പാദ്രേ പിയോയും പ്രാർത്ഥനയും

മനുഷ്യനിന്ന് എന്താണ് ഏറ്റവും കുറവായിട്ടുള്ളത്? അത് പ്രാർത്ഥനയാണ്.”
നമ്മൾ പലപ്പോഴും ദൈവത്തെ തേടുന്നത് പുസ്തകങ്ങളിലാണ്. എന്നാൽ അവിടുത്തെ കണ്ടുമുട്ടാനുള്ള വഴി പ്രാർത്ഥനയാണ്. ദൈവത്തിന്റെ ഹൃദയം തുറക്കുന്ന താക്കോലാണ് പ്രാർത്ഥന.”

ഉദ്ദേശ്യശുദ്ധിയും നല്ല മനസും ഉണ്ടെങ്കിൽ എല്ലാ പ്രാർത്ഥനാരീതികളും നല്ലതുതന്നെയാണ്.”
മാനസികപ്രാർത്ഥന പരിശീലിക്കുവാൻ പരിശ്രമിക്കുക. യേശുവിന്റെ ജീവിതവും സഹനങ്ങളും മരണവും നിരന്തരം നമ്മുടെ മനോമുകുരത്തിൽ തെളിയട്ടെ. അത് പവിത്രമായ ഒരു ധ്യാനമാണ്.”

പാദ്രേ പിയോ തന്റെ അടുക്കൽ വരുന്നവരോട് എപ്പോഴും പറയും:
കൊച്ചുകൊച്ചു പ്രാർത്ഥനകൾ മനസിൽ എപ്പോഴും ഉരുവിടുക. ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പ്രവൃത്തിയും അവ എത്ര നിസാരങ്ങളായിക്കൊള്ളട്ടെ – കർത്താവിന് സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുക. അതുവഴി നാം അറിയാതെ തന്നെ ദൈവവുമായി ആഴമായ ഒരു ബന്ധത്തിലേക്ക് വളരും.”

തന്റെ അടുക്കൽ കുമ്പസാരിക്കാനായി വരുന്നവരെ അദ്ദേഹം പഠിപ്പിച്ചിരുന്ന ഒരു പ്രാർത്ഥനയുണ്ട്:
കർത്താവേ… എന്റെ ഭൂതകാലം അങ്ങയുടെ കാരുണ്യത്തിനും വർത്തമാനകാലം അവിടുത്തെ സ്‌നേഹത്തിനും ഭാവി അങ്ങയുടെ പരിപാലനയ്ക്കും ഞാൻ സമർപ്പിക്കുന്നു.”

പലവിചാരങ്ങൾ
പ്രാർത്ഥനയിലെ പലവിചാരങ്ങളെക്കുറിച്ച് പാദ്രേ പിയോ പഠിപ്പിക്കുന്നതിപ്രകാരമാണ് – ”മനഃപൂർവം പ്രാർത്ഥനയിൽനിന്നും മനസിനെ വ്യതിചലിപ്പിച്ച് മറ്റ് കാര്യങ്ങൾ ഓർത്തുകൊണ്ടിരിക്കരുത്. അറിയാതെയാണ് അന്യവിചാരങ്ങൾ കടന്നുവരുന്നതെങ്കിൽ അത് തിരിച്ചറിയുന്ന നിമിഷത്തിൽത്തന്നെ വീണ്ടും പ്രാർത്ഥനയിലേക്ക് മടങ്ങുക. പലവിചാരങ്ങളുടെ പേരിൽ പ്രാർത്ഥനയിൽ മടുപ്പുണ്ടാകരുത്, പ്രാർത്ഥന ഉപേക്ഷിക്കുകയും ചെയ്യരുത്. ഓരോ പ്രാവശ്യവും അന്യവിചാരത്തെ നിരസിച്ച് പ്രാർത്ഥനയിലേക്ക് തിരിയുമ്പോൾ നമ്മുടെ പുണ്യം വർധിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ രക്ഷകനറിയാം തന്നോട് പ്രാർത്ഥിക്കുന്നത് മാലാഖയൊന്നുമല്ല, ദുർബലനായ ഒരു മനുഷ്യനാണെന്ന്. മനസ് ഏകാഗ്രമാക്കാൻ ക്ലേശിക്കുമ്പോൾ അതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം പാഴാക്കരുത്. ഒരു വഴിയാത്രക്കാരൻ വഴിതെറ്റിയെന്നറിഞ്ഞാൽ സമയം ഒട്ടും പാഴാക്കാതെ ശരിയായ വഴിയിലേക്കെത്താൻ തിടുക്കം കൂട്ടും. അതുകൊണ്ട് പ്രാർത്ഥനയിലെ ഏകാഗ്രതയില്ലായ്മയെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ ഉടനടി വീണ്ടും പ്രാർത്ഥിക്കാൻ ആരംഭിക്കുക. എത്ര ഏകാഗ്രതയോടെ പ്രാർത്ഥിക്കുന്നു എന്നതുപോലെ പ്രധാനപ്പെട്ടതാണ് പ്രാർത്ഥിക്കാനായി എത്രമാത്രം ക്ലേശിക്കുന്നു എന്നതും.

1916 സെപ്റ്റംബർ 16-ന് എഴുതിയ ഒരു കത്തിൽ പാദ്രേ പിയോ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”ദൈവത്തിന്റെ ഭരണം മനുഷ്യഹൃദയങ്ങളിൽ പുനഃസ്ഥാപിക്കാനായി പ്രാർത്ഥിക്കുക. വിശ്വാസത്തിന്റെ പ്രഘോഷണത്തിനും പ്രചാരത്തിനും തിരുസഭയുടെ മഹത്വത്തിനും വിജയത്തിനുമായും നാം പ്രാർത്ഥിക്കണം. വിശ്വാസം നഷ്ടപ്പെട്ടവരും വിശ്വാസവിപരീതികളും മാനസാന്തരം ആവശ്യമായിരിക്കുന്ന പാപികളും നമ്മുടെ പ്രാർത്ഥനാവിഷയമാകണം.”

മറ്റൊരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഞാൻ ചിന്തിക്കാറില്ലാത്ത, ഞാനുമായി ഒട്ടും ബന്ധമില്ലാത്ത വ്യക്തികൾ ചിലപ്പോൾ മനസിലേക്ക് കടന്നുവരും. ദൈവമാണ് അവരെ എന്റെ ചിന്തയിലേക്ക് കൊണ്ടുവരുന്നതെന്ന് മനസിലായി. ഞാൻ അവരെ ദൈവതിരുമുമ്പിൽ സമർപ്പിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതനുസരിച്ച് ഞാൻ പ്രവർത്തിച്ചപ്പോൾ കർത്താവ് അവരെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതായി ബോധ്യപ്പെട്ടു. ഇപ്രകാരം പല പലവിചാരങ്ങളും പ്രാർത്ഥനാവിചാരങ്ങളായി മാറ്റപ്പെട്ടാൽ പ്രാർത്ഥനാജീവിതം കൂടുതൽ വളരും.

അനു ജസ്റ്റിൻ

Leave a Reply

Your email address will not be published. Required fields are marked *