തിലകക്കുറിയണിഞ്ഞ് സ്വർഗീയയാത്ര

വാഴ്ത്തപ്പെട്ട റൊളാൻഡോ റിവി

”ഒന്നുകിൽ ഇവനൊരു വിശുദ്ധനായി തീരും. അല്ലെങ്കിൽ ഒരു തെമ്മാടിയായി മാറും. ഒരു സാധാരണക്കാരനായി ജീവിക്കാൻ ഇവന് സാധിക്കുകയില്ല.”- റൊളാൻഡോ റിവി എന്ന ബാലന്റെ ചുറുചുറുക്കും കുസൃതിയും കണ്ട് മുത്തശ്ശിയായ അന്ന പ്രകടിപ്പിച്ച അഭിപ്രായമാണിത്. 1931 ജനുവരി ഏഴാം തിയതി ഇറ്റലിയിലെ അപ്പന്നൈൻ മലനിരകളുടെ താഴ്‌വാരത്തുള്ള ചെറുഗ്രാമത്തിൽ ജനിച്ച റൊളാൻഡോ ഉത്തമ ക്രൈസ്തവവിശ്വാസിനിയായിരുന്ന മുത്തശ്ശിയുടെ ശിക്ഷണത്തിലാണ് വളർന്നുവന്നത്. ചെറുപ്പത്തിൽത്തന്നെ എന്നും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചുകൊണ്ട് വിശുദ്ധിയുടെ മാർഗം റൊളാൻഡോ തിരഞ്ഞെടുത്തു. 1938 കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചതു മുതൽ റൊളാൻഡോയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. സഹജമായ ഊർജ്ജസ്വലതയിൽ കുറവുണ്ടായില്ലെങ്കിലും അന്ന് മുതൽ കൂടുതൽ ഉത്തരവാദിത്വത്തോടെ ഏഴ് വയസ് മാത്രം പ്രായമുള്ള ആ ബാലൻ പെരുമാറാൻ ആരംഭിച്ചു. 1940-ൽ സ്ഥൈര്യലേപനം കൂടി സ്വീകരിച്ചതോടെ ഇത് കൂടുതൽ പ്രകടമായി.

സെമിനാരിയിൽ ചേരണമെന്നും വൈദികനാകണമെന്നുമുള്ള ആഗ്രഹം അടുത്ത വർഷം അവൻ മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ 11-ാം വയസിൽ കാർപ്പിനിറ്റിയലെ മരോള സെമിനാരിയിൽ റൊളാൻഡോ പ്രവേശിച്ചു. സെമിനാരി വിദ്യാർത്ഥികൾ ധരിക്കേണ്ട ളോഹ ധരിച്ചുകൊണ്ടാണ് റൊളാൻഡോ എപ്പോഴും നടന്നിരുന്നത്.

1944ൽ നാസി സൈന്യം സെമിനാരികൾ പിടിച്ചെടുത്തതിനെ തുടർന്ന് അവന് വീട്ടിലേക്ക് തിരികെ പോകേണ്ടതായി വന്നു. സെമിനാരി പഠനം വീട്ടിൽനിന്നും തുടരുന്നതിനാവശ്യമായ പുസ്തകങ്ങളുമായാണ് അവൻ മടങ്ങിയെത്തിയത്. സാൻ വാലന്റീനോ എന്ന തന്റെ കൊച്ചുപട്ടണത്തിലും സെമിനാരി വിദ്യാർത്ഥികൾ ധരിക്കുന്ന ളോഹ ധരിച്ചാണ് റൊളാൻഡോ നടന്നിരുന്നത്. നാസി സൈന്യത്തിനെതിരെ സഖ്യകക്ഷികളോടൊത്ത് പോരാടിയിരുന്ന കമ്മ്യൂണിസ്റ്റുകാർ വൈദികരെ ശത്രുക്കളായി കരുതിയിരുന്ന കാലത്ത് ഇത് അവന്റെ ജീവനുതന്നെ ഭീഷണിയായി. ഇവരുടെ ആക്രണത്തിൽ നാല് വൈദികർ ആ പ്രദേശത്ത് കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ പുറത്ത് സഞ്ചരിക്കുമ്പോൾ സുരക്ഷയെക്കരുതി ളോഹ ഉപേക്ഷിക്കുന്നതാവും ഉചിതമെന്ന മാതാപിതാക്കളുടെ ഉപദേശത്തോട് റൊളാൻഡോ ഇപ്രകാരം പ്രതികരിച്ചു- ”ഞാൻ വൈദികനാകാനാണ് പഠിക്കുന്നത്. ഞാൻ ഈശോയുടേതാണ് എന്നതിന്റെ അടയാളമാണ് ഈ കുപ്പായം.”
1945 ഏപ്രിൽ 10-ന് പുറത്തേക്ക് പോയ അവൻ പിന്നീട് മടങ്ങിവന്നില്ല. ളോഹ ഉരിഞ്ഞെടുത്തതിനുശേഷം ക്രൂരമായ പ്രഹരങ്ങൾ ശത്രുക്കൾ ആ ബാലന്റെമേൽ ഏൽപ്പിച്ചു. കുട്ടിയായതുകൊണ്ട് വിടണമെന്ന് അഭിപ്രായമുയർന്നെങ്കിലും ഭാവിയിൽ ഒരു വൈദികൻ കുറയട്ടെ എന്ന ഉദ്ദേശ്യത്തോടെ അവർ റൊളാൻഡോയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. 1945 ഏപ്രിൽ 13-ന് മൊദേനയുടെ സമീപത്തുള്ള കാട്ടിൽവച്ച് അവൻ വെടിയേറ്റ് വധിക്കപ്പെട്ടു. വിശുദ്ധമായ വെള്ളവസ്ത്രത്തിൽ പതിച്ച രക്തക്കറ സ്വർഗീയസമ്മാനത്തിനുള്ള യാത്രയിൽ റൊളാൻഡോയുടെ തിലകക്കുറിയായി മാറുകയായിരുന്നു.
2013-ൽ ഒക്ടോബർ അഞ്ചിന് റോളണ്ടോ റിവിയെ കർദിനാൾ ആഞ്ചലോ അമാറ്റോ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.


രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *