മത്സ്യബന്ധനത്തിൽ ജപ്പാൻകാർ മിടുക്കരാണെന്ന് കേട്ടിട്ടുണ്ട്. അതിനായി അവർ ഉപയോഗിക്കുന്ന ഒരു ഉപായ(ഫിഷിംഗ് ടെക്‌നിക്)ത്തെപ്പറ്റി കേട്ടത് വളരെ കൗതുകം ഉണർത്തി. ആദ്യകാലങ്ങളിൽ അവർ ദിവസങ്ങളോളം ആഴക്കടലിൽ യാത്ര ചെയ്ത് ധാരാളം മീൻ പിടിക്കുമായിരുന്നു. മത്സ്യം നിറച്ച ബോട്ടുകളുമായി ദിവസങ്ങൾക്കുശേഷം കരയിൽ മടങ്ങിയെത്തുമ്പോഴേക്കും മത്സ്യങ്ങൾ ചീഞ്ഞുപോകും. അങ്ങനെ അവരുടെ മത്സ്യബന്ധന തൊഴിൽ വൻ നഷ്ടത്തിലായി.
മത്സ്യത്തെ കേടുകൂടാതെ കരയിലെത്തിക്കാൻ പിന്നീട് അവർ ബോട്ടിൽ ഐസും കരുതാൻ തുടങ്ങി. എങ്കിലും ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ച മത്സ്യത്തിന് രുചി തീരെ ഇല്ലെന്ന് അനുഭവം അവരെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ വിലയ്ക്ക് മീൻ വില്‌ക്കേണ്ടി വന്നു. പിന്നീട് അവർ മനസിലാക്കിയത്, പിടിക്കുന്ന മത്സ്യത്തെ ജീവനോടെ കരയിലെത്തിക്കണം എന്നതായിരുന്നു. അതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടും നാലഞ്ചുദിവസത്തെ മടക്കയാത്രയിൽ പല മത്സ്യങ്ങളും ചത്തുപോയി. ജീവനുള്ളതോ മന്ദീഭവിച്ച് നിർജീവമായി കാണപ്പെട്ടു. ഇതിനും രുചിയി
ല്ലാതായി.
പുതിയൊരു ചിന്ത
അപ്പോഴാണ് ഒരു പുതുചിന്ത അവരുടെ മനസിൽ തെളിഞ്ഞത്; മത്സ്യങ്ങളെ ഉത്സുകരായി കരയിൽ എത്തിക്കാൻ ഒരു വഴിയേയുള്ളൂ. മനുഷ്യൻപോലും ഏറ്റവും സജീവനാകുന്നത് അവന്റെ ജീവന് ഭീഷണിയുണ്ടാകുമ്പോഴാണ്. ജീവൻമരണ പോരാട്ടത്തിൽ മനുഷ്യനോ മൃഗമോ മറ്റ് ജീവജാലങ്ങളോ നിഷ്‌ക്രിയരായിരിക്കില്ല. അതെ! അതുതന്നെ വഴി… പിടിക്കുന്ന മത്സ്യത്തിന്റെ ജീവന് ഭീഷണിയുണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുക. ഇതിനായി സാക്ഷാൽ ഭീകരന്മാരായ സ്രാവുകളെയാണ് അവർ ടാങ്കിലാക്കി ബോട്ടിൽ കരുതിയത്. സ്രാവുകളുള്ള ടാങ്കിലേക്ക് പിടിക്കുന്ന മത്സ്യത്തെ ഇടുമ്പോൾത്തന്നെ തുടങ്ങും ആ മത്സ്യത്തിന്റെ ജീവൻ മരണ പോരാട്ടം. അവിടെ വിശ്രമിക്കാൻ സമയമില്ല! ഒന്നു നിന്നാൽ കൊത്തിവിഴുങ്ങും. പദ്ധതി വിജയിച്ചു. കരയിലെത്തുന്ന മത്സ്യങ്ങളെല്ലാം ഓടിച്ചാടി ജീവൻ തുടിക്കുന്ന ഫ്രഷ് മത്സ്യങ്ങളായി. രുചിയും വിലയുമുള്ള മത്സ്യങ്ങൾ!
ആത്മീയജീവിതത്തിലും
ഈ സംഭവങ്ങൾ നമ്മുടെ ആത്മീയ ജീവിതത്തിലേക്കും വെളിച്ചം വീശുന്നു. ‘നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുവിൻ’, ‘ജാഗരൂകരായിരിക്കുവിൻ’ എന്നൊക്കെ ഈശോ പലവട്ടം പറയുന്നു. മത്സ്യങ്ങൾക്ക് ജീവൻ രക്ഷിക്കാൻ വിഴുങ്ങാൻ വരുന്ന സ്രാവുകളുടെ കൺമുൻപിൽനിന്ന് വഴുതി മാറേണ്ടിയിരിക്കുന്നു. ചീറിപ്പാഞ്ഞു വരുന്ന സിംഹത്തിന്റെ പിടിയിൽ അമരാതിരിക്കാൻ മാൻപേടയ്ക്ക് അതിശീഘ്രം കുതിക്കേണ്ടിയിരിക്കുന്നു. അതുപോലെ ഒരുവന്റെ ആത്മാവിന്റെ ജീവൻ നിലനിർത്താൻ നിരന്തരം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു!
”നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതില്ക്കൽത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓർക്കണം” (ഉല്പ. 4:7). ദൈവം പണ്ട് കായേനോട് പറഞ്ഞ വാക്കുകൾ ഇന്ന് ദൈവം പറയുന്നത് നാം ഓരോരുത്തരോടുമാണ്. ”നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു” (1 പത്രോ. 5:8) എന്ന് പത്രോസ് ശ്ലീഹായും ഓർമപ്പെടുത്തുന്നു.
പ്രാർത്ഥനയും ഇതര ശുശ്രൂഷകളും കൂടെ അല്പം വരങ്ങളും ആയിക്കഴിഞ്ഞാൽ സ്വന്തം ‘കഴിവിൽ’ അഭിമാനിക്കുന്ന പല ശുശ്രൂഷകരും അവരുടെ ശുശ്രൂഷകളും ചീട്ടുകൊട്ടാരംപോലെ തകരുന്നത് കണ്ടിട്ടുണ്ട്. അതുപോലെതന്നെ, സമൂഹത്തിൽ എന്തെല്ലാം ദുരന്തങ്ങൾ ഉണ്ടായാലും മാനഹാനിയും ജീവഹാനിയും ഉണ്ടായാലും അതൊന്നും എന്റെ കുടുംബത്തിന് ബാധകമല്ല, എന്റെ മക്കൾ അങ്ങനെയല്ല എന്ന വ്യർത്ഥാഭിമാനത്തോടെ ജീവിക്കുന്നവരും പലപ്പോഴും വലിയ ഞെട്ടലോടെയാണ് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയേണ്ടിവരുന്നത്. ‘നില്ക്കുന്നവൻ വീഴാതിരിക്കാൻ ശ്രദ്ധിക്കട്ടെ’ എന്ന തിരുവചന മുന്നറിയിപ്പ് അവഗണിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
കൂടുതൽ ശ്രദ്ധയോടെ
വളരെ ശ്രദ്ധിച്ച് വാഹനമോടിക്കുന്നവർപോലും അപകടത്തിൽ പെടുന്നു. അപ്പോൾ ശ്രദ്ധിക്കാതെ ഓടിച്ചാലോ? ആധുനികതയുടെ സങ്കീർണതയിൽ ചതിക്കുഴികൾ ഒരുക്കിവച്ച് കാത്തിരിക്കുന്നവർ നിരവധിയാണ്. ഉപഭോഗ സംസ്‌കാരം മനുഷ്യനെ മരമായും പൂവായും കായായും കാണുന്നു. ഈ കെണികൾ തിരിച്ചറിയാൻ നമുക്ക് കണ്ണുകൾ മാത്രം പോരാ, ആത്മീയതയിലൂടെ ലഭിക്കുന്ന ഉൾക്കണ്ണുകൾക്കൂടി വേണം. എങ്കിലേ നാം സുരക്ഷിതരാകൂ. പ്രകൃതിയിലുടനീളം കാണപ്പെടുന്ന ജീവൻമരണ പോരാട്ടങ്ങൾ, നന്മ-തിന്മ മത്സരങ്ങൾ വിജയത്തിലെത്തിക്കാൻ തിരുവചനത്തിലൂടെ ലഭിക്കുന്ന മുന്നറിയിപ്പുകളും സ്വർഗത്തിന്റെ ജ്ഞാനവും ഉന്നതങ്ങളിൽനിന്ന് ലഭിക്കുന്ന ശക്തിയും കൂടിയേ തീരൂ.
എത്രയോ പുതുവർഷങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു! എത്രയെത്ര പുതിയ തീരുമാനങ്ങൾ നാം എടുത്തിരിക്കുന്നു. അതിൽ പലതും പാലിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിൽ ഇതാ, ഒരവസരംകൂടി ദൈവം തരുന്നു. ഈ പുതുവർഷം പഴയതുപോലെയാകരുത്. ഒരല്പംകൂടി ശ്രദ്ധയുള്ളവരായിരിക്കാം, ജാഗരൂകരാകാം, ഇടുങ്ങിയ വാതിലുകൾ തിരഞ്ഞെടുക്കാം.
അതിനാൽ, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നമുക്ക് ഉറച്ചുനില്ക്കാം. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിക്കാം. സർവോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നമ്മളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കാം. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യാം. (എഫേ. 6:14-17).