വേഗത കൂട്ടിയ പാനീയവും ദൈവവചനവും

അന്ന് ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ആശിഷ് എന്ന ഉത്തർപ്രദേശുകാരനായ ഓഫീസറുടെ വിവാഹമായിരുന്നു. വിവാഹം ഉത്തർപ്രദേശിലെ വാരണാസിയിൽവച്ച് രാത്രി ഒമ്പതുമണിയോടടുത്ത സമയത്താണ്. ഞങ്ങൾ കുറച്ചുപേർ വിവാഹത്തിന് പോകാൻ തീരുമാനിച്ചു. അന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബാങ്ക് അവധിയായതിനാൽ ഉച്ചകഴിഞ്ഞ് പോകാൻ ഒരു വാഹനം ഏർപ്പാടാക്കി.

റോഡ്‌സൈഡിൽ യാത്രയ്ക്ക് തയാറാക്കിയ വാഹനവും കാത്തുനിൽക്കുകയാണ്. ഉടനെതന്നെ വാഹനം വന്നു. പക്ഷേ ഡ്രൈവർക്ക് എന്തോ വ്യക്തിപരമായ അസൗകര്യം യാത്ര പോകാൻ. അതിനാൽ സഹപ്രവർത്തകരിൽ ചിലർ പെട്ടെന്നുതന്നെ വേറൊരു വാഹനം ഏർപ്പാടാക്കി. ആ വാഹനം കണ്ട മാത്രയിൽ എന്റെ മനസിൽ ഒരു ആപത്‌സൂചന, ഹൃദയത്തിൽനിന്നും ഒരു സ്വരം.

”ഇത് മരണവാഹനമാണ്. ഇതിൽ യാത്ര ചെയ്യരുത്. വലിയൊരു അപകടത്തിലേക്കാണ് ഇത് പോകുന്നത്.” വാഹനം നിർത്തിയ ഉടനെ തന്നെ ഞാനൊഴികെ എല്ലാവരും കയറി. എനിക്കുവേണ്ടി ഡ്രൈവറുടെ സീറ്റിനോട് ചേർന്നുള്ള മുൻവശത്തെ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ഞാൻ കയറാൻ മടിച്ചുനില്ക്കുകയാണ്. കയറിയ സഹപ്രവർത്തകർ ധൃതി കൂട്ടി. ”സാർ സമയം പോകുന്നു. പെട്ടെന്ന് കയറിയിരിക്കൂ”

എല്ലാം എന്റെ മനസിന്റെ തോന്നലായിരിക്കും, യാത്ര പോയേക്കാം എന്നു കരുതി എന്റെ സീറ്റിൽ ഇരിക്കാനായി മുൻവശത്തെ ഡോർ തുറന്ന് കാറിനകത്തേക്ക് കാൽ വച്ചു. വീണ്ടും ഹൃദയത്തിൽനിന്നുള്ള സ്വരം ”ഇതിൽ യാത്ര ചെയ്യരുത്. പുറത്തേക്കിറങ്ങൂ.” ഞാൻ പുറത്തേക്കിറങ്ങി. വാഹനത്തിലിരുന്ന സഹപ്രവർത്തകരോട് പറഞ്ഞു: ”എനിക്ക് നല്ല സുഖം തോന്നുന്നില്ല. അതുകൊണ്ട് ഞാൻ വരുന്നില്ല.” അവരോടും പോകണ്ട എന്ന് വിലക്കിയാൽ അവർ അനുസരിക്കില്ല എന്നതുകൊണ്ട് അതിനു ശ്രമിച്ചിട്ട് കാര്യമില്ല. സന്തോഷകരമായ ഒരു യാത്ര ആരെങ്കിലും മറ്റൊരാളുടെ മനസ്സിലെ തോന്നൽ നിമിത്തം മാറ്റിവയ്ക്കില്ലല്ലോ.

ഞാൻ യാത്രയ്ക്കില്ല എന്നു കേട്ടപ്പോൾ കാറിന്റെ ബാക്ക് സീറ്റിൽ ഇരുന്ന രാജേഷ് എന്ന ബംഗാളിയായ ഓഫീസർ എനിക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന സീറ്റിൽ ഇരുന്നു. വാഹനം ഉടനെതന്നെ പുറപ്പെട്ടു. യാത്ര മുടങ്ങിയതിൽ എനിക്ക് വിഷമം തോന്നിയില്ല. മറിച്ച് വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്. ഞാൻ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് നടന്നു.

രാത്രി ഫ്‌ളാറ്റിൽ ഉറങ്ങുകയായിരുന്ന ഞാൻ രാത്രി പത്തുമണിക്ക് മൊബൈൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. ഫോൺ എടുത്തു. വാരണാസിക്ക് യാത്ര പോയ ഒരു സഹപ്രവർത്തകനാണ്. ‘വണ്ടി ഒരു വലിയ അപകടത്തിൽപ്പെട്ടു, എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. എനിക്ക് പകരം മുൻവശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്ത രാജേഷിന്റെ സ്ഥിതി അതീവ ഗുരുതരമാണ്’ എന്നറിയിച്ചു. രാജേഷ് എന്റെ നല്ല സ്‌നേഹിതനായിരുന്നു. രാജേഷിന്റെ ജീവൻ എടുക്കരുതേ എന്ന് കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ട് ആ രാത്രി ഞാനുറങ്ങി.

പിന്നീട് അപകടത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചു. യാത്രയ്ക്കിടെ ഡ്രൈവർ ഉൾപ്പെടെ എല്ലാവരും മദ്യപിച്ചു. വാസ്തവത്തിൽ മദ്യത്തിലൂടെ സാത്താനാണ് വണ്ടി നിയന്ത്രിച്ചത്. നല്ല വേഗതയിലുമായിരുന്നു. രാത്രിയിൽ ഹൈവേയുടെ സൈഡിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ അടിയിലേക്ക് ഈ കാർ ഇടിച്ചു കയറുകയായിരുന്നു. മുൻവശത്തെ ഗ്ലാസ് പൊട്ടിച്ചിതറി. മുൻസീറ്റിൽ ഇരുന്ന രാജേഷിന്റെ തല ലോറിയുടെ പിൻവശത്തെ ഇരുമ്പ് പാളിയിൽ ഇടിച്ച് പൊട്ടുകയായിരുന്നു. ബാക്ക് സീറ്റിലിരുന്ന മിക്കവരുടെയും കൈകാലുകൾ ഒടിഞ്ഞു. ഐ.സി.യുവിൽ ആയിരുന്ന രാജേഷ് പിറ്റേന്നുതന്നെ മരിച്ചു.
മദ്യമെന്ന പൈശാചികപാനീയം വരുത്തിവച്ച അപകടമായിരുന്നു അത്. അതിൽനിന്ന് എന്നെ രക്ഷിച്ചതാകട്ടെ ദൈവസ്വരവും. ”കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽനിന്നും മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽനിന്നും ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി; ഇതിലേ പോവുക” (ഏശയ്യാ 30:20-21).

ജോൺ പി.ഡി

 

Leave a Reply

Your email address will not be published. Required fields are marked *