അര ഗ്ലാസ് ജ്യൂസ്

ഒരു ചെറിയ യാത്ര. ഇടയ്ക്ക് വഴിയരികിൽ തണ്ണിമത്തൻ ജ്യൂസ് കുടിക്കാനായി വാഹനം നിർത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയസ്പർശിയായിരുന്നു. അഞ്ച് സ്ത്രീകൾ ജ്യൂസ് വില്പനക്കാരനോട് കെഞ്ചുകയാണ്.

”സേട്ടാ… പത്തുരൂപ തരാം പകുതി തന്നാമതി… സേട്ടാ…”

ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് ഇരുപതു രൂപയാണ്. കരിപുരണ്ട് വൃത്തിഹീനമായ രൂപവും വസ്ത്രങ്ങളുമൊക്കെയായതിനാൽ കെഞ്ചി ചോദിച്ചിട്ടും പോ… പോ… എന്ന് ഈർഷ്യയോടെ ആട്ടിയോടിക്കുകയാണ് ജ്യൂസ് വില്പനക്കാരൻ.

കൂട്ടത്തിൽ ഒരു സ്ത്രീയുടെ നെഞ്ചോടൊട്ടിച്ചേർന്ന് പൊടിക്കുഞ്ഞ് മാറാപ്പിലും. അവരെ അവഗണിക്കാനായില്ല.

”ചേട്ടാ… അവർക്ക് അഞ്ചുപേർക്കും ജ്യൂസ് കൊടുത്തേര്.”

അദ്ദേഹത്തിന് വിശ്വാസം പോരാത്തതുപോലെ എന്നെ തുറിച്ചു നോക്കി.

”പൈസ ഞാൻ തന്നേക്കാം.” ഞാൻ ഉറപ്പ് കൊടുത്തു. അഞ്ചുപേർക്കും ഗ്ലാസുനിറയെ തണ്ണിമത്തൻ ജ്യൂസ് കൊടുത്തു. അവരത് കുടിച്ചുകൊണ്ടിരിക്കെ എന്റെ ഉള്ളും തണുത്തു.

കുടിച്ചുകഴിഞ്ഞപ്പോൾ ഒരു സ്ത്രീ എന്നോട് ചോദിച്ചു: ”നീങ്ക ക്രിസ്റ്റ്യനാ…?”

ഞാൻ അതിശയിച്ചുപോയി. ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് കിട്ടിയ ഉത്തരം… നിങ്ങൾ ക്രിസ്ത്യാനികളാണോ എന്ന്.

ഉള്ളിലെ ആത്മസന്തോഷത്തോടെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു: ”യേശു ആണ്ടവര് താനാ… ഇന്ത കുമ്മട്ടി നിങ്കള്ക്ക് വാങ്കി തന്നത്.”

നിറഞ്ഞ സന്തോഷത്തോടും സംതൃപ്തിയോടുംകൂടെ ഞങ്ങളെ നോക്കി അവരെന്തോ പറയുന്നുണ്ടായിരുന്നു. ”അവറ് ക്രിസ്റ്റിനാ…”
വാഹനമോടിച്ച് തിരിച്ചുപോരുമ്പോൾ യേശുവിന്റെ ആത്മാവ് മന്ത്രിച്ചു…. ”നിങ്ങൾക്ക് ദാഹിച്ചിട്ടല്ല അവിടെ നിർത്തിയത്…. എനിക്ക് ദാഹിച്ചിട്ടാ!”

അറിയാതെ മിഴികളിലൂടെ കണ്ണുനീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു…

സ്റ്റീഫൻ കണ്ടായിക്കോടത്ത്‌

Leave a Reply

Your email address will not be published. Required fields are marked *