വളരെ വിലപ്പെട്ടത് !

‘ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാണ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിധത്തിൽ ശാന്തതയുടെ അവതാരമായിരുന്നു യേശുക്രിസ്തു. മാനസികമായി പ്രകോപിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവിടുന്ന് ശാന്തത കൈവിട്ടില്ല. ദുരാരോപണങ്ങളുമായി പുരോഹിതപ്രമുഖരും അവർക്ക് ഓശാന പാടിയ ജനക്കൂട്ടവും ആർത്തുവിളിച്ചപ്പോൾപോലും പീലാത്തോസിന്റെ മുമ്പിൽ സ്വയം ന്യായീകരിക്കാതെ നിശബ്ദനായി നിന്ന ദൈവപുത്രൻ എന്തേ ജറുസലേം ദൈവാലയത്തിൽ ചമ്മട്ടി കൈയിലെടുത്തത്?
നാല് സുവിശേഷകരും പ്രതിപാദിക്കുന്ന ഒരു സംഭവമാണിതെന്നതിനാൽ ദൈവത്തിന്റെ മുമ്പിൽ ഇതിന് എത്ര പ്രാധാന്യമുണ്ടെന്ന് നാം തിരിച്ചറിയുന്നു. സമാന്തര സുവിശേഷങ്ങൾ വളരെ കർക്കശമായ ഭാഷയിലാണ് കാരണം അവതരിപ്പിച്ചിരിക്കുന്നത്. ‘എന്റെ പിതാവിന്റെ ഭവനം നിങ്ങൾ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർത്തിരിക്കുന്നു.’ മറ്റൊരാളുടെ വസ്തു ബലമായി തട്ടിയെടുക്കുന്നതാണല്ലോ കവർച്ച. ദൈവത്തിന്റെ സ്വന്തമായ സ്ഥലം – ദൈവാലയം – ദൈവമഹത്വത്തിനുവേണ്ടി ഉപയോഗിക്കാതെ സ്വാർത്ഥ ആവശ്യങ്ങൾക്കായി ദുരുപയോഗിച്ചതാണ് യേശുവിനെ തികച്ചും രോഷാകുലനാക്കിയത്. വിശുദ്ധ യോഹന്നാൻ എഴുതുന്നത് പിതാവിന്റെ ഭവനം കച്ചവടസ്ഥലമാക്കിയതിന്റെ വേദനയാണ് യേശുവിനെ ഇങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത് എന്നാണ്.
എന്തായാലും ഒരു കാര്യം സത്യം, പിതാവിന്റെ ആലയത്തെക്കുറിച്ചുള്ള വലിയൊരു തീക്ഷ്ണത യേശുവിനുണ്ടായിരുന്നു. അത് അവിടുത്തെ സ്വഭാവത്തെ രൂപാന്തരപ്പെടുത്തുന്നവിധത്തിൽ യേശുവിനെ വിഴുങ്ങിക്കളഞ്ഞിരുന്നു എന്നാണ് സുവിശേഷകന്റെ ഭാഷ്യം. ദൈവത്തിന്റെ ആലയത്തെക്കുറിച്ച്, ദൈവിക കാര്യങ്ങളെക്കുറിച്ച് നമുക്കും വലിയൊരു തീക്ഷ്ണത വേണമെന്ന് യേശുവിന്റെ മനോഭാവം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

പ്രസക്തി
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് നടന്ന ഈ സംഭവത്തെ നിസംഗമായി നോക്കിക്കാണുവാനുള്ള പ്രലോഭനം വലുതാണ്. യേശു ദൈവാലയത്തിൽ കച്ചവടം നടത്തിയവരെ പുറത്താക്കിയ കാര്യവുമായി എനിക്കെന്ത് ബന്ധമാണുള്ളത്? ഏതായാലും ദൈവാലയത്തിൽ ഒരു ബിസിനസിന് ഞാൻ പോയിട്ടില്ലല്ലോ എന്ന് ചിന്തിച്ചേക്കാം. എന്നാൽ ഈ സംഭവത്തിന് എല്ലാ കാലത്തുമുള്ള ഒരു പ്രസക്തിയുണ്ടെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷം തുടർന്ന് വായിച്ചാൽ നമുക്ക് മനസിലാകുന്നതാണ്.
മറ്റാരും ചെയ്യാത്ത ഈ ധീരവും സാഹസികവുമായ പ്രവൃത്തി ചെയ്യുവാൻ യേശുവിന് അധികാരം ഉണ്ടെന്നതിന് എന്ത് അടയാളമാണ് നല്കുന്നത് എന്ന് യഹൂദർ ചോദിച്ചതിന് മറുപടിയയി യേശു പറഞ്ഞു: ”നിങ്ങൾ ഈ ദൈവാലയം നശിപ്പിക്കുക, മൂന്ന് ദിവസത്തിനകം ഞാൻ അത് പുനരുദ്ധരിക്കും” (യോഹന്നാൻ 2:19). നാൽപത്തിയാറ് വത്സരമെടുത്ത് പണി കഴിപ്പിക്കപ്പെട്ട ജറുസലേം ദൈവാലയം പുനരുദ്ധരിക്കുവാൻ മൂന്ന് ദിവസംകൊണ്ട് എങ്ങനെ സാധിക്കുമെന്നാണ് യഹൂദരുടെ മറുചോദ്യം. ഈ ലോകത്തിന്റെ ഫ്രീക്വൻസിയിൽ ചിന്തിക്കുന്നവർക്ക് ആത്മീയരഹസ്യങ്ങൾ മനസിലാക്കുക എളുപ്പമല്ല. അതിനാൽ അവർക്ക് യേശു മറുപടി നല്കുന്നതായി നാം വായിക്കുന്നില്ല. എന്നാൽ വിശുദ്ധ യോഹന്നാൻ അതിന്റെ അർത്ഥം ആത്മീയ പഠിതാക്കൾക്ക് പകർന്നു നല്കുന്നുണ്ട്. ”അവൻ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.”
അതെ, യേശുവിന്റെ പീഡാനുഭവവും ഉത്ഥാനവും ദൈവാലയത്തെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറ്റിയെഴുതി. യേശുവിന് മുമ്പ് കല്ലും മണ്ണുംകൊണ്ട് നിർമിച്ച ഒരു സൗധമായിരുന്നു ദൈവാലയം. പക്ഷേ ഇപ്പോൾ അർത്ഥം പാടേ മാറി. പുതിയ നിയമ ഭാഷ്യത്തിൽ ദൈവാലയം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ശരീരമാണ്. തന്റെ പ്രിയപുത്രന്റെ അതിദാരുണമായ സഹനത്തിലൂടെ വീണ്ടെടുക്കപ്പെട്ട മനുഷ്യന്റെ ശരീരത്തെക്കുറിച്ച് പിതാവിന് ഇന്ന് വലിയൊരു തീക്ഷ്ണതയുണ്ട്.
പണ്ട് ജറുസലേം ദൈവാലയത്തെക്കുറിച്ച് ദൈവപുത്രൻ പ്രദർശിപ്പിച്ച ആ തീക്ഷ്ണത ഇന്ന് താൻ രക്ഷിച്ച മക്കളുടെ ശരീരത്തിന്റെ കാര്യത്തിലുണ്ട്. തന്റെ വിലയേറിയ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട മനുഷ്യന്റെ ശരീരം പാപത്തിന്റെ നൈമിഷിക സുഖങ്ങൾ നേടുവാനായി വില്ക്കപ്പെടുന്നത് യേശുവിന് സഹിക്കുന്ന കാര്യമല്ല.
തന്റെ പ്രിയപ്പെട്ട ശ്ലീഹന്മാരിലൂടെ കർത്താവ് ഈ സന്ദേശം തുടർന്ന് നല്കുന്നുണ്ട്. ”ശരീരം ദുർവൃത്തിക്ക് വേണ്ടിയുള്ളതല്ല; പ്രത്യുത, ശരീരം കർത്താവിനും കർത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്” (1 കോറിന്തോസ് 6:13). ശ്രദ്ധിക്കുക,
മനുഷ്യന്റെ ശരീരം കർത്താവ് വിലകൊടുത്ത് വാങ്ങിയതാണ്. അത് ശത്രുവിന് വില്ക്കുവാനുള്ളതല്ല. ”നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്” (1 കോറിന്തോസ് 6:20).

ഉയർന്ന തലം
ഒരു ഉയർന്ന വ്യാഖ്യാനംകൂടി ശ്ലീഹാ നല്കുന്നുണ്ട്. ദൈവാലയത്തിൽ നാം വളരെ ആദരവോടെ പെരുമാറുന്നു. കാരണം അവിടെ ദൈവത്തിന്റെ സജീവസാന്നിധ്യമുണ്ട്. അതേ ആദരവോടെ ശരീരത്തെ കാണണം. കാരണം മനുഷ്യശരീരം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ആലയമാണ്. ദൈവം വസിക്കുന്ന ഇടം തന്നെയാണ് മനുഷ്യശരീരം.
ഇങ്ങനെ നോക്കുമ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തമാണ്. ആത്മാവിന്റെ രക്ഷ നാം ആഗ്രഹിക്കുന്നുവെങ്കിൽ ശരീരം വിശുദ്ധിയിൽ കാത്തുസൂക്ഷിക്കുവാൻ അതീവ ജാഗ്രത പുലർത്തണം. ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതുന്നത്: ”നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം”
(1 തെസലോനിക്ക 4:4).
വിശുദ്ധി മാത്രമല്ല, മാന്യതയും ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലീഷ് ബൈബിളിൽ വീിീൗൃ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയർന്ന ആദരവോടെ ശരീരത്തെ കാത്തുസൂക്ഷിക്കണമെന്നർത്ഥം. ശരീരത്തെ മലിനപ്പെടുത്തുന്ന എല്ലാ ജഡികപ്രവൃത്തികളിൽനിന്നും ഭയത്തോടെ ഓടിയകലേണ്ടതായിട്ടുണ്ട്. കാരണം ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കർത്താവ് എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ മുന്നറിയിപ്പ് നല്കുന്നു. മാത്രവുമല്ല. ഇത് അത്യന്തം ഗൗരവമുള്ള കാര്യമായിട്ടുതന്നെ ദൈവം കാണുന്നു. ശ്ലീഹാ തുടർന്ന് ഇപ്രകാരം എഴുതുന്നു: ”ഇക്കാര്യങ്ങൾ അവഗണിക്കുന്നവൻ മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് നല്കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്” (1 തെസലോനിക്ക 4:8).
എന്റെ ശരീരം ദൈവാലയം ആണെന്ന ബോധ്യം എല്ലാ നാളുകളിലും മനസിൽ ഉറപ്പിച്ചുനിർത്തണമേയെന്ന് പരിശുദ്ധാത്മാവിനോട് നമുക്ക് നിരന്തരം പ്രാർത്ഥിക്കാം. ശരീരത്തെ പ്രകാശത്തിൽ കാത്തുസൂക്ഷിക്കുവാനുള്ള വഴികൾ അവിടുന്ന് നമുക്ക് വെളിപ്പെടുത്തിത്തരും. കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവമേ, അങ്ങയുടെ ആലയമാണ് എന്റെ ശരീരം എന്ന് ഞാൻ മനസിലാക്കുന്നു. ദൈവാലയത്തിന് നല്കുന്ന ആദരവ് എന്റെ ശരീരത്തിന് നല്കുവാൻ അവിടുന്ന് എന്നെ പഠിപ്പിക്കണമേ. പരിശുദ്ധാത്മാവേ, അവിടുന്ന് എന്നെ നയിച്ചാലും. ഈശോയേ, അങ്ങയുടെ തിരുരക്തത്താൽ നിരന്തരം എന്റെ ശരീരത്തെ കഴുകണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, വിശുദ്ധിയുടെ പാതയിലൂടെ ഞാൻ എന്നും നടക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ, ആമ്മേൻ.

കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *