പത്ത് കൽപ്പനകൾ അറിയില്ലെങ്കിലും…

കൊറിയയിലെ ആദ്യ വൈദികനായ ഫാ. ആൻഡ്രൂ കിമ്മിന്റെ കൂടെ പല സുവിശേഷ യാത്രകളിലും സഹായിയായി ഇം ചിബിക്ക് ജോസഫിന്റെ മകൻ കൂടെ പോയിരുന്നു. 1846 ജൂൺ അഞ്ചാം തിയതി ഹ്വാംഗ്വേ പ്രൊവിൻസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഫാ. ആൻഡ്രൂ കിമ്മിനെയും ജോസഫിന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. മകനെ മോചിപ്പിക്കണമെന്ന അപേക്ഷയുമായി ഹ്വാംഗ്വേ ഗവർണറെ ചെന്ന് കണ്ട ജോസഫിനെയും ഗവർണർ ജയിലിലടയ്ക്കുകയാണ് ചെയ്തത്.
1803-ൽ സീയൂളിനടുത്തുള്ള ചെറു ഗ്രാമത്തിലാണ് ഇം ചിബിക്ക് ജോസഫിന്റെ ജനനം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നില്ലെങ്കിലും സ്‌നേഹത്തിലും കാരുണ്യത്തിന്റെ പ്രവൃത്തികളിലും തൽപരനായിരുന്ന ജോസഫ് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടും പ്രത്യേക മമത പുലർത്തിയിരുന്നു. എങ്കിലും എന്തുകൊണ്ടോ, കത്തോലിക്ക വിശ്വാസിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിട്ടും, ജോസഫ് മാമ്മോദീസ മുങ്ങിയിരുന്നില്ല.
വഴിത്തിരിവ്
ജയിലിലായ സമയത്ത് ഫാ. ആൻഡ്രൂ കിമ്മുമായി നടത്തിയ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഫാ. കിമ്മിന്റെ കുലീനമായ വ്യക്തിത്വവും ആഴമായ വിശ്വാസവും അദ്ദേഹത്തെ സ്വാധീനിച്ചു. ജയിലിൽ കഴിയാനുള്ള കൃപ ലഭിച്ചതിന് ദൈവത്തിന് പ്രത്യേകമായി നന്ദി പറയുവാൻ ഫാ. കിം അദ്ദേഹത്തെ ഉദ്‌ബോധിപ്പിച്ചു. ജയിലിൽ വച്ച് അദ്ദേഹം ഫാ. കിമ്മിൽനിന്ന് മാമ്മോദീസ സ്വീകരിച്ചു. ഫാ. കിമ്മാണ് ജോസഫ് എന്ന പേരും അദ്ദേഹത്തിന് നൽകിയത്.
ജോസഫ് ജയിലിൽ വച്ച് ക്രൈസ്തവവിശ്വാസം സ്വീകരിച്ചുവെന്നറിഞ്ഞ് ക്രൈസ്തവവിശ്വാസികളെ തിരഞ്ഞുപിടിച്ച് ജയിലിലടച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന വാർത്ത കേട്ടപ്പോൾ ജോസഫ് വളരെയധികം സന്തോഷിച്ചു. താൻ ആദ്യം സ്വർഗത്തിലെത്തുമെന്നും മറ്റുള്ളവർ വരുമ്പോഴേയ്ക്കും അവരെ സ്വീകരിക്കാൻ താനുണ്ടാകുമെന്നുമാണ് അതേക്കുറിച്ച് ജോസഫ് സഹതടവുകാരോട് പ്രതികരിച്ചത്.
ഒരിക്കൽ അദ്ദേഹത്തെ ചോദ്യം ചെയ്ത പോലീസുദ്യോഗസ്ഥനോട് പത്ത് കൽപ്പനകൾ തെറ്റുകൂടാതെ പറയാൻ ജോസഫിന് സാധിച്ചില്ല. ഇതിനെക്കുറിച്ച് കളിയാക്കിയ ഉദ്യോഗസ്ഥനോട് ‘പഠിപ്പില്ലാത്ത മക്കൾക്കും അവരുടെ പിതാവിനോട് വിശ്വസ്തനായിരിക്കുവാൻ സാധിക്കും’ എന്നാണ് ജോസഫ് പ്രതികരിച്ചത്. മറ്റൊരിക്കൽ പോലീസധികാരികൾ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂരമായ ശാരീരിക പീഡനത്തിനിരയാക്കിയപ്പോൾ അദ്ദേഹം വാവിട്ട് നിലവിളിക്കാൻ ആരംഭിച്ചു.
അദ്ദേഹത്തിന്റെ നിലവിളി വിശ്വാസം തള്ളിപ്പറയുന്നതിന്റെ അടയാളമായി എടുക്കുന്നു എന്ന് പോലീസ് അധികാരി പറഞ്ഞതോടെ അദ്ദേഹം നിലവിളി അവസാനിപ്പിച്ചു. പിന്നീട് അവർ എന്തൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ വായിൽ നിന്ന് യാതൊരു ശബ്ദവും പുറത്തു വന്നില്ല. ജയിലിൽ വച്ച് മാത്രം ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്ന ഒരു വ്യക്തി ഇത്രയധികം പീഡനങ്ങൾ വിശ്വാസത്തെ പ്രതി സഹിച്ചത് ഒരു അത്ഭുതം തന്നെയായിരുന്നു.
43-ാമത്തെ വയസിൽ അദ്ദേഹത്തെ പോലീസ് അധികാരികൾ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കൊറിയൻ രക്തസാക്ഷികളെക്കുറിച്ച് നടത്തിയ പഠനത്തിന് ശേഷം വത്തിക്കാൻ വ്യക്തമാക്കി. 1984-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *