സ്വാഹിലി അനുഭവകഥ

ആഫ്രിക്കയില്‍ നടന്ന ഒരു സംഭവമാണിത്. വളര്‍ത്തുകോഴികളെല്ലാം ചത്തുപോവുന്നു. അതു മാറാനായി പ്രാര്‍ത്ഥിക്കണം എന്നാവശ്യപ്പെട്ട് ഒരു സ്ത്രീ ഞാന്‍ ശുശ്രൂഷ ചെയ്യുന്ന ധ്യാനകേന്ദ്രത്തില്‍ വന്നു. അയല്‍ക്കാരി കൂടോത്രം ചെയ്തതാണ്. അത് തനിക്ക് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞു. അവരുടെ പ്രശ്‌നത്തിന് പരിഹാരമായി, അവര്‍തന്നെ കൊണ്ടുവന്ന വെള്ളം പൗരോഹിത്യാധികാരമുപയോഗിച്ച് വെഞ്ചരിച്ച് നല്കി.

വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ആ വെള്ളം കോഴിഫാമില്‍ തളിക്കാനും നിര്‍ദേശിച്ച് അവരെ പറഞ്ഞയച്ചു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് രസകരമായ ഒരു കഥയുമായാണ് അവരെത്തിയത്. സ്വാഹിലി ഭാഷയില്‍ അവര്‍ ആ കഥ വിവരിച്ചു. വെഞ്ചരിച്ച വെള്ളം നിര്‍ദേശിച്ചിരുന്നതുപോലെ തന്റെ കോഴിഫാമില്‍ തളിച്ചതിനുശേഷം അവരുടെ കോഴികള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടായില്ല.

പക്ഷേ വേറൊന്ന് അതോടൊപ്പം സംഭവിച്ചു. അയല്‍ക്കാരിയുടെ കോഴികള്‍ പലതും ചാവാന്‍ തുടങ്ങി. കാരണമന്വേഷിച്ച് വീണ്ടും കൂടോത്രം ചെയ്യുന്ന ആളിന്റെയടുത്തുപോയ അയല്‍ക്കാരിയോട് അയാള്‍ ഇങ്ങനെ പറഞ്ഞുവത്രേ: ”പാഡ്രി അലി ഇന്‍ഗിയ ഉവന്‍ജാനി.” അതായത് ‘വൈദികന്‍ കളത്തില്‍ പ്രവേശിച്ചിരിക്കുന്നു’ എന്ന്. വെഞ്ചരിച്ച വെള്ളം സാത്താനെ നിര്‍വീര്യനാക്കുന്നു എന്ന് ആ അനുഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചു.


ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി, ആഫ്രിക്ക

Leave a Reply

Your email address will not be published. Required fields are marked *