പ്രലോഭകനെ തോല്പിക്കാന്‍

പുറപ്പാടു പുസ്തകത്തില്‍ പതിനാലാം അധ്യായത്തിന്റെ അഞ്ചുമുതലുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നു: ”ഇസ്രായേല്‍ക്കാര്‍ പോയ വിവരം ഈജിപ്ത് രാജാവ് അറിഞ്ഞപ്പോള്‍ അവനും സേവകര്‍ക്കും അവരോടുണ്ടായിരുന്ന മനോഭാവം മാറി. അവര്‍ പറഞ്ഞു, നാം എന്താണീ ചെയ്തത്? നമ്മുടെ അടിമകളായ ഇസ്രായേല്‍ക്കാരെ വിട്ടയച്ചിരിക്കുന്നു.”

ഫറവോ ഉടനെ തന്റെ സൈന്യത്തോടൊപ്പം ഇസ്രായേല്‍ക്കാരുടെ പിന്നാലെ പാഞ്ഞുചെന്നു. ദൈവജനമായ ഇസ്രായേലിനെ മോശയിലൂടെ ദൈവം അടിമത്തത്തില്‍നിന്നും വിടുവിച്ച് കാനാന്‍ ദേശത്തേക്ക് നയിക്കുമ്പോഴാണ് ഫറവോക്ക് ഈ വീണ്ടുവിചാരം ഉണ്ടായത്.

ചെങ്കടലിനരികിലെത്തിയ ഇസ്രായേല്‍ജനം പിന്നാലെ വരുന്ന ശത്രുസൈന്യത്തെ കണ്ട് പരിഭ്രമിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇതുപോലെ ദൈവത്തിന്റെ അനന്തകരുണയാല്‍, പാപത്തിന്റെ പൈശാചിക അടിമത്തത്തില്‍നിന്നും യേശുവിന്റെ കുരിശുമരണത്തിന്റെ യോഗ്യതയാല്‍ വീണ്ടെടുക്കപ്പെട്ട ജീവിതങ്ങളെ സാത്താന്‍ പാപപ്രലോഭനങ്ങളിലൂടെ നിരന്തരം പിന്‍തുടര്‍ന്നുകൊണ്ടിരിക്കും.

ഒരു നവീകരണ ധ്യാനാനുഭവത്തിലൂടെ ഉപേക്ഷിക്കപ്പെട്ട പല പാപാസക്തികളും തഴക്കദോഷങ്ങളും ഉപയോഗിച്ച് നമ്മെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ പിശാച് നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. കാരണം അവന്റെ അടിമത്തത്തിന്‍കീഴിലായിരുന്ന ഒരാത്മാവ് രക്ഷപ്പെട്ടാലും വീണ്ടും നാണംകെട്ട് പിശാച് പിന്നാലെ കൂടും. കാരണം അത്രമേല്‍ നമ്മുടെ ആത്മനാശം ആഗ്രഹിക്കുന്ന വഞ്ചകനാണ് പിശാച്.

എന്നാല്‍ ഒരു ദൈവപൈതല്‍ ദൈവത്തോട് ചേര്‍ന്നു നില്ക്കുന്നിടത്തോളം അവന് നമ്മെ ഒന്നും ചെയ്യാനാകില്ല! പ്രാര്‍ത്ഥനയിലൂടെ നിരന്തരമായ ദൈവസാന്നിധ്യബന്ധം നമുക്കുണ്ടായിരിക്കണം. വിശുദ്ധീകരണത്തിന്റെ ഉറവിടമായ പരിശുദ്ധ കുര്‍ബാന വിശുദ്ധിയോടെ പങ്കുപറ്റിക്കൊണ്ട് കൃപാവരസമൃദ്ധിയില്‍ ആയിരിക്കണം. വിശുദ്ധ കുമ്പസാരത്തിലൂടെ അനുരഞ്ജന കൂദാശാബന്ധത്തിലായിരിക്കണം. ദൈവസാന്നിധ്യമുള്ള ആത്മീയകൂട്ടായ്മയില്‍ ഭാഗമാകണം. ദൈവവചനവായന ഉപാസനയായിത്തീരണം.

അപ്പോള്‍ പരസ്‌നേഹത്തിലും പരസ്പര സ്‌നേഹത്തിലും വളരാനും പങ്കുവയ്ക്കലിന്റെ അനുഭവത്തില്‍ ദൈവേഷ്ടങ്ങള്‍ തിരിച്ചറിയാനും കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സഭയ്ക്കും സമൂഹത്തിനും നന്മ കൈവരുത്തുവാനുമുള്ള ഉപകരണങ്ങളായിത്തീരാനാകും. പരിശുദ്ധാത്മാവിന്റെ നിരന്തര സഹവാസത്തിലൂടെ, പ്രചോദനത്തിലൂടെ മറ്റുള്ളവരെ, പ്രത്യേകിച്ചും പാപത്തിന്റെ ഇരുളില്‍ അന്ധരായിക്കഴിയുന്നവരെ, യേശുവാകുന്ന രക്ഷയിലേക്ക് കൈപിടിച്ചു നടത്താനാകും. യേശുസാന്നിധ്യം ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ സാക്ഷികളായിത്തീരാനും കഴിയും.

ആത്മീയയാത്രയില്‍ തളര്‍ച്ച അനുഭവപ്പെടുമ്പോള്‍, ഒരിക്കലും ലോകത്തിലേക്ക് നോക്കി ഭഗ്നാശരാകാതെ ഉടനെതന്നെ എത്രയും വേഗം ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ പൂര്‍വാധികം ശക്തിയോടെ ആശ്രയമര്‍പ്പിക്കണം. ഒരു ധ്യാനത്തില്‍ സംബന്ധിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് ചെയ്യുക. അങ്ങനെ നാം വചനത്താല്‍ വീണ്ടും ശക്തി പ്രാപിക്കുമ്പോള്‍, ഒരു തിന്മയുടെ പ്രലോഭനത്തിനും നമ്മെ അടിമപ്പെടുത്തുവാന്‍ കഴിയില്ല! ദൈവത്തിന്റെ വചനത്താല്‍ നാം അത്രമേല്‍ ശക്തരായിത്തീരും. പരിശുദ്ധാത്മാഭിഷേകത്താല്‍ നിറഞ്ഞവരായിത്തീരും. അതിനായി പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥ്യവും വിശുദ്ധരുടെ കൂട്ടായ്മയുടെ മാധ്യസ്ഥ്യവും നമുക്ക് ബലമേകും.

1 യോഹന്നാന്‍ 4:4-ല്‍ പറയുന്നതുപ്രകാരം പുറമേയുള്ളവന്‍ ശക്തനാണ്. എന്നാല്‍ നമ്മുടെ ഉള്ളിലുള്ളവന്‍ (പരിശുദ്ധാത്മാവ്) എത്രയോ ശക്തനാണ്?!! വീണവനെ ഉയര്‍ത്തുന്ന ദൈവമാണ് യേശുക്രിസ്തു. മരിച്ചവനെ ജീവിപ്പിക്കുന്നതാണ് അവന്റെ വചനം!


സ്റ്റീഫന്‍ കണ്ടായിക്കോടത്ത്‌

Leave a Reply

Your email address will not be published. Required fields are marked *