കടം വീട്ടുന്ന ബാങ്ക്

കോളജിലേക്കുള്ള യാത്രയിലായിരുന്നു റെനി. സെൽ ഫോൺ റിങ്ങുചെയ്യുന്നു; നോക്കിയപ്പോൾ ആന്റിയാണ്. ‘ക്രിസ്മസ് വെക്കേഷന് നീ ഇങ്ങോട്ടു വരുന്നുണ്ടോ? ഇല്ലെങ്കിൽ ഞങ്ങൾക്കെല്ലാവർക്കുംകൂടി ഒരു ടൂറുപോകാനാണ്’ – ആന്റിയുടെ ശബ്ദം. റെനി ഒരു നിമിഷം നിശബ്ദയായി – എന്നിട്ട് പതുക്കെ പറഞ്ഞു – ‘ഇല്ല ആന്റീ, ക്രിസ്മസ് കഴിഞ്ഞാലുടൻ എക്‌സാമാണ്. ഒരുപാട് പഠിക്കാനുണ്ട്. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കുതന്നെ രണ്ടു ദിവസം പോകുമല്ലോ. നിങ്ങൾ ടൂർ പ്ലാൻ ചെയ്‌തോട്ടോ.’

‘എന്നാ ശരി.’ കൂടുതലൊന്നും സംസാരിക്കാതെ ആ സംഭാഷണം അവസാനിച്ചു. പക്ഷേ, റെനിയുടെ ഉള്ളിൽ ഒരു സങ്കടത്തുള്ളി ഉതിർന്നു- കണ്ണു നിറച്ചു. ക്രിസ്മസ് വെക്കേഷനെക്കുറിച്ച് നേരത്തേ ചിന്തിച്ച് പ്ലാൻ ചെയ്തിരുന്നു- കോളജ് അടയ്ക്കുന്ന അന്നു രാത്രി തന്നെ വണ്ടികയറണം- രാവിലെ ആന്റിയുടെ വീട്ടിലെത്താം. അനിയത്തിമാരുടെയും കുഞ്ഞാങ്ങളയുടെയുമൊപ്പം ‘അടിച്ചുപൊളിക്കണം.’ എന്നാൽ എല്ലാം… ബസിലിരുന്ന് ഉറക്കെ കരഞ്ഞുപോകുമെന്നു തോന്നി, പെട്ടെന്ന് വാപൊത്തി.

റെനിയുടെ മാതാപിതാക്കൾ ഒരു വാഹനാപകടത്തിൽ നേരത്തേ മരണപ്പെട്ടിരുന്നു. സ്വന്തമായുള്ളത് അമ്മയുടെ ഇളയ സഹോദരി റീബാ ആന്റിമാത്രം. പഠിച്ചതേറെയും കോൺവെന്റ് സ്‌കൂളുകളിലായിരുന്നതിനാൽ അവധിക്ക് ആന്റിയുടെ വീട്ടിലേക്കു പോകും.

വെക്കേഷന് ഹോസ്റ്റലിൽ ആരുമുണ്ടാകില്ല, എല്ലാവരും വീട്ടിൽ പോകും. ‘വീട്ടിൽ പോകുന്നില്ലേ?’ ‘എപ്പഴാ പോകുന്നേ?’ എന്നുള്ള ചോദ്യങ്ങൾക്ക് ഇനി എന്തു മറുപടി? നാണക്കേടാണ്- എന്തു ചെയ്യും? എപ്പോഴും അഭയം തരുന്ന ആന്റിയെ ബുദ്ധിമുട്ടിക്കരുതല്ലോ. ചിന്തകൾ കുഴഞ്ഞുമറിഞ്ഞു. ചങ്കുപൊട്ടുംപോലെ അവൾക്കുതോന്നി – അപ്പാ, എനിക്കു പോകാൻ ഒരു വീടില്ലല്ലോ… ഉള്ളുതേങ്ങിക്കൊണ്ട് അവൾ ബസിന്റെ സീറ്റിലേക്ക് തല ചാരി- ഒരു നിമിഷം – അവൾ കാണുകയാണോ, അനുഭവിക്കുകയാണോ എന്നറിയില്ല – ഈശോയുടെ തിരുഹൃദയം കാണിച്ച് – ഇതാ, ഇതാണ് നിന്റെ വീട് – എന്നൊരു സ്വരവും ആ ഹൃദയത്തോടു ചേർത്തണയ്ക്കുന്ന അനുഭവവും. അതേ, ശരിക്കും അവിടുത്തെ കരങ്ങൾ അവളെ പുണർന്നിരുന്നു- നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു.
അപ്രതീക്ഷിതമായി കിട്ടിയ സ്വർഗീയാനന്ദത്തിൽ മതിമറക്കവേ, അവിടുന്നു മൃദുവായി തുടർന്നു – കുഞ്ഞേ, നിനക്ക് എപ്പോഴും താമസിക്കാൻ, ജീവിക്കാനുള്ള നിന്റെ സ്വന്തം വീടാണിത്. മറ്റാരും അവകാശം പറയാത്ത നിനക്ക് തീറെഴുതിക്കിട്ടിയ വീട്. നിനക്കിവിടെ ആനന്ദിക്കാം, ‘അടിച്ചുപൊളിക്കാം’ ആഘോഷിച്ചു ‘തകർക്കാം.’ ഭൂമിയിൽ ഏറ്റം വലിയ കൊട്ടാരത്തോടുപോലും ഇതു തുലനം ചെയ്യാനാകില്ല. ”നഗരത്തിൽ ഞാൻ ദൈവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാൽ സർവശക്തനും ദൈവവുമായ കർത്താവും കുഞ്ഞാടുമാണ് അതിലെ ദൈവാലയം” (വെളിപാട് 21:22).

കൂട്ടുകൂടാനും ഉല്ലസിക്കാനും ഇഷ്ടംപോലെ കൂട്ടുകാരായി എത്തുന്നത് ദൈവദൂതർ. അവരെല്ലാം നിന്റെ ഇഷ്ടമറിഞ്ഞ് നിന്നെ സന്തോഷിപ്പിക്കാൻ, ശുശ്രൂഷിക്കാൻ കാത്തു നില്ക്കുന്നവർ. ”രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്കു ശുശ്രൂഷചെയ്യാൻ അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം?” (ഹെബ്രായർ 1:14).
അമ്മയില്ലെന്നല്ലേ നിന്റെ ഒരു സങ്കടം. ലോകത്തിലെ എല്ലാ അമ്മമാരുംചേർന്ന് നിന്നെ സ്‌നേഹിക്കുന്നതിനെക്കാൾ അധികം സ്‌നേഹവും വാത്സല്യവുമായി, എന്റെ അമ്മതന്നെ നിന്നെ കാത്തിരിക്കുന്നു; കുഞ്ഞേ, നിന്നെ ഒന്നു കയ്യിലെടുക്കാൻ, കളിപ്പിക്കാൻ, സ്‌നേഹംകൊണ്ട് പൊതിയാൻ.

വാരിപ്പുണരാനും മടിയിലിരുത്തി ലാളിക്കാനും കൊതിച്ചിരിക്കുന്ന നിന്റെ- എന്റെ – അപ്പാ ഉണ്ട്. തോളത്തിരുത്തി, ത്രിലോകങ്ങളും സവാരി ചെയ്യിക്കാൻ, സ്‌നേഹത്തിൽ ആറാടിക്കാൻ തുടിക്കുന്ന ഹൃദയവുമായി കൈനീട്ടി നില്ക്കുന്ന സ്‌നേഹംതന്നെയായ വല്യേട്ടായി- പരിശുദ്ധാത്മാവുണ്ട്. ”അപ്പോൾ നീ കർത്താവിൽ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാൻ സവാരിചെയ്യിക്കും” (ഏശയ്യ 58:14).

വിശുദ്ധരും രക്തസാക്ഷികളുമായ ചേച്ചിമാരും ചേട്ടൻമാരും അനുജത്തിമാരും അനുജന്മാരും കുഞ്ഞുവാവമാരുമായി കളിക്കണമെങ്കിൽ എത്രവേണം?
നിനക്കായ് വിശിഷ്ട വിഭവങ്ങളുടെ സ്‌നേഹവിരുന്നൊരുക്കി വിളമ്പാനും നിന്നോടൊപ്പം ആസ്വദിക്കാനും ഞാൻതന്നെയാണ് രാജകീയ വസ്ത്രങ്ങളണിഞ്ഞ് എത്തുക. നീ എന്റെ രാജകുമാരിയായി സ്വർണക്കസവുടയാട ചാർത്തി എന്നോടൊപ്പം സ്വർഗീയ വിരുന്നിനിരിക്കും (വെളിപാട് 3:20).

അറകളും മുറികളും പൂന്തോട്ടങ്ങളും നീന്തൽക്കുളങ്ങളും ദീപാലങ്കാരങ്ങളും. – എന്താണ് വേണ്ടത് അവയെല്ലാം നിന്റെ സ്വന്തം (വെളിപാട് 21:11-24). നീ ഈ വീട്ടിൽ ഒരിക്കൽ പ്രവേശിച്ചാൽ പിന്നൊരിക്കലും ഇവിടെനിന്നും പോകണമെന്നു തോന്നുകയേയില്ല. നിത്യം നിനക്കിവിടെ വസിക്കാം.’ ”അവൾക്കുവേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്കും” (സങ്കീർത്തനങ്ങൾ 132:15). അവിടുന്ന് ഒന്നു നിർത്തി.

ശരിയാ മരണശേഷം സ്വർഗത്തിൽ പോകാം- അവളോർത്തു. അപ്പോൾ അവിടുന്നു ചോദിച്ചു: ‘മരണശേഷമാണ് ഇവയെല്ലാം എന്നല്ലേ നീ കരുതുന്നത്. അല്ല എന്നു ഞാൻ നിനക്ക് ഉറപ്പുതരുന്നു. ഭൂമിയിലായിരിക്കേതന്നെ നിനക്ക് എന്റെ ഹൃദയമാകുന്ന സ്വർഗം സ്വന്തമാക്കി അതിലെ സന്തോഷവും സുഖവും അനുഭവിച്ച് ജീവിക്കാം. എത്രയോ പേർ ഭൂമിയിലായിരിക്കേ സ്വർഗത്തിൽ ജീവിച്ചു? വേണോ ഉദാഹരണങ്ങൾ?’ ഈശോ വളരെ സരളമായി സംസാരിച്ചത് അവൾക്ക് കൗതുകമായി. ‘ബർണാർദ്, ജർത്രൂദ്, ഫ്രാൻസിസ് അസ്സീസ്സി, ക്ലാര, ജോൺ ഓഫ് ദ ക്രോസ്, തെരെസ ഓഫ് ആവില, എൽസിയർ, മാർഗരറ്റ് മേരി, ഇങ്ങനെ വളരെയേറെ. ഇവരുടെ ജീവിതം വായിച്ചുനോക്ക്, എന്നിട്ട് നമുക്കു കാണാം.’ സ്വരം നിലച്ചപ്പോഴേക്കും ബസ് കോളജിനടുത്തെത്തിയിരുന്നു.

വാഹനത്തിൽ നിന്നിറങ്ങുമ്പോൾ മറ്റൊരു ലോകത്തേക്ക് കാലെടുത്തുവയ്ക്കുംപോലെയായിരുന്നു റെനിക്ക് – മുത്തുകളുടെയും പവിഴങ്ങളുടെയും ഓഫീർ പൊന്നുകളുടെയും പരവതാനികളുടെയും ലോകത്തേക്ക്. അല്ല, അതുവരെയും അവൾ സ്വർഗത്തിൽ വിഹരിക്കുകയായിരുന്നല്ലോ. റീബാ ആന്റിയെയും കുട്ടികളെയും നാട്ടിലെ ക്രിസ്മസുമെല്ലാം അവൾ മറന്നുകഴിഞ്ഞു.

ബസിൽവച്ച് പൊട്ടിക്കരഞ്ഞവൾക്ക് ഇപ്പോൾ വിവരിക്കാൻ പറ്റാത്ത ആനന്ദം. എല്ലാവരോടും പുഞ്ചിരിയോടെ കുശലം. സഹപാഠികൾ മാലാഖമാരെപ്പോലെ അവൾക്ക് തോന്നി. അവളും അവരിലൊരു മാലാഖയായി പാറിപ്പറന്നു. അപ്പയും അമ്മയും സഹോദരങ്ങളും ഇല്ലെന്നോ, പോകാൻ വീടില്ലെന്നോ അവൾ പിന്നൊരിക്കലും ഓർത്തില്ല; കരഞ്ഞില്ല. ”ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്ത് വസിക്കും… അവിടുന്ന് അവരുടെ മിഴികളിൽനിന്ന് കണ്ണുനീർ തുടച്ചുനീക്കും… ഇനി ദു:ഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി” (വെളിപാട് 21:3,4).
ഈശോ സംസാരിച്ചുകൊണ്ടിരിക്കേ അതുമായി ബന്ധപ്പെട്ട ബൈബിൾ വചനങ്ങളും റെനിയുടെ ഉള്ളിൽ നിറഞ്ഞുവന്നു. ലഞ്ചുബ്രേക്കിനായി അവൾ തിടുക്കപ്പെട്ടു, ഊണുകഴിക്കാതെ കമ്പ്യൂട്ടർ റൂമിലേക്ക് ഓടി. ഈശോ പറഞ്ഞ പേരുകൾ സേർച്ചുചെയ്തുകൊണ്ടിരുന്നപ്പോൾ അവിശ്വസനീയത അവളുടെ കണ്ണുകൾ വിടർത്തി.

വിശുദ്ധ ക്ലാര ദിവ്യകാരുണ്യത്തിലെ ഈശോയുടെ ഹൃദയത്തിൽ ജീവിക്കയാൽ ആ സ്‌നേഹാഗ്നിയാൽ നിരന്തരം ജ്വലിച്ചിരുന്നത്രേ.
വിശുദ്ധ ജർത്രൂദ് തിരുഹൃദയത്തിലെ നിത്യ അഭയാർത്ഥിയായിരുന്നു. എല്ലാ കൃപാവരങ്ങളുടെയും ഉറവിടമായിരുന്നു അവിടുത്തെ ഹൃദയം. അവൾ അവിടുത്തെ ഹൃദയത്തിൽ അലിഞ്ഞു. സ്വർഗത്തിലേക്ക്, അഥവാ ഈശോയുടെ തിരുഹൃദയത്തിലേക്ക് അവൾ പറന്നു – എന്ന് ചരിത്രകാരൻ രേഖപ്പെടുത്തുന്നു.
വിശുദ്ധ എൽസിയറും വിശുദ്ധ ഡെൽഫൈനും ബ്രഹ്മചര്യവ്രതമെടുത്ത ദമ്പതികൾ. ഏകാന്തവാസത്തിനു പുറപ്പെട്ട എൽസിയർ ഭാര്യയ്‌ക്കെഴുതി: ”നീ എന്റെ ആരോഗ്യത്തെക്കുറിച്ച് ആകുലയാണ്. എന്നെക്കുറിച്ചറിയാൻ നീ ആഗ്രഹിക്കുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ ചെന്ന് നീ ഈശോയുടെ തിരുഹൃദയത്തിൽ പ്രവേശിക്കുക. അവിടെനിന്നും നിനക്ക് എന്നെക്കുറിച്ച് അറിയാൻ കഴിയും. കാരണം ഞാൻ അവിടെയാണ് സ്ഥിരതാമസം.”

‘വിറ്റിസ് മിസ്റ്റിക്ക’ എന്ന ഗ്രന്ഥത്തിൽ വിശുദ്ധ ബർണാർദ് എഴുതുന്നു: എനിക്ക് ഉള്ളതെല്ലാം കൊടുത്ത് ഞാൻ ഈശോയുടെ തിരുഹൃദയം എന്റെ സ്വന്തമായി വാങ്ങും. ദൈവത്തിന്റെ കോടതിയിലെ എന്റെ കടങ്ങളെല്ലാം വീട്ടുന്ന സമ്പന്നമായ ബാങ്ക് ആ ഹൃദയമാണ്. എന്റെ ജീവിത നൗക പാപത്തിന്റെയും ലോകത്തിന്റെയും കൊടുങ്കാറ്റിൽ തകരാതെ കാക്കാൻ പറ്റിയ സുരക്ഷിത സങ്കേതവും ഈശോയുടെ ഹൃദയംതന്നെ. ‘കർത്താവേ അങ്ങയുടെ തിരുഹൃദയം ധ്യാനിക്കുമ്പോൾതന്നെ എത്ര വലിയ ആശ്വാസവും സ്‌നേഹവുമാണ് എനിക്കു ലഭിക്കുന്നത്! എങ്കിൽ അവിടെ സ്ഥിരതാമസമാക്കുമ്പോൾ ഞാൻ നീന്തിത്തുടിക്കുന്ന സ്‌നേഹക്കടലിന്റെ ആഴവും പരപ്പും മാധുര്യവും എങ്ങനെ വർണ്ണിക്കും! ആ മധുരസ്‌നേഹഹൃത്തിലേക്ക് എന്നെ മുഴുവനായും വലിച്ചെടുക്കണമേ.’

നിനക്ക് ആരുമില്ലെങ്കിലും, നീ ഏത് അവസ്ഥയിലാണെങ്കിലും എല്ലാവരും നിന്നെ ഉപേക്ഷിച്ചാലും മറന്നാലും വഞ്ചിച്ചാലും ഈശോ അവിടുത്തെ ഹൃദയത്തിൽ നിന്നെ സൂക്ഷിക്കും. ഒരിക്കലും നിന്നെ വഞ്ചിക്കാത്ത, മറക്കാത്ത ഹൃദയം ഈശോയുടേതുമാത്രം. നിലയ്ക്കാതെ, എന്നും എപ്പോഴും ആത്മാർത്ഥമായി നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നതും ഈശോയുടെ ഹൃദയം മാത്രം’ എന്ന് ആ മഹാ വിശുദ്ധന്റെ സാക്ഷ്യം.

തിരുഹൃദയത്തിൽ കൂടുകൂട്ടിയവരെ തിരഞ്ഞപ്പോൾ, വലിയ വലിയ വിശുദ്ധർക്കുമാത്രമല്ല സാധാരണക്കാർക്കും തിരുഹൃദയ ദർശനവും സന്ദേശങ്ങളും ഈശോ നല്കിയിട്ടുണ്ട് എന്നത് റെനിക്ക് ആശ്വാസമായി. ബ്രിട്ടണിയിലെ സാധു കർഷക പെൺകുട്ടി ആർമെല്ലെ നിക്കോളാസ്, 20-ാം നൂറ്റാണ്ടിലെ സിസ്റ്റർ ജോസഫാ മെനെൻഡസ് എന്നിവർ അതിൽപ്പെടും. കൂടാതെ, ”പുണ്യത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പാപിയാണ് വിശുദ്ധൻ” എന്ന വിശുദ്ധ ജോസ് മരിയ എസ്‌ക്രീവയുടെ വാക്കുകളും അവൾക്ക് ബലമായി. ഈശോയുടെ തിരുഹൃദയം സ്വന്തമാക്കി അതിൽ വാസമുറപ്പിക്കണമെന്ന തീരുമാനവുമായാണ് അവൾ കമ്പ്യൂട്ടറിന്റെ മുമ്പിൽനിന്നും എഴുന്നേറ്റത്. ഞാൻ അനാഥയല്ല, നീ അനാഥന(യ)ല്ല; എന്ന ആത്മഗതവും.

ക്രിസ്മസ് വെക്കേഷന് ഒരു ധ്യാനകേന്ദ്രത്തിൽ വച്ച് ഏറെനാളുകൂടി കണ്ടുമുട്ടിയ ജീസസ് യൂത്ത് സുഹൃത്താണ് റെനി. അവൾ സ്വന്തം അനുഭവം പങ്കുവച്ചത് ഇവിടെ പകർത്തിയെന്നു മാത്രം. പിരിയുംമുമ്പ് ഇത്രകൂടി പറഞ്ഞു: ”ഈശോയുടെ തിരുഹൃദയത്തിലേക്കുള്ള എളുപ്പമാർഗം പരിശുദ്ധ അമ്മയുടെ വിമലഹൃദയമാണെന്നാണ് ഈശോ പറഞ്ഞുതന്നത്. അതല്ലാതെ മറ്റൊന്നില്ല എന്നാണ് ഞാൻ വായിച്ച വിശുദ്ധരെല്ലാം വെളിപ്പെടുത്തിയതും. നമ്മുടെ അമ്മ തിരുഹൃദയത്തിന്റെ നാഥയാണല്ലോ.”

ആൻസിമോൾ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *