വിമാനത്താവളത്തിൽ സ്‌നേഹമായ്…

ആദ്യമായി ഞാൻ യു.കെയിലെ ത്തിച്ചേർന്നത് 2003 മെയ് 7-ന് ആണ്. ഹീത്രൂ വിമാനത്താവളത്തിൽ ചെന്നിറങ്ങിയ സമയം. എന്റെ പെട്ടി എടുക്കാനായി ലഗേജ് കിട്ടുന്നിടത്തേക്ക് പോകണം. കൈയിൽ ഒരു ബാഗ് ഉണ്ട്. അതിനകത്ത് എല്ലാ സർട്ടിഫിക്കറ്റുകളും കുറെ പ്രധാനപ്പെട്ട രേഖകളും മറ്റു ചില സാധനങ്ങളും ഉണ്ടായിരുന്നു.

ആ ബാഗിന് കുറച്ച് ഭാരമുണ്ടായിരുന്നതുകൊണ്ട് എന്റെ കൂടെ യാത്ര ചെയ്തിരുന്ന വ്യക്തിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു: ‘ഞാൻ ഇപ്പം എന്റെ പെട്ടി എടുത്തിട്ട് വരാം. ഈ ബാഗ് ഇവിടെ ഇരിക്കട്ടെ എന്ന്.’ സത്യത്തിൽ എനിക്ക് ഹീത്രൂ വിമാനത്താവളം എത്ര വലുതാണെന്നോ എത്ര തിരക്കുള്ള സ്ഥലമാണെന്നോ ഒന്നും അറിയില്ലായിരുന്നു.

വഴിയില്ലാതായപ്പോൾ…
ഞാൻ ഓർത്തത് ഏതോ ഒരു സ്ഥലത്ത് ലഗേജ് കിട്ടും, നേരെ അതേ വരിയിലൂടെ തിരിച്ചു നടന്നാൽ ഈ വ്യക്തിയുടെ അടുത്ത് വരാമെന്നാണ്. ഞാൻ തനിയെയാണ് നാട്ടിൽനിന്നും വന്നത്. ദൈവം കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ, മാതാവിന്റെ കൈയിൽ പിടിച്ചുകൊണ്ട് ജപമാലയും ചൊല്ലി നടന്നു. പെട്ടി എടുത്ത് തിരിച്ചുനടക്കുമ്പോൾ മനസിലായി ‘വന്ന വഴി അല്ല തിരിച്ചുപോകേണ്ടതെന്ന്.’

ബാഗ് ഏൽപിച്ച വ്യക്തിയുടെ അടുത്ത് തിരിച്ചുചെല്ലാൻ യാതൊരു വഴിയുമില്ല. എനിക്ക് അവിടെനിന്നും ന്യു കാസിൽ എന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. എന്റെ കൈയിൽ ആ സ്ഥലത്തേക്കുള്ള ടിക്കറ്റും പാസ്‌പോർട്ടും ഉണ്ട്. അടുത്ത വിമാനം കയറാനുള്ള ടെർമിനലിലേക്ക് ഞാൻ പോയി. ബാഗ് ഏല്പിച്ച വ്യക്തിക്ക് പോകേണ്ടത് മാഞ്ചെസ്റ്റർ എന്ന സ്ഥലത്തേക്കാണെന്നെനിക്കറിയാം. പക്ഷേ ആ ടെർമിനലിലേക്ക് പോകാനൊന്നും എനിക്കറിഞ്ഞുകൂടാ. ആ തിരക്കുള്ള സ്ഥലത്തുനിന്ന് ഒന്ന് ഉറക്കെ കരയാൻ തോന്നി.

സർട്ടിഫിക്കറ്റും പേപ്പേഴ്‌സും ഒന്നും ഇല്ലാതെ പുതിയ ഒരു സ്ഥലത്തേക്ക് ചെന്നാൽ അവർ സ്വീകരിക്കുമോ? അതോ തിരിച്ചു കേറിപ്പോകണം എന്ന് പറയുമോ? ജോലി തരുമോ? എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ മനസിലൂടെ കടന്നുപോയി. നാക്ക് ഇറങ്ങിപ്പോയതുപോലെ. ആരോ എന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു, പെട്ടി മുറുകെ പിടിക്ക് തിരക്കുള്ള സ്ഥലമാണ് എന്ന്.

അത് പിടിച്ചിട്ട് ഞാൻ ഓർത്തു, ആ പെട്ടിയിൽ കുറെ തുണികളും മറ്റു സാധനങ്ങളും. അതിലും വിലപ്പെട്ടതാണ് എനിക്ക് നഷ്ടപ്പെട്ടത്. ഞാൻ ഇൻഫർമേഷൻ ഡെസ്‌ക്കിൽ ചെന്ന് രണ്ടുപ്രാവശ്യം ചോദിച്ചു, എന്റെ ബാഗ് നഷ്ടപ്പെട്ടു, കിട്ടിയിട്ടുണ്ടോ എന്ന്. അവിടെ ഇല്ല എന്നും പറഞ്ഞ് എന്നെ തിരിച്ചുവിട്ടു. ഞാൻ ധൈര്യം കളയാതെ ഒരു ഫോൺകട തപ്പിപ്പിടിച്ചു. അതിൽ ഒരു കാർഡ് ഇട്ട് എന്നെ കൊണ്ടുവന്ന അങ്കിളിനെ വിളിച്ചുപറഞ്ഞു.

എന്റെ ബാഗ് നഷ്ടപ്പെട്ടു, എന്താണ് ചെയ്യേണ്ടതെന്ന്? ആ വ്യക്തി ദേഷ്യത്തോടെ പറഞ്ഞു, നിന്നെ ഇവിടെ കൊണ്ടുവരാമെന്നേ ഞാൻ ഏറ്റിട്ടുള്ളൂ. നീ യു.കെയിൽ കാലുകുത്തി, ഇനി എനിക്ക് ഒരു ഉത്തരവാദിത്വവുമില്ല. ബാഗ് പോയെങ്കിൽ തനിയെ കണ്ടുപിടിക്കുക എന്നിട്ടദ്ദേഹം ഫോൺ കട്ട് ചെയ്തു. ഒരു വഴിയും പറഞ്ഞുതന്നില്ല. പക്ഷേ, എന്തോ ഞാൻ ആ വ്യക്തിയോട് ആ സമയംതന്നെ ക്ഷമിച്ച് പ്രാർത്ഥിച്ചു. ദൈവമേ അനുഗ്രഹിക്കണമേ. ആ വ്യക്തി ഒരുപക്ഷേ എന്റെ അവസ്ഥ മനസിലാക്കാഞ്ഞിട്ടാണ് അങ്ങനെ പറഞ്ഞത്, സാരമില്ല എന്ന്.

പുതിയ വഴി
ആരും ഇല്ലാത്ത അവസ്ഥ. ഉടനെ ഞാൻ എന്റെ കഴുത്തിൽ കിടന്ന മാലയിലെ കുരിശുരൂപത്തെ പിടിച്ച് കുറച്ചുറക്കെ പറഞ്ഞു: ”കർത്താവേ, ഇതാ ഞാൻ. നീ എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം. ഇത്രയും നാളും പഠിച്ച് കിട്ടിയ സർട്ടിഫിക്കറ്റുകൾ മുഴുവനും നഷ്ടപ്പെട്ടിരിക്കുന്നു. ഈ തിരക്കുള്ള സ്ഥലത്ത് അത് എവിടെ ഇരിക്കുന്നുവെന്ന് നിനക്കറിയാം. നീ അത് കാണിച്ചു തന്നാൽ ഈ നിമിഷം മുതൽ ഞാൻ നിന്റെ മഹത്വത്തിനുവേണ്ടി ജീവിക്കാം. എനിക്ക് ഒരു നന്മയും വേണ്ട, ഇനി മറിച്ച് എന്നെ തിരിച്ച് കയറ്റി വിടുകയാണെങ്കിൽ അതും ദൈവമഹത്വത്തിന്. നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ”

ഉടനെ ഉള്ളിൽനിന്നും ഒരു സ്വരം ഞാൻ കേട്ടു. ‘നിന്റെ കൈയിലുള്ള പാസ്‌പോർട്ടും ടിക്കറ്റും അവിടെയുള്ള കൗണ്ടറിൽ കാണിക്കുക.’ എന്തും വരട്ടെയെന്ന് പറഞ്ഞ് ഞാൻ കൗണ്ടറിൽ ചെന്ന് എന്റെ പാസ്‌പോർട്ടും ടിക്കറ്റും കാണിച്ചു. ഉടനെ അവർ എന്നോട് ചോദിച്ചു: ‘നിങ്ങളുടെ ഒരു ബാഗ് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന്?’ ഞാൻ ഞെട്ടിപ്പോയി. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഞാൻ ചാടി പറഞ്ഞു ‘ഉണ്ട്.’

അവർ പറഞ്ഞു, അത് ഇൻഫർമേഷൻ ഡെസ്‌ക്കിൽ വന്നിട്ടുണ്ട്, പോയി മേടിച്ചുകൊള്ളാൻ. ഞാൻ ഓടിച്ചെന്ന് അത് മേടിച്ചു. സർട്ടിഫിക്കറ്റും മറ്റു സാധനങ്ങളുമെല്ലാം ഒരു കേടുമില്ലാതെ കിട്ടി. ദൈവത്തിന് ഒത്തിരി നന്ദി പറഞ്ഞു. ആ ബാഗ് ഞാൻ ഏല്പിച്ച വ്യക്തിക്ക് അത് ഇൻഫർമേഷൻ ഡെസ്‌ക്കിൽ ഏല്പിക്കാൻ ദൈവം തോന്നിച്ചു. ആ വ്യക്തിക്ക് ഒരു നന്ദിവാക്ക് പറയാൻപോലും സാധിച്ചിട്ടില്ല.

സങ്കീർത്തനങ്ങൾ 118:4-8 ”അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കർത്താവിന്റെ ഭക്തന്മാർ പറയട്ടെ! ദുരിതങ്ങളിൽ അകപ്പെട്ടപ്പോൾ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ പ്രാർത്ഥന കേട്ട് അവിടുന്ന് എന്നെ മോചിപ്പിച്ചു. കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും? എന്നെ സഹായിക്കാൻ കർത്താവ് എന്റെ പക്ഷത്തുണ്ട്; ഞാൻ എന്റെ ശത്രുക്കളുടെ പതനം കാണും. മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ കർത്താവിൽ അഭയം തേടുന്നതു നല്ലത്.”

ബിനി ജിനു

 

Leave a Reply

Your email address will not be published. Required fields are marked *