ഈശോയുടെ കൈകളില്‍ അവന്‍ സുരക്ഷിതനായിരുന്നു

അന്നും പതിവുപോലെ മക്കളുടെ രണ്ടുപേരുടെയും നെറ്റിയില്‍ ഞങ്ങള്‍ കുരിശു വരച്ചു. ഈശോയുടെ രൂപത്തിനുമുമ്പില്‍നിന്ന് അവര്‍ ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. എല്‍.കെ.ജി ക്ലാസുമുതല്‍ തുടങ്ങിയ പതിവാണത്. സ്‌കൂള്‍ എന്നല്ല വീട്ടില്‍നിന്ന് എങ്ങോട്ടുപോയാലും കുട്ടികള്‍ ഞങ്ങളുടെ അടുത്തുവരും. കുരിശു വരച്ച് ഓരോ ഉമ്മ തരും, ഭര്‍ത്താവും ഞാനും അവര്‍ക്കും ഉമ്മ കൊടുക്കും. ഇളയമകന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയമായിരുന്നു അന്ന്. ഒരു ജീപ്പിലാണ് മക്കള്‍ സ്‌കൂളില്‍ പോയിരുന്നത്. എല്ലാ ദിവസവും ആദ്യം കയറുന്നത് അവര്‍ രണ്ടുപേരുമാണ്.

അന്നും പതിവുപോലെ മക്കള്‍ ജീപ്പില്‍ കയറി. ഒരു കിലോമീറ്റര്‍ അപ്പുറത്തുനിന്ന് അടുത്ത കുട്ടിയും കയറും. അവിടെ എത്തിയപ്പോള്‍ എന്തോ കാരണംകൊണ്ട് ആ കുട്ടി വരുന്നില്ലായെന്ന് വീടിന്റെ മുറ്റത്തുനിന്ന് ആ കുട്ടിയുടെ പപ്പ കൈകൊണ്ട് ആംഗ്യം കാണിച്ചു. എന്നാല്‍ കുട്ടി ഉണ്ടെന്നുള്ള കണക്കുകൂട്ടലില്‍ ഡ്രൈവര്‍ ജീപ്പിന്റെ വേഗത കുറച്ചിരുന്നു. ജീപ്പ് നിര്‍ത്താന്‍ പോകുകയാണ് എന്ന് വിചാരിച്ച ഞങ്ങളുടെ ഇളയ മകന്‍ പുറകിലെ വാതില്‍ തുറന്നുകൊടുത്തു.

എന്നാല്‍ അവിടെനിന്ന് കയറുന്ന കുട്ടി ഇല്ലെന്നറിഞ്ഞ ഡ്രൈവര്‍ ജീപ്പ് പെട്ടെന്ന് മുന്നോട്ടെടുത്തു. അതോടെ അവന്‍ ഡോറില്‍ താഴേക്ക് തൂങ്ങിക്കിടന്നു. ഡ്രൈവര്‍ ഇതറിയാതെ അല്പദൂരം ഓടിച്ചുപോയി. ബസ്‌സ്റ്റോപ്പില്‍ നിന്നവര്‍ അലറി വിളിച്ച് പുറകെ ഓടിയപ്പോഴാണ് നിര്‍ത്തിയത്. എന്നാല്‍ അവന്‍ അല്പം പേടിച്ചു എന്നതല്ലാതെ ഒരു പോറല്‍പോലും പറ്റിയിരുന്നില്ല. അത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അവന്റെ കുഞ്ഞുകൈകളാല്‍ ജീപ്പില്‍ തൂങ്ങിനില്ക്കാന്‍ കഴിയില്ലെങ്കിലും അങ്ങനെ നിന്നിട്ടും അപകടമുണ്ടായില്ല.

മാത്രമല്ല ഒരിക്കലും ഷൂ ഇട്ടുകൊണ്ട് സ്‌കൂളില്‍ പോകാത്ത അവന്‍ അന്ന് ഷൂ ഇട്ടാണ് പോയത്. അതുകൊണ്ട് കാല്‍ റോഡില്‍ ഉരഞ്ഞെങ്കിലും ഒന്നും പറ്റിയില്ല. കാരുണ്യവാനായ ദൈവം അവനെ തന്റെ കൈകളില്‍ താങ്ങിപ്പിടിച്ചിരുന്നു എന്നുതന്നെയാണ് ഞങ്ങളും അതു കണ്ടവരും വിശ്വസിക്കുന്നത്. പിറ്റേന്ന് സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ആയ സിസ്റ്റര്‍ സ്‌കൂളില്‍ പോരുന്നതിനു മുന്‍പ് മക്കള്‍ പ്രാര്‍ത്ഥിക്കുന്നതിനെക്കുറിച്ചും അത് എത്ര വലിയ സംക്ഷണമാണ് നല്കുന്നതെന്നതിനെക്കുറിച്ചും എല്ലാ കുഞ്ഞുങ്ങളോടും പറഞ്ഞു. പലര്‍ക്കും അത് പ്രാര്‍ത്ഥിക്കാന്‍ പ്രചോദനമായി മാറി.


ജിയോ ബെന്നി, കോട്ടയം

Leave a Reply

Your email address will not be published. Required fields are marked *