ബലിജീവിതങ്ങള്‍ക്കു മുമ്പില്‍ കൂപ്പുകൈകളോടെ…

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. അന്ന് ശാലോമിന്റെ ധ്യാനടീമംഗങ്ങള്‍ ഒരു സുവിശേഷയാത്രയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ട്രെയിനിലായിരുന്നു അന്നത്തെ യാത്ര. പോകുന്നതിന്റെ തലേദിവസം എന്റെ ഭര്‍ത്താവ് പറഞ്ഞു, ട്രെയിനിലെ ഭക്ഷണം വളരെ മോശമാണ്. അതുകൊണ്ട് യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ നീ ഞങ്ങള്‍ക്ക് പൊതിച്ചോറു തന്നുവിടണം. സന്തോഷത്തോടെ ഞാനതു സമ്മതിച്ചു.

പിറ്റേദിവസം രാവിലെതന്നെ എഴുന്നേറ്റ് ചോറും കറികളും തയാറാക്കി. ചോറു പൊതിയാനുള്ള വാഴയില മുറിക്കാനായി പറമ്പിലേക്കിറങ്ങി. അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് വാഴ ധാരാളമുണ്ടെങ്കിലും മുറിക്കാന്‍ പറ്റിയ നല്ല ഇലകള്‍ തീരെയില്ല. എല്ലാ വാഴകളുടെയും ഇലകളില്‍ പുഴുക്കുത്ത് വീണിരിക്കുന്നു. അങ്ങനെ നടക്കുമ്പോള്‍ ഒരു തൈവാഴ ശ്രദ്ധയില്‍പ്പെട്ടു. നല്ല വെയിലത്ത് വെട്ടുകല്‍ക്കൂനയുടെ ഉള്ളില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന ആ തൈവാഴ! അത്ഭുതമെന്നു പറയട്ടെ, ആ തൈവാഴയുടെ ഒറ്റയിലയില്‍പ്പോലും പുഴുക്കുത്തില്ല! ഞാന്‍ മൂന്ന് ഇലകള്‍ അതില്‍നിന്നും മുറിച്ചു. ഏഴ് ഇലകളാണ് എനിക്ക് വേണ്ടിയിരുന്നത്. ഇനിയും നാലെണ്ണംകൂടി വേണം.

ഞാന്‍ പലവട്ടം ചുറ്റിത്തിരിഞ്ഞിട്ടും പുഴുക്കുത്തില്ലാത്ത മറ്റു വാഴകള്‍ കണ്ടുകിട്ടിയില്ല. അവസാനം ഞാന്‍ ആ തൈവാഴയുടെ ചുവട്ടില്‍ത്തന്നെ വീണ്ടും വന്നെത്തി. വാഴച്ചെടിയോട് ക്ഷമ ചോദിച്ചുകൊണ്ടുതന്നെ ബാക്കിയുണ്ടായിരുന്ന നാല് ഇലകളും മനസില്ലാ മനസോടെ മുറിച്ചെടുത്തു. ഇലകളുമായി വീട്ടിലേക്ക് തിരിക്കുമ്പോള്‍ മനസില്‍ മ്ലാനതയുണ്ടായിരുന്നു. ഞാന്‍ മനസില്‍ വിചാരിച്ചു, പാവം വാഴച്ചെടി. ഒരു സുവിശേഷയാത്രക്കുവേണ്ടി ബലിയായിത്തീര്‍ന്നിരിക്കുന്നു!

പൊരിവെയിലില്‍ വെട്ടുകല്‍ക്കൂനയുടെ പുറത്ത് ഒറ്റപ്പെട്ടുനിന്നതിനാല്‍ അതിനെ ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വളവും വെള്ളവുമൊന്നും അതിന് വേണ്ട രീതിയില്‍ കിട്ടിയിട്ടുമുണ്ടാവില്ല. എങ്കിലും അത് പുഴുക്കുത്തില്ലാത്ത ഇലകള്‍ വിരിച്ചുനിന്ന് ദൈവത്തെ മഹത്വപ്പെടുത്തി.

തിടുക്കത്തില്‍ ചോറു പൊതികെട്ടി പ്രാര്‍ത്ഥിച്ച് അവരെ പറഞ്ഞയക്കുമ്പോഴും എന്റെ മനസില്‍ ആ വാഴച്ചെടിയുടെ ത്യാഗമായിരുന്നു. ഞാന്‍ ചെയ്തത് അല്പം ക്രൂരതയായിപ്പോയോ എന്നു തോന്നി. ടീമംഗങ്ങള്‍ ധ്യാനസ്ഥലത്തെത്തിയപ്പോള്‍ എന്നെ വിളിച്ചുപറഞ്ഞു, ”യാത്ര സുഖകരമായിരുന്നു. ഉഗ്രന്‍ പൊതിച്ചോറായിരുന്നു. കറികളെല്ലാം വളരെ ടേയ്സ്റ്റി ആയിരുന്നു, താങ്ക്‌സ്.” പാവം തൈവാഴ. അതിന്റെ ത്യാഗത്തെയും ബലിയെയും ആര് ഓര്‍മിക്കാന്‍?!

ജീവിതത്തിലേക്ക് എത്തിനോക്കുമ്പോള്‍
നമ്മുടെയൊക്കെ ജീവിതങ്ങളിലേക്ക് എത്തിനോക്കുമ്പോള്‍ ലോകത്തിന്റെ ഗതി ഇതുതന്നെയാണ് എന്നു കാണാന്‍ കഴിയും. നാം ഇന്നായിരിക്കുന്ന സുഖത്തിലും സമൃദ്ധിയിലും നിലനില്പിലുമൊക്കെ എത്തിച്ചേരുവാന്‍ വേണ്ടി ബലിയായിത്തീര്‍ന്ന അനേക ജീവിതങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍ക്ക് പിന്നിലുണ്ട്. നാം അവരെക്കുറിച്ച് ഓര്‍ക്കാറും പറയാറും ഒന്നുമില്ലായിരിക്കും.

ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ ഭക്തിപൂര്‍വം പങ്കുകൊണ്ട് നിറഞ്ഞ മനസും വരപ്രസാദവുമായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുമ്പസാരക്കൂട്ടിലിരുന്ന് പാപമോചനം തരാനും കൂദാശ പരികര്‍മം ചെയ്ത് ഒരു തിരുവോസ്തി നമ്മുടെ നാവിലെത്തിച്ചുതരാനുംവേണ്ടി ത്യാഗപൂര്‍വം ബലിയായിത്തീര്‍ന്ന വൈദികന്റെ ബലിജീവിതത്തെക്കുറിച്ച് ആരെങ്കിലും നന്ദിയോടെ ഓര്‍ക്കാറുണ്ടോ? വിസ്മൃതമാകുന്ന ബലിജീവിതങ്ങള്‍!

നോക്കെത്താത്ത ദൂരം നീണ്ടുനിവര്‍ന്ന് വിശാലമായി കിടക്കുന്ന മിനുമിനുത്ത നാഷണല്‍ ഹൈവേയില്‍ക്കൂടി ഹൈസ്പീഡില്‍ കാറോടിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ ആ റോഡുകള്‍ ആ രീതിയിലാക്കിത്തീര്‍ക്കാന്‍വേണ്ടി ബലിയായിത്തീര്‍ന്ന കുറെയേറെ ജീവിതങ്ങളെക്കുറിച്ച് നാം ചിന്തിക്കാറുപോലുമില്ല. റോഡുപണിക്കാരാണ് ആ ജീവിതങ്ങള്‍. തുടര്‍ച്ചയായി റോഡുപണി ചെയ്യുന്ന ഇവര്‍ കാലക്രമേണ കഠിന രോഗികളായിത്തീരാറാണ് പതിവ്. പക്ഷേ ഇക്കൂട്ടരെ നന്ദിയോടെ ഓര്‍ക്കാന്‍ ആരുംതന്നെ തുനിയാറില്ല.

നമ്മള്‍ ഇന്ന് ആയിരിക്കുന്ന സുസ്ഥിതിയില്‍ നമ്മെ എത്തിക്കുവാന്‍വേണ്ടി ചോരയും നീരുമൊഴുക്കി നമുക്കുവേണ്ടി എരിഞ്ഞുതീര്‍ന്ന നമ്മുടെ മാതാപിതാക്കള്‍. നമുക്കുവേണ്ടി ഉരുകിത്തീര്‍ന്ന ഈ ബലിജീവിതങ്ങളെ അവരര്‍ഹിക്കുന്ന ആദരവോടും നന്ദിയോടും കൂടെ നമുക്ക് കാണാന്‍ കഴിയുന്നുണ്ടോ? അവര്‍ക്കര്‍ഹമായ പരിചരണവും സ്‌നേഹവും നമ്മള്‍ കൊടുക്കാറുണ്ടോ?

സമര്‍പ്പിതരുടെ ജീവിതങ്ങള്‍ സഭയ്ക്കും ലോകത്തിനും നല്കുന്ന നന്മകള്‍ വളരെയേറെയാണ്. ആ നന്മകളും സത്ഫലങ്ങളുമെല്ലാം ധാരാളമായി നാം അനുഭവിക്കുമ്പോഴും ബലിയായിത്തീരുന്ന അവരുടെ ജീവിതങ്ങളെക്കുറിച്ച് നന്ദിയോടെ നാം ഓര്‍ക്കാറില്ല എന്നതാണ് സത്യം. മാത്രമല്ല മനുഷ്യസാധാരണമായ അവരുടെ കൊച്ചുകൊച്ചു കുറവുകളുടെ പേരില്‍ മനഃസാക്ഷിക്കുചേരാത്തവിധം നാമവരെ വേട്ടയാടുകയും കരിതേച്ച് കാണിക്കുകയും ഒറ്റിക്കൊടുക്കുകയുമൊക്കെ ചെയ്യുന്നു. കരി തേയ്ക്കപ്പെടുന്ന ബലിജീവിതങ്ങള്‍!

പല സ്ഥാപനങ്ങളുടെയും സ്ഥാപക നേതാക്കള്‍ പില്ക്കാലങ്ങളില്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗവും വേദനയും ആ പ്രസ്ഥാനങ്ങളെ പടുത്തുയര്‍ത്താന്‍വേണ്ടി അവര്‍ സഹിച്ച സഹനങ്ങളും ബലിയുടെ ജീവിതവും പരിഗണനയില്‍പ്പോലും എടുക്കാതെ നിഷ്‌ക്കരുണം വെട്ടിമാറ്റി വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ട സ്ഥാപകര്‍ ചരിത്രത്തിന്റെ ഏടുകളിലുണ്ട്. വെട്ടിമാറ്റപ്പെടുന്ന ബലിജീവിതങ്ങള്‍!

ബലിജീവിതങ്ങളുടെ ഏതാനും ഉദാഹരണം മാത്രമാണ് മുകളില്‍ കുറിച്ചത്. ബലിജീവിതങ്ങളുടെ നൊമ്പരം പേറുന്നവരായിരിക്കാം നിങ്ങളും. അങ്ങനെയുള്ളവര്‍ ചിന്തിക്കുക, ഇത് സര്‍വേശ്വരന്‍ തന്ന ദൈവവിളിയാണ്. ഇങ്ങനെയുള്ള വേദന പേറുന്നവര്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍നിന്നും മാത്രമാണ്. അവിടെനിന്നുമാത്രം നമുക്ക് നീതിയും പ്രതിഫലവും ലഭിക്കും. യേശുവിന്റെ ബലിജീവിതം ഇതിനൊരു വലിയ തെളിവാണ്.

യേശുവിന്റെ ബലിജീവിതം
യേശുവിന്റെ ബലിജീവിതത്തെക്കുറിച്ച് തിരുവചനങ്ങളില്‍ ഇപ്രകാരം പറയുന്നു ”തൈച്ചെടിപോലെ, വരണ്ട നിലത്തു നില്ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുമ്പില്‍ വളര്‍ന്നു” (ഏശയ്യാ 53:2). മാനുഷികമായ പരിഗണനകളോ ലാളനകളോ ആശ്വാസമോ വളമോ വെള്ളമോ ഒന്നും കിട്ടാതെ വരണ്ട നിലത്ത് ഒറ്റപ്പെട്ടവനായി കടുത്ത പൊരിവെയില്‍പ്പോലെയുള്ള സഹനാനുഭവങ്ങളിലൂടെയായിരുന്നു യേശുവിന്റെ ബലിജീവിതത്തിന്റെ കടന്നുപോക്ക്.

തുടര്‍ന്നു വരുന്ന വചനങ്ങളില്‍ പറയുന്നു, ”ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു” (ഏശയ്യാ 53:2-3).

മനുഷ്യരാല്‍ നിന്ദിക്കപ്പെടുക, ഉപേക്ഷിക്കപ്പെടുക, പുറത്തെറിയപ്പെടുക എന്നുള്ളത് ബലിജീവിതങ്ങളുടെ പൊതുസ്വഭാവങ്ങളില്‍ ഒന്നാണ്. ”അവന്‍ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53:4-5).

തങ്ങളുടെ ബലിജീവിതത്താലെ മറ്റുള്ളവര്‍ അനുഗ്രഹിക്കപ്പെടുക എന്നത് എല്ലാ ബലിജീവിതങ്ങളുടെയും രണ്ടാമത്തെ പൊതുസ്വഭാവമാണ്. ”അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കായി വിട്ടുകൊടുത്തത്” (ഏശയ്യാ 53:10). ബലിജീവിതം ഒരു ദൈവവിളിയാണ്. ദൈവത്തിന്റെ ഹിതമാണ് ഒരു ബലിവസ്തുവിനെ തിരഞ്ഞെടുക്കുന്നത്. മനുഷ്യരാരുമല്ല. അതുകൊണ്ടുതന്നെ ബലിവസ്തുവിനുള്ള പ്രചോദനവും പ്രതിഫലവും മനുഷ്യരില്‍നിന്നല്ല. പിന്നെയോ ദൈവത്തില്‍നിന്നുമാത്രമാണ് ലഭിക്കുക. അതിനാല്‍ ബലിജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ തങ്ങള്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍നിന്നല്ലാതെ ഒരിക്കലും മനുഷ്യരില്‍നിന്നും തേടരുത്. തേടിയാല്‍ ഫലം നിരാശയായിരിക്കും.

യേശുവിന്റെ നിറഞ്ഞ യൗവനത്തില്‍ അര്‍പ്പിക്കപ്പെട്ട കഠിനവേദന നിറഞ്ഞ ബലിയെക്കുറിച്ച് ഇപ്രകാരം ഏശയ്യാ പ്രവചിച്ചിരിക്കുന്നു: ”പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവന്‍ സംതൃപ്തനാകും” (ഏശയ്യാ 53:10-11).

യേശുവിന്റെ കഠിനവേദന നിറഞ്ഞ ബലിജീവിതത്തിന്റെ മറ്റുള്ള സദ്ഫലങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു. നീതിമാനായ ദാസന്‍ തന്റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും. യേശുവിന്റെ നാമത്തില്‍ വിശ്വസിച്ച് പാപങ്ങള്‍ ഏറ്റുപറയുന്നവര്‍ക്ക് ലഭിക്കുന്ന പാപമോചനവും സൗജന്യമായ നീതീകരണവുമാണ് ഈ വചനങ്ങളിലൂടെ അര്‍ത്ഥമാക്കുന്നത്.

”മഹാന്മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തന്മാരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും” (ഏശയ്യാ 53:12). പാപികളില്‍ ഏറ്റവും നീചപാപിയായി എണ്ണപ്പെടാനും ശപിക്കപ്പെട്ടവരില്‍ ഏറ്റവും ശപിക്കപ്പെട്ടവനായി കുരിശേറി മരിക്കാനും മരണത്തിന് വിട്ടുകൊടുത്ത യേശുവിന്റെ ജീവിതത്തെ ദൈവം അത്യധികമായി ഉയര്‍ത്തി. തിരുവചനങ്ങള്‍ പറയുന്നു:

”ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്” (ഫിലിപ്പി 2:9-11).

നമ്മുടെ തിരഞ്ഞെടുപ്പ്
യേശുവിന്റെ ബലിജീവിതത്തോടു ചേര്‍ന്ന് ജീവിതബലിയര്‍പ്പിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ് ഓരോ ക്രിസ്ത്യാനിയും. മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ത്തമ്മില്‍, ഇടവകപ്പട്ടക്കാര്‍ തന്റെ ഇടവകജനത്തിനുവേണ്ടി, സന്യസ്തരും സമര്‍പ്പിതരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മനുഷ്യജീവിതങ്ങള്‍ക്കുവേണ്ടി എല്ലാം യേശുവിന്റെ ബലിയോടൊപ്പം ജീവിതബലിയര്‍പ്പിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. അതിനുവേണ്ട ശക്തിയും പ്രചോദനവും യേശുവില്‍നിന്നും അവിടുത്തെ ബലിജീവിതത്തില്‍നിന്നും നമുക്ക് ലഭിക്കും.

എന്നാല്‍ അസാധാരണമാംവിധത്തില്‍ യേശുവിന്റെ ബലിജീവിതത്തില്‍ പങ്കുചേരാന്‍വേണ്ടി ദൈവം ചിലരെ പ്രത്യേകമാംവിധം ബലിവസ്തുക്കളായി തിരഞ്ഞെടുക്കാറുണ്ട്. ഇവര്‍ക്ക് സാധാരണമല്ലാത്ത കഠിനവേദനകളിലൂടെയും തിരസ്‌കരണങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും പുറത്തെറിയപ്പെടലുകളിലൂടെയും അവഗണനകളിലൂടെയും അപമാന നിന്ദനങ്ങളിലൂടെയും ശാരീരികവും മാനസികവുമായ പീഡകളിലൂടെയും പൈശാചിക പീഡനങ്ങളിലൂടെയും കടന്നുപോകാന്‍ ദൈവം ഇടവരുത്തുന്നു. മറ്റാരുമല്ല ദൈവംതന്നെയാണ് ഇത് ചെയ്യുന്നത്. ഇങ്ങനെയുള്ളവരെന്നു തിരിച്ചറിയുന്നവര്‍ ചെയ്യേണ്ടത് ഈ തിരഞ്ഞെടുപ്പിനെയും വിളിയെയും ദൈവത്തില്‍നിന്നും ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കുക എന്നതാണ്.

നിന്ദിക്കപ്പെടുമ്പോള്‍, തിരസ്‌കരിക്കപ്പെടുമ്പോള്‍, ഒറ്റിക്കൊടുക്കപ്പെടുമ്പോള്‍, അവഗണിക്കപ്പെടുമ്പോള്‍, വെട്ടിമാറ്റപ്പെടുമ്പോള്‍, ദോഷാരോപണം നടത്തപ്പെടുമ്പോള്‍, ക്രൂരമായി ക്രൂശിക്കപ്പെടുമ്പോള്‍, കടുത്ത ശാരീരിക-മാനസിക-പൈശാചിക പീഡകളിലൂടെ കടന്നുപോകുമ്പോള്‍ ഒന്നുമാത്രം ചിന്തിക്കുക – മനുഷ്യരാരുമല്ല ദൈവമാണ് ഈ പാനപാത്രം എനിക്ക് കുടിക്കാന്‍ തന്നിരിക്കുനനത്.

ഇതു തിരിച്ചറിഞ്ഞ് അതിനെ ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കുക. അപ്പോള്‍ ഈ തീവ്രസഹനങ്ങളിലൂടെ നമ്മെ കടത്തിവിട്ടുകൊണ്ടിരിക്കുന്നവരോട് ഹൃദയം തുറന്ന് ക്ഷമിക്കുവാനും അവരെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുവാനും കഴിയും. മാത്രമല്ല, ദൈവം നമുക്ക് അനുവദിച്ചുതരുന്ന സഹനാനുഭവങ്ങളെക്കുറിച്ച് ദൈവത്തിന് നന്ദി പറയാനും നമുക്ക് കഴിയും. അങ്ങനെ നമ്മള്‍ ദൈവത്തിന് മഹത്വം കരേറ്റുന്നവരായി മാറും.

അഴിയപ്പെടുന്ന ഗോതമ്പുമണിയാകാന്‍
യേശു താന്‍ കടന്നുപോകേണ്ട ക്രൂരമരണത്തിന്റെ വഴികളെക്കുറിച്ച് ഇപ്രകാരം പറയുന്നു, ‘ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നെങ്കിലോ അത് കൂടുതല്‍ ഫലം പുറപ്പെടുവിക്കും.’ യേശു കടന്നുപോയ ഈ അഴിയപ്പെടലിന്റെ വേദനകളിലൂടെ ദൈവം തിരഞ്ഞെടുത്ത ഓരോ ബലിയാടും കടന്നുപോകേണ്ടിവരും. അതൊരുപക്ഷേ ശാരീരികമായ (രക്തം ചിന്തിയുള്ള) ഒരു ക്രൂശുമരണമായിരിക്കണമെന്നില്ല.

മാനസികവും ആത്മീയവുമായ ക്രൂശുമരണങ്ങളായിരിക്കും മിക്കവാറും. അതിന്റെ ഫലമാകട്ടെ ഉന്നതമായ മഹത്വവും. മറ്റുള്ളവരുടെ ജീവിതങ്ങളുടെ വീണ്ടെടുപ്പും രക്ഷയും ഒക്കെ ആയിരിക്കും. ഫലം എത്ര മഹത്വപൂര്‍ണമായാലും അഴിയപ്പെടലിന്റെ വേദന വേദനതന്നെയാണ്. അതുകൊണ്ടാണല്ലോ യേശു ”പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീക്കിത്തരണമേ” എന്ന് പ്രാര്‍ത്ഥിച്ചത്. അതുവരെ വളരെ വിലപ്പെട്ടവയെന്നു കരുതി നാം കാത്തുസൂക്ഷിച്ചത് പലതും ഒന്നിനു പുറകെ ഒന്നായി ബലിയായി ദൈവം നമ്മില്‍നിന്നും ചോദിച്ചുവെന്നിരിക്കും.

ആരോഗ്യം, സല്‍പേര്, ഔദ്യോഗികമായ സ്ഥാനമാനങ്ങള്‍, സദ്‌സംഘങ്ങളിലും കൂട്ടായ്മകളിലുള്ള അംഗത്വങ്ങള്‍, ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന മനോഹരമായ താലന്തുകള്‍, നമ്മുടെ ഇഷ്ടങ്ങള്‍, താല്പര്യങ്ങള്‍, അഭിനിവേശങ്ങള്‍ പലതും ദൈവം ബലിയായി ചോദിച്ചേക്കാം. അതു പലപ്പോഴും വളരെ വേദനാജനകവുമായിരിക്കാം. പക്ഷേ അതിനുള്ള കൃപ ദൈവം തരും. ദൈവത്തിനു മാത്രമേ അതു തരാന്‍ കഴിയൂ.

സുവിശേഷയാത്രക്കുവേണ്ടി ഏഴ് ഇലകളും നല്കിയ ആ കൊച്ചുവാഴയുടെ ത്യാഗം അന്ന് ആരും അറിഞ്ഞില്ല. ആ വാഴ ജീവിച്ചിരുന്ന കാലത്തൊന്നും ആരും അറിഞ്ഞില്ല. എന്നാല്‍ ഇന്ന് ഈ ലേഖനം വായിക്കപ്പെടുന്നിടത്തെല്ലാം ആ കൊച്ചു വാഴച്ചെടിയുടെ ത്യാഗവും പ്രകീര്‍ത്തിക്കപ്പെടുന്നു. ഇനിയും വിശ്വസിക്കൂ, ദൈവം നിങ്ങളുടെ ബലിജീവിതങ്ങള്‍ക്ക് പ്രതിഫലം നല്കുന്നവനാണ്. ”ആകയാല്‍ മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നു പോകാതിരിക്കുവാന്‍വേണ്ടി, അവന്‍ തന്നെ എതിര്‍ത്ത പാപികളില്‍നിന്നു എത്രമാത്രം സഹിച്ചുവെന്ന് ചിന്തിക്കുവിന്‍” (ഹെബ്രായര്‍ 12:3).


സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *