തിളക്കമു്, വെള്ളിക്കസവിനെക്കാൾ!

ഒരു ക്രിസ്മസ് സായാഹ്നം. അസ്സീസ്സിയിലെ ഫ്രാൻസിസ്‌കൻ ആശ്രമത്തിൽ കൊച്ചുദൈവാലയം സൂക്ഷിക്കുന്ന ചുമതലയുള്ള സഹോദരൻ അൾത്താര മനോഹരമായി അലങ്കരിച്ചു. ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് അദ്ദേഹം ബ്രദർ ജൂണിപ്പറിനെ ഒരു ജോലി ഏല്പിച്ചു. അൾത്താരയും ദൈവാലയവുമെല്ലാം കാവൽ ചെയ്യണം. ജൂണിപ്പർ സമ്മതിച്ചു. അവിടെയിരുന്ന് പ്രാർത്ഥിക്കാനും തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ ഒരു സാധുസ്ത്രീ അവിടെയെത്തി.
ദൈവസ്‌നേഹത്തെപ്രതി തനിക്കെന്തെങ്കിലും തരണേയെന്നായിരുന്നു അവരുടെ യാചന. ദാരിദ്ര്യവ്രതം സ്വീകരിച്ച ജൂണിപ്പറിന്റെ കൈയിൽ എന്തുണ്ടാവാനാണ്?
ജൂണിപ്പർ ചുറ്റും നോക്കി. അൾത്താരയിലുണ്ടായിരുന്ന വെള്ളിക്കസവുകൊണ്ടു തീർത്ത അലങ്കാരങ്ങൾ കണ്ണിലുടക്കിയപ്പോൾ അവ മുറിച്ചെടുത്ത് ആ സ്ത്രീക്കു നല്കി യാത്രയാക്കി. തിരികെയെത്തിയ കാര്യക്കാരൻ സഹോദരൻ അൾത്താര കണ്ട് ദേഷ്യവും സങ്കടവുമെല്ലാം നിറഞ്ഞ മനസ്സോടെ നിന്നു. അപ്പോൾ ജൂണിപ്പറിന്റെ സാന്ത്വനവാക്കുകൾ. ”ആ കസവിനെയോർത്താണോ ഇത്ര വിഷമിക്കുന്നത്? ഒരു പാവത്തിനെ സഹായിക്കുന്നതിൽ തെറ്റൊന്നുമില്ല. ആ വെള്ളിക്കസവ് പൊങ്ങച്ചത്തിനല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ലല്ലോ!”

ബ്രദർ ജൂണിപ്പർ എന്ന ഫ്രാൻസിസ്‌കൻ സന്യാസിയിൽ തിളങ്ങിനിന്നിരുന്ന സാധുസ്‌നേഹം ഉള്ളിൽ നിറഞ്ഞുനിന്ന ദൈവസ്‌നേഹത്തിന്റെ ജ്വലനമായിരുന്നു. അത് തിരിച്ചറിഞ്ഞവരെല്ലാം അദ്ദേഹത്തെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *