ഒന്നു കരഞ്ഞാല്‍…

എന്റെ മകള്‍ക്ക് അഞ്ചു വയസുള്ള സമയത്ത് ശക്തമായ പനിയുണ്ടായി. അടുത്തുള്ള ക്ലിനിക്കില്‍ ഡോക്ടറെ കാണിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പനി കുറഞ്ഞില്ലെന്ന് മാത്രമല്ല, കൂടുകയാണുണ്ടായത്. ഞങ്ങള്‍ ബംഗളൂരുവിലേക്ക് വന്നിട്ട് അധികനാളായിരുന്നില്ല. ഭര്‍ത്താവ് ഒരു യാത്രയിലായിരുന്നു. എനിക്ക് കൂട്ടിന് ആങ്ങളയാണുണ്ടായിരുന്നത്. ഒരു വൈകുന്നേരം ഡോക്ടറുടെ അടുത്ത് പോയി പരിശോധിച്ചപ്പോള്‍ 104 ഡിഗ്രി പനിയുണ്ടെന്ന് മനസിലായി.

അന്നത്തേക്ക് ഒരു മരുന്ന് എഴുതിത്തന്നിട്ട് പിറ്റേന്ന് കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഒട്ടും കുറഞ്ഞില്ലെങ്കില്‍ രാത്രിതന്നെ കൊണ്ടുപോകണമെന്നും നിര്‍ദ്ദേശിച്ചു. ഞങ്ങളെ വീട്ടിലെത്തിച്ചിട്ട് ഡോക്ടര്‍ കുറിച്ചുതന്ന മരുന്ന് വാങ്ങാന്‍ ആങ്ങള പുറത്തുപോയി. പനിയുടെ ആധിക്യത്തില്‍ പിച്ചും പേയും പറയുകയായിരുന്നു മോള്‍. ആകെ നിസ്സഹായയായി, അവളെ കട്ടിലില്‍ കിടത്തി ഞാനെന്നും പ്രാര്‍ത്ഥിക്കാറുള്ള യേശുവിന്റെ ചിത്രത്തിന് മുമ്പില്‍ മുട്ടുകുത്തി. ഒന്നും പ്രാര്‍ത്ഥിക്കാന്‍പോലുമാവാത്തതിനാല്‍ ഈശോയ്ക്ക് മുമ്പില്‍ പൊട്ടിക്കരയുകയാണ് ചെയ്തത്.

പെട്ടെന്ന് കുഞ്ഞ് ഛര്‍ദിച്ചു. ഞാന്‍ ചാടിയെഴുന്നേറ്റ് അവളെ എടുത്ത് മുഖം കഴുകാന്‍ കൊണ്ടുപോകുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു. അവളുടെ ശരീരത്തിന്റെ ചൂട് കുറഞ്ഞിരിക്കുന്നു. വിശ്വസിക്കാന്‍ കഴിയാതെ തെര്‍മോമീറ്ററില്‍ ഞാന്‍ പനി അളന്നു, 99 ഡിഗ്രി! ആങ്ങള വാങ്ങിക്കൊണ്ടുവന്ന മരുന്ന് പിന്നെ ഞാനവള്‍ക്ക് കൊടുത്തില്ല. രാത്രി കൂടെക്കൂടെ ഉണര്‍ന്ന് ഞാന്‍ അവളെ തൊട്ടുനോക്കിക്കൊണ്ടിരുന്നു. പിന്നീടവള്‍ക്ക് പനിച്ചതേയില്ല. പൂര്‍ണമായി സുഖപ്പെടുകയായിരുന്നു.


ഷിജി ജോസ്‌ലിന്‍, ബംഗളൂരു

Leave a Reply

Your email address will not be published. Required fields are marked *