബോള സാൻഡോമിറിലുള്ള ജസ്യൂട്ട് സ്‌കൂളിൽനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1611ൽ സെമിനാരിയിൽ ചേർന്ന് 1622ൽ വൈദികനായി അഭിഷിക്തനായി. 1630-ൽ ബൊബ്രുയിസ്‌കിലെ സന്യാസ’ഭവനത്തിന്റെ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധൻ ആ കാലഘട്ടത്തിലുണ്ടായ പ്ലേഗ് ബാധയിൽ രോഗം ബാധിച്ചവരെ ജീവൻ പണയപ്പെടുത്തി ശുശ്രൂഷിച്ചു. യേശുനാമം ഉപയോഗിച്ച് പ്രാർത്ഥിക്കാൻ അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടതിലൂടെ അതിവേഗം രോഗബാധയിൽനിന്ന് ദേശം മുക്തമാവുകയും ചെയ്തു. 1636-ൽ സുപ്പീരിയർ സ്ഥാനം രാജിവച്ച് നീണ്ട 21 വർഷക്കാലം ലിത്വാനിയയിലെ തെരുവുകളിൽ സുവിശേഷം പ്രസംഗിച്ചു. നിരന്തരമായ ശത്രുക്കളുടെ ആക്രമണം മൂലം ദുരിതത്തിലായിരുന്ന ജനങ്ങളെ മതമൂല്യങ്ങളിലും ധാർമ്മികമൂല്യങ്ങളിലും ഉറപ്പിച്ച് നിർത്തുന്നതിൽ വിശുദ്ധന്റെ പ്രബോധനങ്ങൾ നിർണായക സ്വാധീനം ചെലുത്തി.

ശത്രുക്കളുടെ വിദ്വേഷത്തിന് പാത്രമായതിനെ തുടർന്നാണ് വിശുദ്ധ ആൻഡ്രൂ പിൻസ്‌കിലെത്തുന്നത്. രക്തസാക്ഷിത്വമാണ് അവിടെ കാത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് ഏറെക്കുറെ ഉറപ്പായിരുന്നു. കാരണം കത്തോലിക്കാ സഭയെ ദ്വേഷിച്ചിരുന്നവരുടെ കേന്ദ്രമായിരുന്നു അത്. പുറത്തു പോകുമ്പോഴൊക്കെ അദ്ദേഹത്തിന്റെ പുറകെ ചെന്ന് കൂവിവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ശത്രുക്കൾ പതിവാക്കി. എന്നാൽ തന്റെ ഗുരുവും കർത്താവുമായവനോട് അനുരൂപപ്പെടുവാൻ കിട്ടിയ അവസരമായി ഇതിനെ കണക്കാക്കിയ ആ വിശുദ്ധ വൈദികൻ ഇവയിലെല്ലാം സന്തോഷിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഇല്ലാതാക്കുവാൻ ശത്രുക്കൾ തീരുമാനമെടുത്തത്.

ലിത്വാനിയായുടെ അപ്പസ്‌തോലൻ, ആത്മാക്കളുടെ വേട്ടക്കാരൻ തുടങ്ങിയ വിശേഷണങ്ങളാൽ അറിയപ്പെടുന്ന രക്തസാക്ഷിയാണ് വിശുദ്ധ ആൻഡ്രൂ ബൊബോള. ഈ ജസ്യൂട്ട് വൈദികന്റെ അന്ത്യനിമിഷങ്ങൾ ഭീതിജന്യമായിരുന്നെങ്കിലും ക്രൈസ്തവോചിതമായ ശാന്തതയോടെ ക്രൂരപീഡനങ്ങളെ അതിജീവിച്ച അദ്ദേഹത്തിന്റെ ധീരത വിശ്വാസികൾക്ക് ഇന്നും ആവേശം പകരുന്നു. 1657 മെയ് 16-ാം തിയതി രക്തസാക്ഷിത്വം വരിച്ച ഫാ. ആൻഡ്രൂ ബൊബോളയെ 1938-ൽ പയസ് 12-ാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *