യേശുനാമത്തിന്റെ ശക്തി

ഇത് എന്റെ ചാച്ചന്റെയും അമ്മച്ചിയുടെയും ജീവിതത്തിലുണ്ടായ സംഭവമാണ്. മലബാർ കുടിയേറ്റത്തിന്റെ കാലഘട്ടം. കാടെല്ലാം വെട്ടിത്തെളിച്ച് നെല്ല് വിതച്ചിരിക്കുകയാണ്. ഒരു ദിവസം കൊയ്ത്തിനു പാകമായി വിളഞ്ഞ് കിടക്കുന്ന വയൽ നോക്കാൻ ചാച്ചനും അമ്മച്ചിയും പോയി. ദൂരെ ഒരിടത്ത് നെൽച്ചെടികളെല്ലാം ഇളകുകയും മറിയുകയും ചെയ്യുന്നു! എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ അവർ രണ്ടുപേരും അതിനടുത്തേക്ക് നടന്നു. പെട്ടെന്ന് അവർ അതുവരെയും കണ്ടിട്ടില്ലാത്തത്ര വലിപ്പമുള്ള ഒരു പാമ്പ് അവരുടെ നേരെ ഫണം വിടർത്തി ചീറ്റാൻ ആ രംഭിച്ചു. പേടിച്ചുപോയ അവർ എന്തുചെയ്യണമെന്നറിയാതെ പകച്ചു. ഒരാളുടെ അത്രയും പൊക്കമുള്ള നെൽച്ചെടികൾ. അതിനിടയിലൂടെ ഓടി രക്ഷപെടാനാകില്ല. പാമ്പിനെ നേരിടാൻ കല്ലോ വടിയോ ഒന്നും ലഭ്യവുമല്ല. അപ്പോഴേക്കും പാമ്പ് അവരുടെ നേരെ പാഞ്ഞടുത്തു. പെട്ടെന്ന് ചാച്ചന്റെ വിശ്വാസം ഉണർന്നു. ചാച്ചൻ ഉച്ചത്തിൽ ഇപ്രകാരം പറഞ്ഞു: ”യേശുനാമത്തിൽ പറയുന്നു, ഞങ്ങളെ തൊട്ടുപോകരുത്.” കടിക്കാൻ ഓടിവന്ന പാമ്പ് വണ്ടിയുടെ ബ്രേക്ക് പെട്ടെന്ന് ചവിട്ടിയതുപോലെ അവിടെ നിശ്ചലമായി. പക്ഷേ പിന്നെയും ഫണം വിടർത്തി സീൽക്കാരശബ്ദം പുറപ്പെടുവിച്ചുതുടങ്ങി. ചാച്ചൻ വീണ്ടും കൈചൂണ്ടിക്കൊണ്ട് ആജ്ഞാപിച്ചു: ”കർത്താവായ യേശുവിന്റെ നാമത്തിലാണ് പറയുന്നത്, ഞങ്ങളെ തൊട്ടുപോകരുത്.” ഉടനെ പാമ്പ് പത്തി താഴ്ത്തി വന്നതുപോലെതന്നെ മടങ്ങിപ്പോവുകയും ചെയ്തു.

സിസ്റ്റർ അൻസാ എം.എസ്.എം.ഐ, വയനാട്‌

Leave a Reply

Your email address will not be published. Required fields are marked *