തളിരിട്ടു വളരുന്ന ദൈവകൃപക്കായി…

നമ്മിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ദൈവകൃപയെ ഫലം ചൂടാനുതകുംവിധം  പരിചരിക്കാനും കാത്തിരിക്കാനും നമുക്ക് പലപ്പോഴും സാധിക്കാറില്ല. ദൈവകൃപയുടെ കർഷകരാകാനുള്ള ഒരു ക്ഷണം.

രാവിലെ ഉണർന്ന് ആ ബാലിക നേരെ പോയത് പൂന്തോട്ടത്തിലേക്കാണ്. മനോഹരമായ ഒരു പൂവിൽനിന്ന് ലഭിച്ച വിത്ത് അവൾ തോട്ടത്തിന്റെ അതിരിനോടു ചേർന്നുള്ള സ്ഥലത്ത് പാകിയിട്ടുണ്ട്. അത് മുളച്ചോ എന്നറിയാനാണ് എന്നും രാവിലെ പോയി നോക്കുന്നത്. ദിനവും വെയിലാറിക്കഴിയുമ്പോൾ അവൾ പൂന്തോട്ടം നനയ്ക്കും. വെള്ളം അല്പാല്പമായി കൈക്കുമ്പിളിലെടുത്താണ് ആ പൂച്ചെടിയുടെ വിത്ത് പാകിയ സ്ഥലം നനക്കാറുള്ളത്. മറ്റിടങ്ങളിൽ നനയ്ക്കുംപോലെ ശക്തിയായി വെള്ളമൊഴിച്ചാൽ വിത്ത് മുളക്കാതെപോയാലോ? വിത്ത് പാകിയിടത്തെത്തിയപ്പോൾ അവളുടെ കുഞ്ഞിക്കണ്ണുകൾ നല്ലവണ്ണം വിടർന്നു, സന്തോഷംകൊണ്ട്. വിത്തു മുളച്ചിരിക്കുന്നു. രണ്ട് കുഞ്ഞിലകൾ പുറത്തുവന്നിട്ടുണ്ട്.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലൊരനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ് എല്ലാവരും. അതുകൊണ്ടൊക്കെയായിരിക്കാം നമ്മുടെ ആത്മീയവളർച്ചയെ കുറിക്കാനായി കർത്താവ് ഏറ്റവുമധികമായി ഉപയോഗിക്കുന്നത് ചെടികളുടെയും വിത്തുകളുടെയും വിതക്കാരന്റെയുമൊക്കെ ഉപമകളാണ്. ഒരു വിത്തിന് വളർന്ന് ഫലം പുറപ്പെടുവിക്കാനുള്ള കഴിവ് അതിൽത്തന്നെ നിക്ഷിപ്തമാണ്. ആ ജീവന്റെ തുടിപ്പ് ദൈവ നിവേശിതമാണ്.

അതിൽ കർഷകന് യാതൊന്നും ചെയ്യാനില്ല. നല്ല മണ്ണും ആവശ്യത്തിനു വെള്ളവും സൂര്യപ്രകാശവുമെല്ലാം ലഭിച്ചാൽ മാത്രമേ അതിൽ നിക്ഷിപ്തമായിരിക്കുന്ന ഈ ജീവൻ തളിരിട്ട്, വളർന്ന്, ശാഖകളായി പടർന്ന്, പൂവിട്ട്, ഫലം പുറപ്പെടുവിക്കുകയുള്ളു. ഒരു വിത്തിന് വളർന്ന് ഫലം പുറപ്പെടുവിക്കാനാവശ്യമായ സാഹചര്യങ്ങളെല്ലാം ഒരുക്കുകയും ക്രമീകരിക്കുകയും ചെയ്യുക എന്നത് കർഷകന്റെ ഉത്തരവാദിത്തമാകുന്നു. കഠിനാധ്വാനം അതിനാവശ്യമാണ്. ഒരു വിത്തിന്റെ വളർച്ചക്ക് ആവശ്യമായ ഘടകങ്ങളെല്ലാം ഏറ്റവും കൃത്യവും ശാസ്ത്രീയ വുമായി ക്രമീകരിച്ചാലും ദൈവം നല്കുന്ന ജീവൻ അതിലടങ്ങിയി ട്ടില്ലെങ്കിൽ കർഷകന്റെ അധ്വാന മെല്ലാം വെറുതെയായിപ്പോകും.

അപ്പോൾ സ്വാഭാവികമായും ഒരു സംശയം തോന്നാം: വിത്താണോ അതോ മണ്ണാണോ ഒരു ചെടിയുടെ വളർച്ചയ്ക്ക് അത്യാവശ്യം? വിത്തും മണ്ണും ഒരേ പോലെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ വിത്തും അതിലടങ്ങിയിട്ടുള്ള ജീവനും മണ്ണുമെല്ലാം നമ്മുടെ ആത്മീയജീവിതവുമായി ബന്ധപ്പെടുത്തി എങ്ങനെ വായിക്കാമെന്നു നോക്കാം. വിത്ത് ദൈവകൃപയാണ്. ഒരു വിശുദ്ധനോ വിശുദ്ധയോ ഒക്കെയായിത്തീരാൻ നമ്മിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന അവിടുത്തെ കൃപ. മണ്ണ് നമ്മളൊരുക്കി നല്കുന്ന സാഹചര്യങ്ങളായി കണക്കാക്കാം.

നമ്മിൽ നിക്ഷേപിക്കപ്പെട്ട കൃപക്ക് വളർന്ന് ഫലം ചൂടാനുള്ള സാഹചര്യങ്ങൾ ഒരുക്കിനല്കുക എന്നതാണ് കർഷകരായ നമ്മുടെ ഉത്തരവാദിത്തം. ചിലപ്പോഴെല്ലാം അതിനായി കഠിനാധ്വാനംതന്നെ ചെയ്യേണ്ടിവരുംതാനും. ”സ്ഥിരോത്സാഹിക്ക് അമൂല്യമായ സമ്പത്ത് ലഭിക്കും” (സുഭാ. 12:27) താൻ പാകിയ വിത്ത് മുളച്ചപ്പോൾ ആ ബാലിക സന്തോഷിച്ചതുപോലെ സന്തോഷദായകമായ ഒരു സംതൃപ്തി അനുഭവിക്കാൻ അങ്ങനെ നമുക്ക് കഴിയും. എന്നാൽ അതിനായി ഏറെ പ്രധാനപ്പെട്ട മറ്റൊരു ഘടകംകൂടിയുണ്ട്. ക്ഷമാപൂർവും പ്രതീക്ഷാനിർഭരവുമായ കാത്തിരിപ്പ് എന്ന ആ ഘടകത്തെക്കുറിച്ചാണ് ഇവിടെ കൂടുതലായി പ്രതിപാദിക്കുന്നത്.
കാത്തിരിക്കുമ്പോൾ

ഏതെങ്കിലും കർഷകൻ തന്റെ വിളകളെ നോക്കി പെട്ടെന്ന് വളരാൻ പറഞ്ഞ് കോപിക്കുമോ? ഒരിക്കലുമില്ല. കാരണം അത് വിഡ്ഢിത്തമാണെന്ന് എല്ലാവർക്കും അറിയാം. ”ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും സമൃദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവർ ദുർഭിക്ഷത്തിലെത്തുകയേയുള്ളൂ” (സുഭാ. 21:5) പക്ഷേ നമ്മുടെ ആത്മീയജീവിതം മന്ദഗതി യിലാകുമ്പോൾ നാം ഇതുപോലെ ചെയ്തുപോകാറുണ്ട്. പ്രാർത്ഥിച്ചിട്ടും പ്രാർത്ഥിച്ചിട്ടും ആത്മീയമായി നമ്മിലോ നമ്മുടെ പ്രിയപ്പെട്ടവരിലോ പുരോഗതിയൊന്നും കാണുന്നില്ലാ യെന്നു തോന്നുമ്പോൾ നമുക്ക് പിന്നെ കോപവും നിരാശയുമായി.

എന്നാൽ നാം മനസിലാക്കേണ്ട സത്യമിതാണ്, ആത്മീയജീവിതവും ഋതുഭേദങ്ങളിലൂടെ കടന്നു പോകണം. ചെടികൾ വളർന്നു പാകമാകുമ്പോൾ മാത്രമാണല്ലോ അതു പൂവിടുകയും കായ്ക്കുകയും ചെയ്യുന്നത്. അതുപോലെതന്നെ നമ്മുടെ ആത്മീയജീവിതത്തിലും സമൃദ്ധമായി ഫലങ്ങൾ പുറപ്പെടു വിക്കുന്നവരായിത്തീരാൻ ഒരു നിശ്ചിതസമയം ആവശ്യമാണ്. നമ്മെ ഏല്പിക്കാനായി അവിടുന്നു കരുതി വച്ചിരിക്കുന്ന ഒരു ദൗത്യമുണ്ട്. അത് ഏറ്റെടുക്കാൻതക്ക പക്വത നമ്മൾ പ്രാപിക്കുവാൻ നിശ്ശബ്ദതയുടെ ഒരു കാലഘട്ടം ഒഴിവാക്കാൻ പറ്റാത്തതാണ്. വലിയ ഒച്ചപ്പാടുകളും പ്രവർത്തനങ്ങളുമൊന്നുമില്ലാത്ത ശാന്തതയുടെ ഒരു കാലം. നമ്മുടെ ദൗത്യത്തിനായി നാം നിശ്ശബ്ദതയിൽ ഒരുക്കപ്പെടുന്ന കാലം.

ഇനി ചെടികൾ പാകമായാലും പിന്നെയും ചില കടമ്പകൾ അതിനു കടക്കേണ്ടിവരും. വരണ്ടതും നിഷ്‌ക്രിയമായതും കേടുപറ്റാനിട യുള്ളതുമായ ഒരു കാലവും അതിനു തരണം ചെയ്യേണ്ടതുണ്ട്. ഗത്‌സമനിലും കാൽവരിയിലുമെല്ലാം ഈശോയും കടന്നുപോയതാണല്ലോ അങ്ങനെയൊരു ഋതുഭേദത്തിലൂടെ. എന്നാൽ ഈ പ്രതി കൂലങ്ങൾ മാത്രമല്ല വർണ്ണശബളമായ ഒരു വസന്തകാലവും അവയെ കാത്തിരിക്കുന്നുണ്ട്. ”ഒന്നു മറ്റൊന്നിനെക്കാൾ മോശമെന്നു പറയാനാവില്ല; ഓരോന്നും യഥാകാലം നന്മയായി തെളിയും” (പ്രഭാ. 39: 34)

ആധുനികജീവിതത്തിൽ
നമുക്കെല്ലാ കാര്യങ്ങളും ഉടനടി സാധിച്ചു കിട്ടണം. സാങ്കേതികമായി എന്തൊക്കെ പുരോഗതികൾ, കണ്ടുപിടിത്തങ്ങൾ! ഇവയൊക്കെ നമ്മുടെ ജീവിതം എത്രയോ എളുപ്പമാക്കുന്നു. ഇങ്ങനെ പെട്ടെന്നു പെട്ടെന്നു കാര്യങ്ങൾ സാധിച്ചു കിട്ടുന്നതുകൊണ്ട് പലപ്പോഴും ആത്മീയകാര്യങ്ങളിലും ഇതുപോലെ ‘പെട്ടെന്ന്’ വേണം എന്നു നമ്മൾ വാശി പിടിക്കുന്നു. ക്ഷമയോടെ കാത്തിരിക്കാൻ നമുക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. ഒരു സൂപ്പർമാർക്കറ്റിൽ ചെന്നാൽ ഏതു കാലത്തും ഏതു സമയത്തും നമുക്കെന്താണോ വേണ്ടത് അതുതന്നെ തിരഞ്ഞെടുക്കാം. ഇതേ സമീപനം തന്നെയാണ് ആത്മീയജീവിതത്തിലും പയറ്റി നോക്കുന്നത്: കർത്താവിന്റെയടുത്തേക്ക് ഒരു പട്ടികയുമായി കടന്നുചെല്ലുന്നു. പട്ടികയിലുള്ളതെല്ലാം അപ്പോൾത്തന്നെ വേണം. ഇത് സാധിക്കാത്തപ്പോൾ അസ്വസ്ഥരാകുന്നു.

ആധുനികവിവരസാങ്കേതികവിദ്യയിൽ ഒരു വിരൽ തൊടുമ്പോഴേക്കും നമുക്കാവശ്യമായ വിവരങ്ങൾ ലഭിക്കുംപോലെ എളിമയും വിശ്വാസവും ജ്ഞാനവുമൊന്നും ഒരു വിരൽ തൊടുമ്പോഴേക്കും സ്വന്തമാക്കാനാവില്ലല്ലോ. അതിനായി അവിടുത്തോട് ചോദിക്കുകയും ഉത്സാഹത്തോടെ പരിശ്രമിക്കുകയും പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയും ചെയ്യണം.

ദൈവം നമ്മെ വളരെയധികം സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ അവിടുന്ന് നമ്മെ നിർബന്ധപൂർവ്വമോ ബലപ്രയോഗത്തി ലൂടെയോ ഒന്നും ചെയ്യിക്കുന്നില്ല. അതിനർത്ഥം നാം പാപം ചെയ്ത് അകന്നുപോയാൽ അവിടുന്ന് നമ്മെ ഉപേക്ഷിച്ചുകളയുമെന്നല്ല. അവിടുന്ന് എപ്പോഴും തന്റെ ഭാഗം, ചെയ്തിരിക്കും. ബാക്കിയുള്ളത് നമ്മൾ ചെയ്യേണ്ടതാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുകൊണ്ടും അത്രയധികം നമ്മെ സ്‌നേഹിക്കുന്നതുകൊണ്ടും ആ ഒരു ചെറിയ ഭാഗം അവിടുന്ന് നമുക്ക് വിട്ടുതന്നിരിക്കുകയാണ്. അത് നമ്മൾതന്നെ ചെയ്യണം.

നമ്മുടെ ഈ ‘അതിവേഗ’ രീതികളിലേക്ക് കർത്താവിനെ കൊണ്ടുവരാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. മറിച്ച് അവിടുത്തെ ഹിതത്തിനും സമയത്തിനും കീഴ്‌വഴങ്ങി ജീവിക്കുമ്പോൾ മാത്രമാണ് നമുക്ക് സമാധാനം ലഭിക്കുക. എന്നാൽ വിത്തുകളുടെ ഉപമ കാത്തിരിപ്പിനെക്കുറിച്ചുമാത്രമല്ല പറയുന്നത്.

പ്രതീക്ഷയുടെ പുത്തൻ സന്ദേശവും അത് നമുക്ക് പകർന്നുതരുന്നു. ”ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ. 15:5) എന്ന അവിടുത്തെ തിരുവചനം നമുക്കോർക്കാം.

(കടപ്പാട്: സീക്കിംഗ് ഫസ്റ്റ് ദ കിംഗ്ഡം, ഫാ.ജോൺ ബാർത്തുനെക്)

Leave a Reply

Your email address will not be published. Required fields are marked *