ദൈവം നടത്തുന്ന വഴികള്‍

സുഹൃത്തിന്റെ പുതിയ വീട് കാണാന്‍ ഞങ്ങള്‍ കുടുംബസമേതം പോവുകയായിരുന്നു. അഞ്ചു മക്കളുള്ള ആ കുടുംബത്തിന് എന്താണ് വാങ്ങേണ്ടതെന്ന് അറിയാതെ ആകെ വിഷമിച്ചു. ഏതായാലും മാതാവേ, നീ ഏലീശ്വയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതുപോലെ ഞങ്ങളുടെ സന്ദര്‍ശനംമൂലം ആ കുടുംബത്തിലും പരിശുദ്ധാത്മാവിന്റെ സന്തോഷം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ചു.

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി. മനോഹരമായ ചെടികള്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ അതിലൊരെണ്ണം വാങ്ങി യാത്ര തിരിച്ചു. ചെടിയും അതിലെ പൂക്കളും കണ്ടപ്പോള്‍ സുഹൃത്തിന്റെ ജീവിതപങ്കാളിഅത്ഭുതപ്പെട്ടുപോയി. കാരണം കഴിഞ്ഞ ദിവസം ഷോപ്പിങ്ങിന് പോയപ്പോള്‍ ഇതേ തരത്തിലുള്ള ചെടി അവര്‍ വാങ്ങുവാനായി ട്രോളിയിലെടുത്ത് വയ്ക്കുകയും എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പോഴത്തെ അത്യാവശ്യ ചെലവുകള്‍ ഓര്‍ത്തിട്ട് അത് വാങ്ങാതെ തിരികെ വയ്ക്കുകയും ചെയ്തതായിരുന്നുവത്രേ.

അതു പറഞ്ഞപ്പോള്‍ സത്യത്തില്‍ ദൈവത്തിന്റെ കരുതലോര്‍ത്ത് അത്ഭുതപ്പെട്ടുപോയി. പെട്ടെന്നാണ് ഈ വചനം ഹൃദയത്തില്‍ കടന്നുവന്നത്. ”നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു.” (മത്തായി 6:32) ദൈവത്തോട് ചേര്‍ന്നുനിന്ന് ദൈവരാജ്യം പടുത്തുയര്‍ത്തുവാന്‍ ശ്രമിക്കുന്ന അവരുടെ ജീവിതത്തില്‍ ദൈവം ഇടപെടുന്ന അനേക അനുഭവങ്ങളിലൊന്നില്‍ ഞങ്ങളെയും ഉപകരണമാക്കാന്‍ ദൈവം അനുവദിച്ചത് ഓര്‍ത്തപ്പോള്‍ ദൈവമേ, നന്ദി എന്നു പറഞ്ഞുപോയി!


ജോസ്‌മോന്‍ സെബാസ്റ്റ്യന്‍

Leave a Reply

Your email address will not be published. Required fields are marked *