അനുസരണത്തിനു പ്രതിഫലം ഉണ്ട്…!

അന്ന് ഒരു ബുധനാഴ്ചയായിരുന്നു. നേരത്തേ തന്നെ ഞാൻ ജോലി ചെയ്യുന്ന ക്രൈസ്തവസ്ഥാപനത്തിൽ എത്തി. അന്നു രാവിലെ വിശുദ്ധ കുർബാനയുണ്ട്. വിശുദ്ധ ബലി തുടങ്ങാൻ അൽപ സമയം കൂടി ഉണ്ടായിരുന്നത് കൊണ്ട് കുറച്ച് ജോലി ചെയ്യാം എന്ന് കരുതി സീറ്റിൽ ഇരുന്നെങ്കിലും, ചാപ്പലിൽ പോയി ഒരു ജപമാല ചെല്ലാൻ ശക്തമായ പ്രചോദനം കിട്ടിയത് കൊണ്ട് നേരെ ചാപ്പലിലേക്കു പോയി.

ചാപ്പലിൽ ചെന്ന് മുട്ടിന്മേൽ നിന്ന് കൊണ്ട് ജപമാല ആരംഭിച്ചു. ഒന്നാം രഹസ്യം സമർപ്പിക്കാൻ ഞാൻ മനസ്സിൽ ഒരു വിഷയം ചിന്തിച്ചപ്പോൾ പെട്ടെന്ന് ഭാര്യക്ക് വേണ്ടിയും മകന് വേണ്ടിയും ആ രഹസ്യം കാഴ്ചവെക്കാൻ പരിശുദ്ധാത്മാവ് പ്രചോദനം തന്നു. അധ്യാപികയായ ഭാര്യയും വിദ്യാർത്ഥിയായ മകനും ഒരു സ്‌കൂളിലാണ്. അതിനാൽ അവർ ഒന്നിച്ച് 25 കിലോമീറ്റർ സ്‌കൂട്ടറിൽ യാത്ര ചെയ്താണ് പോകുന്നത്. അന്ന് അവർ എനിക്ക് മുമ്പേ വീട്ടിൽ നിന്ന് പോയിരുന്നു. അതുകൊണ്ടു തന്നെ ഈ സമയം കൊണ്ട് അവർ സ്‌കൂളിൽ എത്തിക്കാണും എന്ന് ഞാൻ വിചാരിച്ചു. എങ്കിലും പരിശുദ്ധാത്മാവ് തന്ന പ്രചോദനമായത് കൊണ്ട് അവരെ സമർപ്പിച്ചു ആ രഹസ്യം കാഴ്ചവച്ചു പ്രാർത്ഥിച്ചു. ജപമാല പൂർത്തിയാക്കി, തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു.

വിശുദ്ധ ബലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾത്തന്നെ റിസപ്ഷനിൽ ഉള്ളവർ പറഞ്ഞു, അത്യാവശ്യമായി ഭാര്യയെ വിളിക്കണം എന്ന് അറിയിച്ച് ഫോൺ വന്നിരുന്നു എന്ന്. ഞാൻ വിളിച്ചപ്പോൾ അറിഞ്ഞത് ഇപ്രകാരമാണ്, അവരുടെ സ്‌കൂളിനോട് അടുത്തുള്ള ടൗണിൽ വച്ച് നിർത്തിയിട്ടിരുന്ന ഒരു ജീപ്പിനെ മറികടക്കവേ പെട്ടന്ന് ആ ജീപ്പ് മുമ്പോട്ടെടുത്തു. ഇടിക്കാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ മകന്റെ കാൽ വശത്തു നിർത്തിയിട്ടിരുന്ന മറ്റൊരു സ്‌കൂട്ടറിന്റെ പടിയിൽ തട്ടി ചതവുണ്ടായി. അത്ഭുതകരമായിട്ടാണ് ദൈവം രക്ഷിച്ചത് അല്ലായിരുന്നെങ്കിൽ ജീപ്പിടിച്ചു വലിയ അപകടം ഉണ്ടാകാമായിരുന്നു.
അപ്പോൾ അപകടം ഉണ്ടണ്ടായ സമയം ഏതാണെന്ന് ഞാൻ അന്വേഷിച്ചു. ദൈവം എന്നോട് പറഞ്ഞതനുസരിച്ചു ജപമാലയുടെ ആദ്യ രഹസ്യം അവർക്കു വേണ്ടി സമർപ്പിച്ചു പ്രാർത്ഥിച്ച ആ സമയം തന്നെ ആയിരുന്നു അത് സംഭവിച്ചത് എന്ന് മനസ്സിലായി. ദൈവത്തിന്റെ അത്ഭുതകരമായ സംരക്ഷണത്തെ ഓർത്തും എന്റെ കുടംബത്തെ സംബന്ധിച്ചുള്ള കരുതലിനെ ഓർത്തും അപ്പോൾത്തന്നെ കർത്താവിനു നന്ദി പറഞ്ഞു. എന്റെ സ്വർഗീയ അമ്മയുടെ മധ്യസ്ഥ ശക്തിയുടെ പ്രഭാവം ഒരിക്കൽ കൂടി ഞാൻ തിരിച്ചറിയുകയായിരുന്നു. ഒരുപക്ഷേ ദൈവം പറഞ്ഞത് അനുസരിക്കാതെ ഞാൻ ചാപ്പലിൽ പോകുന്നത് ഒഴിവാക്കി ഓഫീസിലെ ജോലി ചെയ്തിരുന്നെങ്കിൽ ഈ അപകടം ഗൗരവമേറിയതാ കുമായിരുന്നു. എന്നാൽ പരിശുദ്ധ അമ്മയിലൂടെ കർത്താവ് എന്റെ ജീവിതത്തിൽ ഇടപെടുകയായിരുന്നു. അനുസരിക്കാനും കൃപ സ്വീകരിക്കാനും അവിടുന്ന് എന്നെ സഹായിച്ചു.

വിശുദ്ധ ഗ്രന്ഥത്തിലൂടെയും പ്രാർത്ഥനയിലൂടെയും മനസാക്ഷിയുടെ ശബ്ദമായും ഒക്കെ കേൾക്കുന്ന ദൈവിക സ്വരത്തെ തിരിച്ചറിയാനും അവയെ അനുസരിക്കാനും തയാറായാൽ ദൈവം തീർച്ചയായും നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും. അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം എന്ന തിരുവചനം നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയാണ്. ”അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവൻ എന്റേതാണ്” (പുറപ്പാട് 19:5)

സക്കറിയാസ് അഗസ്റ്റിൻ

Leave a Reply

Your email address will not be published. Required fields are marked *