അനുപമ മഹത്വത്തിലേക്ക്

മധ്യവയസ്‌കയായ ആ വെള്ളക്കാരി വിമാനത്തിലെ തന്റെ സീറ്റിലിരുന്നു. അപ്പോഴാണ് അടുത്ത സീറ്റിലുള്ളത് ഒരു കറുത്ത വർഗക്കാരനാണെന്ന കാര്യം അവർ ശ്രദ്ധിച്ചത്. അസ്വസ്ഥത പ്രകടമാക്കിക്കൊണ്ട് അവർ എയർ ഹോസ്റ്റസിനെ വിളിച്ചു. കാര്യമെന്തെന്നന്വേഷിച്ചപ്പോഴത്തെ മറുപടി ഇങ്ങനെയായിരുന്നു: ”നിങ്ങൾക്ക് കണ്ടുകൂടേ? ഈ കറുത്ത വർഗക്കാരന്റെയടുത്താണ് എനിക്ക് സീറ്റ് തന്നിരിക്കുന്നത്. എനിക്കിയാളുടെ അടുത്തിരിക്കാൻ കഴിയില്ല. എന്റെ സീറ്റ് മാറ്റിത്തരണം”
”ദയവായി ശാന്തയായിരിക്കൂ, മാഡം. നിർഭാഗ്യവശാൽ എല്ലാ സീറ്റിലും ആളുണ്ട്. എങ്കിലും എന്തെങ്കിലും വഴിയുണ്ടാക്കാൻ ഞാൻ ശ്രമിക്കാം” അങ്ങനെ പറഞ്ഞുകൊണ്ട് എയർ ഹോസ്റ്റസ് അവിടെനിന്നും നീങ്ങി. അല്പനിമിഷങ്ങൾ കഴിഞ്ഞ് തിരികെവന്ന് പറഞ്ഞു, ”മാഡം, നേരത്തേ ഞാൻ പറഞ്ഞതുപോലെ ഈ എക്കോണമി ക്ലാസിൽ ഒഴിഞ്ഞ സീറ്റുകളൊന്നുംതന്നെയില്ല. ക്യാപ്റ്റനോട് സംസാരിച്ച് അത് ഉറപ്പാക്കിയതാണ്. ഫസ്റ്റ് ക്ലാസിൽമാത്രമേ സീറ്റുകൾ ഒഴിവുള്ളൂ”
വെള്ളക്കാരിയായ വനിത എന്തെങ്കിലും പറയുന്നതിനുമുൻപുതന്നെ ഹോസ്റ്റസ് വീണ്ടും പറഞ്ഞു, ”എക്കോണമി ക്ലാസിൽനിന്ന് ഒരു യാത്രികനെ ഫസ്റ്റ് ക്ലാസിലേക്ക് മാറ്റുക പതിവില്ല. എങ്കിലും സാഹചര്യങ്ങൾ പരിഗണിച്ച് കമാൻഡന്റ് വിചാരിക്കുന്നത് ഒരാളെ അസന്തുഷ്ടിയുള്ളയാൾക്കടുത്തിരുന്ന് യാത്ര ചെയ്യാൻ വിടുന്നത് അയാളെ അപമാനിക്കുന്നതുപോലെയാകുമെന്നാണ്.” തുടർന്ന് അതുവരെയും അക്ഷോഭ്യനായിത്തന്നെയിരുന്ന കറുത്ത വർഗക്കാരനുനേരെ തിരിഞ്ഞ് പറഞ്ഞു, ”അതായത് സർ, നിങ്ങൾ കൈയിലുള്ള ബാഗെടുക്കാമോ. ഞങ്ങൾ നിങ്ങൾക്കായി ഫസ്റ്റ് ക്ലാസിൽ ഒരു സീറ്റ് ഒരുക്കിയിട്ടുണ്ട്”
ഹോസ്റ്റസ് പറഞ്ഞുതീർന്നപ്പോൾ അടുത്തിരുന്നവരെല്ലാം ഒരു നിമിഷം ആശ്ചര്യപ്പെട്ടു. പിന്നെ കൈയടിക്കാൻ തുടങ്ങി. ചിലർ എഴുന്നേറ്റു നിന്നാണ് കൈയടിച്ചത്.

”ഞങ്ങളുടെ ക്ലേശങ്ങൾ നിസ്സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും” (2 കോറിന്തോസ് 4:17)

Leave a Reply

Your email address will not be published. Required fields are marked *