പരിഹാരത്തിന്റെ ഭാഗത്ത് നില്ക്കാം

ഒരു യാത്രയ്ക്കിടയിൽ വളരെ യാദൃശ്ചികമായിട്ടാണ് പഴയ സുഹൃത്തായ അനൂപിനെ കാണാനിടയായത്. സത്യം പറഞ്ഞാൽ, എനിക്കാദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അത്രയേറെ അയാൾ മാറിപ്പോയിരിക്കുന്നു. വിവർണമായ മുഖം, വിഷാദം സ്ഫുരിക്കുന്ന കണ്ണുകൾ, വൈകാരികമായ പിരിമുറുക്കത്തിനടിമപ്പെട്ടതുപോലുള്ള മുഖഭാവം, അശ്രദ്ധമായ സംസാരം, അലസമായ അയാളുടെ മനസിനെ എന്തൊക്കെയോ പ്രശ്‌നങ്ങൾ കാർന്നുതിന്നുന്നുണ്ടെന്നൂഹിക്കാൻ പ്രയാസമില്ല. ഉന്മേഷവും ചുറുചുറുക്കുമുള്ള പ്രതിഭാശാലിയായിരുന്ന ഈ മനുഷ്യന് എന്തു പറ്റിയെന്ന ചിന്ത എന്നെ തെല്ലിട അസ്വസ്ഥനാക്കി. കുശലാന്വേഷണങ്ങൾക്കിടയിൽ അയാളിൽനിന്ന് ചില വിവരങ്ങൾ മനസിലായി.

നല്ല നിലയിൽ ഒരു ബിസിനസ് നടത്തിക്കൊണ്ടിരുന്ന ഒരാളാണ് അനൂപ്. അന്ന് ബന്ധുമിത്രാദികൾക്കും മറ്റും വേണ്ടി അനൂപ് ചെയ്തിട്ടുള്ള ഉപകാരങ്ങൾക്ക് കണക്കില്ല. അവരിൽ പലരും അനൂപിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ് നല്ല നിലയിൽ എത്തിച്ചേർന്നത്. എന്നാൽ ഇന്നത്തെ അനുഭവം തികച്ചും ഭിന്നമാണ്. അനൂപിന്റെ ധനസ്ഥിതിക്കും മറ്റ് പരിതഃസ്ഥിതികൾക്കും വീഴ്ച വന്നപ്പോൾ പഴയ ബന്ധുമിത്രാദികൾക്കും മറ്റുള്ളവർക്കും അനൂപിനോട് തികഞ്ഞ അവജ്ഞയായി.
അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും അതുതന്നെയാണ്. തൊട്ടാവാടി പ്രകൃതക്കാരനായ അനൂപിന്റെ മനസിൽ ഒന്നും ഇരിക്കില്ല. ഉള്ളിൽ തോന്നുന്നത് ആരോടായാലും അയാൾ തുറന്നു പറയും. അതിന്റെ പരിണിതഫലം ശത്രുക്കളെ സൃഷ്ടിക്കലാണെന്ന യാഥാർത്ഥ്യം ആ പാവം അറിയുന്നില്ല. മറ്റു പലരും ഗൗനിക്കാതെ തള്ളിക്കളയുന്ന ചില കാര്യങ്ങൾ ഗൗരവബുദ്ധിയോടുകൂടി കണക്കിലെടുക്കുകയും അവയെ ചൊല്ലി വ്യാകുലപ്പെടുകയും ചെയ്യുന്ന ശീലമാണ് അയാളുടെ ആകുലതയ്ക്ക് കാരണമെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല.

നിസാരകാര്യങ്ങളെക്കുറിച്ചുള്ള വ്യാകുലചിന്തകളും വ്യഥകളും മനുഷ്യരെ മാനസികമായും ശാരീരികമായും തളർത്തിക്കളയുകയും അതവരുടെ ജീവിതത്തെത്തന്നെ താറുമാറാക്കിക്കളയുകയും ചെയ്യും. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതേ മാനസികാവസ്ഥ വച്ചുപുലർത്തുന്ന, അതുമൂലം ജീവിതം സ്വയം ദാരുണമാക്കിത്തീർക്കുന്ന ഒട്ടേറെ വ്യക്തികളെ എവിടെ നോക്കിയാലും കാണുവാൻ കഴിയും.

കാരണം, പരിഹാരം
ഈ ആധുനിക കാലഘട്ടത്തിൽ മാനുഷിക ബന്ധങ്ങൾ പൊതുവെ സങ്കീർണമാകുന്നത് എന്തുകൊണ്ടാണ്? നമ്മിൽ പലരും മറ്റുള്ളവരിൽനിന്ന് വളരെയേറെ പ്രതീക്ഷിക്കുന്നവരാണ്. അല്പംകൂടി വ്യക്തമായി പറഞ്ഞാൽ ‘സ്വാർത്ഥത’ ഏറിയവരാണ്. പ്രതീക്ഷ സഫലമാകാതെ വരുമ്പോൾ നമ്മൾ നൈരാശ്യത്തിനും രോഷത്തിനും അടിമപ്പെടുന്നു. ഇതോടെ നമ്മുടെ വിവേചനശക്തിക്ക് കോട്ടം സംഭവിക്കുകയും ഒട്ടുമുക്കാൽ കാര്യങ്ങൾക്കും അന്യരെ കുറ്റപ്പെടുത്തുവാനുള്ള പ്രവണതയ്ക്ക് അടിമകളായിത്തീരുകയും ചെയ്യുന്നു. ”അങ്ങ് എനിക്ക് കൂട്ടിന് തന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്ക് തന്നു; ഞാൻ അത് തിന്നു” (ഉൽപത്തി 3:12) എന്നു പറഞ്ഞ ആദാമിനെപ്പോലെ. ഇങ്ങനെ എല്ലാവരാലും നമ്മൾ വെറുക്കപ്പെട്ടവരും അകറ്റപ്പെട്ടവരും ആയിത്തീരുന്നു.

നിരന്തരം മറ്റുള്ളവരിൽ കുറ്റങ്ങളാരോപിക്കുകയും അവർ തങ്ങളെക്കൊണ്ട് പലവിധത്തിൽ മുതലെടുക്കുകയാണെന്ന് പരാതിപ്പെടുകയും ചെയ്യുന്നവർക്ക് ദുഃഖങ്ങൾ മാത്രമേ കൂട്ടിനുണ്ടാവുകയുള്ളൂ. എന്നാൽ, ‘ഞാനതൊന്നും വകവയ്ക്കുകയില്ല, എന്നെ എത്ര താഴ്ത്തിക്കെട്ടിയാലും എനിക്ക് ആരോടും പരിഭവമുണ്ടായിരിക്കുകയില്ല’ എന്നൊരുവൻ തീരുമാനിച്ചുറയ്ക്കുമ്പോൾ അയാൾ പ്രശ്‌നത്തെക്കാൾ പരിഹാരത്തിന് പ്രാധാന്യം കല്പിക്കുന്ന വ്യക്തിയായി മാറുന്നു. നമ്മൾ ഏതിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് കൂടുതൽ വളരുകയും വികസിക്കുകയും ചെയ്യും.

മറ്റുള്ളവർ ഇന്ന രീതിയിൽ ആയിരിക്കണം എന്നോട് പെരുമാറേണ്ടതെന്ന മുൻവിധിയോടുകൂടി അവരുമായി ഇടപെടുകയും അതിൽനിന്ന് വ്യത്യസ്തമായ അനുഭവം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് നമുക്ക് അവരോട് വിദ്വേഷവും അമർഷവും ഉണ്ടാവുന്നത്. ബോധപൂർവം നമ്മുടെ മാനസികാവസ്ഥയിൽ ഒരു മാറ്റം ഉണ്ടാക്കുകയും മുൻവിധികൾക്കടിമപ്പെടാതിരിക്കുകയും ചെയ്താൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പല അനർത്ഥങ്ങളെയും ഒഴിവാക്കാൻ കഴിയും.
വേറൊരാൾ നമ്മോട് ഇന്ന രീതിയിലേ പെരുമാറാവൂ എന്ന് നമ്മൾതന്നെ തീരുമാനിക്കുന്നത് ബുദ്ധിമോശമാണ്. ഓരോരുത്തർക്കും അവരവരുടേതായ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. അവയിൽ മുഴുകിയിരിക്കുമ്പോൾ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാൻ തരപ്പെട്ടെന്നുവരില്ല. പൊതുവെ എല്ലാവരും നല്ലവരാണ് എന്ന മനോഭാവം പുലർത്താൻ കഴിഞ്ഞാൽ ദൈനംദിന ജീവിതത്തിൽ നമുക്കനുഭവപ്പെടുന്ന ഒട്ടേറെ മനഃക്ലേശങ്ങൾ ഒഴിവാക്കാം. പ്രത്യുപകാരം പ്രതീക്ഷിച്ച് ഒരു പ്രവൃത്തിക്കും മുതിരാതിരിക്കുന്നതാണ് അഭികാമ്യം.

ഒഴിവാക്കേണ്ടത്
താനൊഴിച്ച് മറ്റുള്ളവരൊക്കെ എത്ര ഭാഗ്യവാന്മാരാണ്. തന്റെ വിധിമാത്രം ഇങ്ങനെയായല്ലോ എന്ന ചിന്ത. ഈ ചിന്ത ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നതിൽനിന്ന് നമ്മെ തടയും.

നമ്മളെകൊണ്ട് മറ്റൊരാൾക്ക് ഒരു ഉപകാരം ഉണ്ടാകുന്നതിൽ ആത്മസംതൃപ്തിയടയാൻ നമുക്ക് സാധിക്കണം.
തനിക്ക് സുഖമില്ല എന്നറിഞ്ഞിട്ടും അയാൾ ഒന്നു വന്നില്ലല്ലോ എന്ന ചിന്ത നിസാര കാര്യമായി നമ്മൾ കണക്കാക്കണം. ഒരുപക്ഷേ മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ നമ്മൾ പ്രതീക്ഷിച്ചിരുന്ന ആൾക്ക് ഉണ്ടായിട്ടുണ്ടാവാം. മാത്രമല്ല, രോഗക്കിടക്കയിൽ സന്ദർശകരുടെ തിരക്ക് നല്ലതല്ല. വിശ്രമമാണ് വേണ്ടത്. വരാതിരുന്നതാണ് നല്ലതെന്ന് ഉള്ളാലെ നമ്മൾ സമ്മതിക്കണം.

സ്വന്തം ചുറ്റുപാടുകൾ പരമദയനീയമാണ് എന്ന ചിന്ത. ഇത്തരം ചിന്ത നമ്മുടെ മനഃക്ലേശങ്ങൾ വർധിപ്പിക്കുകയേയുള്ളൂ. ഇത് നമ്മെ നിഷ്‌ക്രിയനാക്കും. ഇന്നു ഞാനായിരിക്കുന്ന ജീവിത ചുറ്റുപാടുകൾ കൂടുതൽ മെച്ചമുള്ളതാക്കിത്തീർക്കുവാൻ എനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ച് ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ നമ്മുടെ കഴിവുകൾ പൂർണമായും വിനിയോഗിക്കുകയാണ് വേണ്ടത്.

ഇതെന്തു ലോകമാണ്? ജീവിതം ഒരു കീറാമുട്ടിയാണല്ലോ. ഇങ്ങനെലോകത്തെയും ജീവിതത്തെയും പഴിച്ചുകൊണ്ടിരുന്നാൽ നമ്മുടെ മുൻപിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒന്നിനൊന്ന് വർധിച്ചുവരികയേയുള്ളൂ. ഏതു കാര്യത്തിനും രണ്ട് വശങ്ങളുണ്ട്. നല്ലതും ചീത്തയും. എപ്പോഴും ഏതു കാര്യത്തിലും നല്ല വശംമാത്രം കാണുവാൻ ശ്രമിക്കുക. ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തന നിരതരാവുക. സൗഭാഗ്യം നമുക്കൊപ്പം
ഓടിയെത്തും.

നമുക്കിനി ചിന്തിക്കുന്ന രീതി മാറ്റാം. പ്രശ്‌നത്തിന്റെയല്ല, പരിഹാരത്തിന്റെ ഭാഗമാവാം. ജീവിതവിജയം സുനിശ്ചിതമാക്കാം; ഭാവി ശോഭനവും. വചനം പറയുന്നു: ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി”
(ജറെമിയ 29:11).

ഫാ. സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

 

Leave a Reply

Your email address will not be published. Required fields are marked *