വിശുദ്ധീകരണം ഒരു അനിവാര്യത

കർത്താവിന്റെ വിളിയും തിരഞ്ഞെടുപ്പും മനുഷ്യരുടേതിൽനിന്ന് തി കച്ചും വ്യത്യസ്തമാണ്. മനുഷ്യൻ യോഗ്യത നോക്കി തിരഞ്ഞെടുക്കുന്നു. എന്നാൽ കർത്താവ് അങ്ങനെയല്ല. അവിടുന്ന് തനിക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുത്തവരെ അവിടുന്ന് വിശുദ്ധീകരിച്ച് യോഗ്യത നല്കുന്നു. വിശുദ്ധീകരിച്ചവരെ അവിടുന്ന് മഹത്വീകരിക്കുകയും തന്റെ ദൗത്യങ്ങൾക്കായി നിയോഗിക്കുകയും ചെയ്യുന്നു. കർത്താവ് തിരഞ്ഞെടുത്ത സകലരെയും അവിടുന്ന് വിശുദ്ധീകരണത്തിന് വിധേയമാക്കുന്നു്.

സഖറിയാ പ്രവാചകന്റെ പുസ്തകം മൂന്നാം അധ്യായത്തിൽ പ്രധാന പുരോഹിതനായ ജോഷ്വായ്ക്ക് നല്കുന്ന വിശുദ്ധീകരണം വിവരിക്കുന്നു്. അത് ഇപ്രകാരമാണ്: പ്രധാന പുരോഹിതനായ ജോഷ്വാ കർത്താവിന്റെ ദൂതന്റെ മുൻപിൽ മുഷിഞ്ഞ ഒരു വസ്ത്രം ധരിച്ച് നില്ക്കുന്നതും സാത്താൻ അവനിൽ കുറ്റമാരോപിക്കാൻ അവന്റെ വലതുഭാഗത്ത് നില്ക്കുന്നതും ദൈവം സഖറിയായെ കാണിച്ചുകൊടുത്തു. കർത്താവ് സാത്താനോട് പറഞ്ഞു; സാത്താനേ, കർത്താവ് നിന്നെ ശാസിക്കുന്നു; ജറുസലേമിനെ തിരഞ്ഞെടുത്ത കർത്താവ് നിന്നെ ശാസിക്കുന്നു. ‘തീയിൽനിന്നും വലിച്ചെടുത്ത ഒരു കൊള്ളിയല്ലേ ഇവൻ?’ കർത്താവ് ഇപ്രകാരം പറയാൻ ഒരു കാരണമു്.

ജോഷ്വാ മുഷിഞ്ഞ വസ്ത്രം ധരിച്ചാണ് ദൈവദൂതന്റെ മുൻപിൽ നിന്നിരുന്നത്. തന്റെ മുൻപിൽ നിന്നിരുന്ന മറ്റുള്ളവരോട് ദൂതൻ പറഞ്ഞു: ”അവന്റെ മുഷിഞ്ഞ വസ്ത്രം മാറ്റുക.” ജോഷ്വായോടാകട്ടെ ദൂതൻ ഇപ്രകാരം പറഞ്ഞു ”നിന്റെ അകൃത്യങ്ങൾ നിന്നിൽനിന്നും അകറ്റിയിരിക്കുന്നു. ഞാൻ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും” (സഖ. 3:4). ദൂതൻ അവിടെ നിന്നിരുന്നവരോട് തുടർന്നു ”അവനെ നിർമലമായ ശിരോവസ്ത്രം അണിയിക്കുക.” അവർ അവനെ നിർമലമായ ശിരോവസ്ത്രം ധരിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തു.

ഈ വിശുദ്ധീകരണ പ്രവർത്തനങ്ങൾക്കുശേഷം കർത്താവ് അവനെ ദൗത്യമേല്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ദൈവദൂതൻ ജോഷ്വായോടു പറയുന്നു, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു ”നീ എന്റെ മാർഗത്തിൽ ചരിക്കുകയും എന്റെ നിർദേശം പാലിക്കുകയും ചെയ്താൽ എന്റെ ആലയത്തെ നീ ഭരിക്കുകയും എന്റെ അങ്കണങ്ങളുടെ ചുമതല വഹിക്കുകയും ചെയ്യും. ഇവിടെ നില്ക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരുന്നതിനുള്ള അവകാശവും ഞാൻ നിനക്ക് നല്കും” (സഖ. 3:7).

ദൈവം തന്റെ സ്വന്തം ഇഷ്ടപ്രകാരം പുരോഹിതനായ ജോഷ്വായെ വിളിച്ചു. അവിടുന്ന് വിളിച്ചവനെ അവിടുന്നുതന്നെ വിശുദ്ധീകരിച്ചു. വിശുദ്ധീകരിച്ചവനെ അവിടുന്ന് മഹത്വീകരിക്കുകയും തന്റെ ദൗത്യങ്ങൾക്കായി നിയോഗിക്കുകയും ചെയ്തു.

ഏശയ്യായുടെ ജീവിതത്തിൽ

പ്രവാചകനായ ഏശയ്യായുടെ ജീവിതത്തിലും ഇതേ രീതിയിലുള്ള ഒരു വിശുദ്ധീകരണം ദൈവം നടത്തുന്നത് നാം കാണുന്നു. ഏശയ്യായെ തിരഞ്ഞെടുത്ത ദൈവം തന്റെ ദൗത്യം ഏല്പിക്കുന്നതിനുമുൻപ് അദ്ദേഹത്തെ വിശുദ്ധീകരിക്കുന്നതു കാണാം. അതിനായി ദൈവം തന്നെക്കുറിച്ചുള്ള ഒരു ദർശനം ഏശയ്യായ്ക്ക് നല്കുന്നു. ദർശനത്തിൽ പരമപരിശുദ്ധനായ ദൈവത്തെ ദർശിച്ച ഏശയ്യാ ഇപ്രകാരം ഭീതിയോടെ പറയുന്നു: ”എനിക്ക് ദുരിതം. ഞാൻ നശിച്ചു. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാൽ, സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എന്റെ നയനങ്ങൾ ദർശിച്ചിരിക്കുന്നു” (ഏശ. 6:5). അപ്പോൾ സെറാഫുകളിലൊന്ന് ബലിപീഠത്തിൽനിന്ന് കൊടിലിൽ എടുത്ത ഒരു തീക്കനലുമായി ഏശയ്യായുടെ അടുത്തേക്ക് പറന്നുചെന്നു. ആ ദൂതൻ തീക്കനൽകൊണ്ട് ഏശയ്യായുടെ അധരത്തെ സ്പർശിച്ചിട്ട് ഇപ്രകാരം പറഞ്ഞു: ”ഇത് നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു. നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശ. 6:7).
അതിനുശേഷം കർത്താവ് ഇപ്രകാരം അരുളിചെയ്തു. ആരെയാണ് ഞാൻ അയക്കുക? ആരാണ് എനിക്കുവേണ്ടി പോവുക? അപ്പോൾ ഏശയ്യാ പറഞ്ഞു: ‘ഇതാ ഞാൻ എന്നെ അയച്ചാലും.’

നമ്മുടെ ജീവിതത്തിൽ

കർത്താവിന്റെ വിളിയും തിരഞ്ഞെടുപ്പും വിശുദ്ധീകരണവും കേവലം പ്രവാചകന്മാരുടെയോ അതുപോലുള്ള മറ്റു വ്യക്തികളുടെയോ ജീവിതത്തിൽ മാത്രമുള്ളതല്ല. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ഉള്ളതാണ്. ദൈവമാണ് നമ്മളെ വിളിച്ചു വേർതിരിച്ച് പടിപടിയായി വിശുദ്ധീകരണം തന്ന് വിവിധ ദൗത്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നമ്മളൊരുപക്ഷേ, ഒരു വിദ്യാർത്ഥിയായിരിക്കാം, ഡോക്ടറോ എൻജിനീയറോ അധ്യാപകനോ കർഷകനോ വീട്ടമ്മയോ വീട്ടുജോലിക്കാരിയോ മറ്റെന്തെങ്കിലുമൊക്കെയോ ആയിരിക്കാം. നാം എന്തുതന്നെ ആയിരുന്നാലും നമ്മെ വിളിച്ചവൻ ദൈവമാണ്. അവിടുന്ന് നമ്മെ തിരഞ്ഞെടുക്കുകയും തന്റെ പരിശുദ്ധിക്ക് ചേർന്നവിധം വിശുദ്ധീകരണാനുഭവങ്ങളിലൂടെ നയിക്കുകയും ചെയ്യുന്നു. അവിടുന്ന് നമ്മെ വിശുദ്ധീകരിക്കുക മാത്രമല്ല ചെയ്യുന്നത്. യോഗ്യത തന്ന് നമ്മെ ഉയർത്തുകയും ചെയ്യുന്നു.

ജന്മത്തിന് മുൻപേ അറിയുന്നവൻ

കർത്താവ് പ്രവാചകനായ ജറെമിയായെ തന്റെ ദൗത്യനിർവഹണത്തിനായി തിരഞ്ഞെടുക്കുന്നു. ആ വിളികേട്ട് പേടിച്ചരണ്ട ജറെമിയായോട് കർത്താവ് പറയുന്നു, ”മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നല്കുന്നതിനുമുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനുമുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജനതകൾക്ക് പ്രവാകനായി ഞാൻ നിന്നെ നിയോഗിച്ചു” (ജറെ. 1:5).

നമ്മുടെ വിളിയും തിരഞ്ഞെടുപ്പും വിശുദ്ധീകരണവും എല്ലാം നമ്മുടെ ജീവിതം ഈ ഭൂമിയിൽ നാമ്പെടുക്കുന്നതിനുമുൻപേ ദൈവത്താൽ നിയോഗിക്കപ്പെട്ടതാണ്. നാം ഒന്നേ ചെയ്യേണ്ടതുള്ളൂ – വിളിച്ച് വേർതിരിച്ച് വിശുദ്ധീകരിക്കുന്നവന്റെ മുൻപിൽ ‘കർത്താവേ ഇതാ ഞാൻ’ എന്ന മനോഭാവത്തോടെ സമ്പൂർണമായി സമർപ്പിക്കുക.

യഥാർത്ഥ വിശുദ്ധി, യഥാർത്ഥ സ്‌നേഹം

യഥാർത്ഥ വിശുദ്ധി എന്നു പറയുന്നത് പൂർണമായ സ്‌നേഹമാണ്. ദൈവത്തോടും മനുഷ്യരോടും ദൈവമാഗ്രഹിക്കുന്ന വിധത്തിൽ സ്‌നേഹത്തിൽ വ്യാപരിക്കുന്നതാണ് യഥാർത്ഥമായ വിശുദ്ധി. പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും സർവശക്തിയോടുംകൂടെ ദൈവത്തെ സ്‌നേഹിക്കുക. നിന്റെ അയല്ക്കാരനെ നിന്നെപ്പോലെയും എന്ന കല്പനയിൽ നിയമവും പ്രവാചകന്മാരും മുഴുവനും അടങ്ങിയിരിക്കുന്നുവെന്ന് തിരുവചനങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു. ഈ വചനത്തിൽ പൂർണമായ വിശുദ്ധിയും അടങ്ങിയിരിക്കുന്നു. ”എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിൻ. വിശുദ്ധി കൂടാതെ ആർക്കും കർത്താവിനെ ദർശിക്കാൻ സാധിക്കുകയില്ല… വിദ്വേഷത്തിന്റെ വേരു വളർന്ന് ഉപദ്രവം ചെയ്യാതിരിക്കുവാൻ സൂക്ഷിക്കുവിൻ. വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീരുന്നു” (ഹെബ്രാ. 12:14-15).
സ്‌നേഹത്തിൽ വ്യാപരിക്കാത്തവൻ അന്ധകാരത്തിലും അശുദ്ധിയിലുമാണെന്ന് വീണ്ടും തിരുവചനങ്ങളിലൂടെ ദൈവം നമ്മോടു പറയുന്നു.

”താൻ പ്രകാശത്തിലാണെന്ന് പറയുകയും അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണ്. സഹോദരനെ സ്‌നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു. അവന് ഇടർച്ച ഉണ്ടാകുന്നില്ല. എന്നാൽ, തന്റെ സഹോദരനെ വെറുക്കുന്നവൻ ഇരുട്ടിലാണ്” (1 യോഹ. 2:9-11). ”സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ വസിക്കുന്നില്ലെന്ന് നിങ്ങൾക്കറിയാമല്ലോ” (1 യോഹ. 3:15). ”ദൈവം സ്‌നേഹമാണ്. സ്‌നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹ. 4:16).

ശരീരത്തിലെ വിശുദ്ധി

നമ്മുടെ ശാരീരികതയുടെ തലങ്ങളിലും ആഴമായ വിശുദ്ധിയും വിശുദ്ധീകരണവും നമുക്ക് ആവശ്യമുണ്ട്. ജഡമോഹങ്ങൾ നമ്മെ പാപത്തിലേക്ക് നയിക്കുന്നു. തിരുവചനങ്ങൾ നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്കുന്നു. ”അതുകൊണ്ട് ജഡമോഹങ്ങൾ നിങ്ങളെ കീഴ്‌പ്പെടുത്തുവാൻ തക്കവിധം പാപം നിങ്ങളുടെ മർത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ” (റോമാ 6:12).

യഥാർത്ഥമായ വിശുദ്ധി യഥാർത്ഥമായ ആരാധനയാണെന്ന് ദൈവം നമ്മളോടു പറയുന്നു. ”നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവ ബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന” (റോമാ 12:1). അസാന്മാർഗികതയിൽനിന്നുള്ള സമ്പൂർണമായ വിടുതൽ വിശുദ്ധി പാലിക്കുവാൻ അനിവാര്യമാണ്. സന്മാർഗത്തിന് നിരക്കാത്ത ചിന്തകൾപോലും വിശുദ്ധിയുടെ പാതയിലെ വലിയ തടസങ്ങളാണ്. അവയിൽനിന്ന് പൂർണമായും വിട്ടുനില്ക്കാൻ കർത്താവിന്റെ ആത്മാവ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

”നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസന്മാർഗികതയിൽനിന്നും നിങ്ങൾ ഒഴിഞ്ഞുമാറണം. നിങ്ങളോരോരുത്തരും സ്വന്തശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണം. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങൾക്ക് നിങ്ങൾ വിധേയരാകരുത്. ഈ വിഷയത്തിൽ നിങ്ങൾ വഴിപിഴക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങൾ നേരത്തേ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തതുപോലെ ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കർത്താവ്. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതിനാൽ ഇക്കാര്യങ്ങൾ അവഗണിക്കുന്നവൻ മനുഷ്യനെയല്ല പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നല്കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്” (1 തെസ. 4:3-8).

മനസിന്റെയും ഹൃദയത്തിന്റെയും വിശുദ്ധീകരണം

ഹൃദയത്തിന്റെയും മനസിന്റെയും തലങ്ങളിൽ ആഴമായ വിശുദ്ധീകരണത്തിന് വിധേയരാകേണ്ടതിന്റെ ആവശ്യകത ദൈവം നമ്മോട് പറയുന്നു. മനസിന്റെയും ഹൃദയത്തിന്റെയും തലങ്ങളിൽ ആസക്തികളാൽ മലിനമായ പഴയ മനുഷ്യന്റെ ഉരിഞ്ഞുമാറ്റൽ വിശുദ്ധി പാലിക്കുന്നതിന് അനിവാര്യമാണ്. ”നിങ്ങളുടെ പഴയ ജീവിതരീതിയിൽനിന്നും രൂപംകൊണ്ട വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ. നിങ്ങൾ മനസിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ” (എഫേ. 4:22-24).

ഹൃദയത്തിന്റെ അശുദ്ധിയും കാപട്യവും മറ്റ് എന്തിനെക്കാളും മ്ലേച്ഛമാണെന്ന് കർത്താവിന്റെ ആത്മാവ് തിരുവചനത്തിലൂടെ നമ്മളോട് സംസാരിക്കുന്നു. ”ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്. അത് മറ്റെന്തിനെക്കാളും ദുഷിച്ചതാണ്. അതിനെ ആർക്കാണു മനസിലാക്കാൻ കഴിയുക. കർത്താവായ ഞാൻ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു” (ജറെ. 17:9).

വിശുദ്ധീകരണം ഒരു അനിവാര്യത

ദൈവത്തിന്റെ നന്മയും അവിടുത്തെ വിശുദ്ധിയുടെ പൂർണതയും വേണ്ടുംവണ്ണം രുചിച്ചറിയുവാൻ ആഴമായ വിശുദ്ധീകരണാനുഭവത്തിലൂടെ നാം കടന്നുപോകേണ്ടതുണ്ട്. മറ്റാരുമല്ല നമ്മെ വിളിച്ചു വേർതിരിക്കുന്ന ദൈവം തന്നെയാണ് ഈ വിശുദ്ധീകരണാനുഭവങ്ങളെ നമ്മുടെ ജീവിതത്തിലേക്ക് ചൊരിയുന്നത്. വിശുദ്ധീകരിക്കുന്ന ഈ അനുഭവങ്ങളിലൂടെ അവിടുത്തെ വിശുദ്ധിയിൽ നമ്മെ ഓഹരിക്കാരാക്കുന്നു. ”ദൈവം നമ്മെ പരിശീലിപ്പിക്കുന്നത് നമ്മുടെ നന്മയ്ക്കും തന്റെ പരിശുദ്ധിയിൽ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്” (ഹെബ്രാ. 12:10).

അന്ത്യ അത്താഴവേളയിൽ യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകുമ്പോൾ പത്രോസ് യേശുവിനെ വിലക്കുന്നത് നാം കാണുന്നു. ‘കർത്താവേ, നീ ഒരിക്കലും എന്റെ പാദം കഴുകരുത്.’ അപ്പോൾ യേശു പറഞ്ഞു ”ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല” (യോഹ. 13:9). ദൈവത്തിന്റെ വിശുദ്ധിയിലും അവിടുത്തെ നന്മയിലും നാം ഓഹരിക്കാരാകണമെങ്കിൽ അവിടുന്ന് നമ്മെ വിശുദ്ധീകരിച്ചേ തീരൂ. അവിടുന്ന് നമ്മോടു പറയുന്നു ”ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടും. സകല വിഗ്രഹങ്ങളിൽനിന്നും നിങ്ങളെ ഞാൻ നിർമലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നല്കും. ഒരു പുതു ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും. എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്പനകൾ കാക്കുന്നവരും നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുള്ളവരുമാക്കും” (എസെ. 36:25-27).

അനുതാപത്തിലൂടെ

അവിടുന്ന് നമ്മെ അനുതാപത്തിലൂടെയും ശിക്ഷണത്തിലൂടെയും വിശുദ്ധീകരിക്കുന്നു. അനുതാപത്തിലൂടെയുള്ള വിശുദ്ധീകരണം ആഴമായ പാപബോധം നമുക്ക് നല്കിക്കൊണ്ടാണ് അവിടുന്ന് ചെയ്യുന്നത്. ആഴമായ പാപബോധവും പശ്ചാത്താപവും നല്കികൊണ്ട് നമ്മുടെ ഏറ്റുപറച്ചിലിലൂടെ നമ്മെ വിശുദ്ധീകരിക്കുന്നു. ”നാം പാപങ്ങൾ ഏറ്റുപറയുന്നുവെങ്കിൽ അവൻ വിശ്വസ്തനും നീതിമാനും ആകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹ. 1:9).

ശിക്ഷണത്തിലൂടെ (സഹനത്തിലൂടെ)
ഉള്ള വിശുദ്ധീകരണം

കർത്താവ് നമ്മെ സഹനത്തിലൂടെ, വേദനകളിലൂടെ വിശുദ്ധീകരിക്കും. ഇത് അവിടുത്തെ നന്മയിലും വിശുദ്ധിയിലും നമ്മൾ പങ്കുകാരാവാൻ വേണ്ടിയാണ്. നമ്മൾക്കെല്ലാവർക്കുംതന്നെ പ്രിയങ്കരമായ ഒരു ഭക്ഷണവസ്തുവാണ് ചേന. ചേന പുഴുങ്ങിക്കഴിഞ്ഞാൽ അത് രുചികരമായ ഒരു വിഭവമാണ്. എന്നാൽ പുഴുങ്ങുന്നതിനുമുൻപ് അത് അത്യധികം ചൊറിച്ചിലുള്ള ഒരു വസ്തുവാണ്. അത് ചെത്തുന്നവരുടെ കൈപോലും ചൊറിയും. എന്നാൽ വേവിച്ചു കഴിയുമ്പോൾ അതിന്റെ ചൊറിച്ചിൽ തീരെ ഇല്ലാതാകുന്നു. രോഗികൾക്കുപോലും നിസംശയം ഭക്ഷിക്കാനാവുന്ന രുചികരമായ വിഭവമായി അത് രൂപാന്തരപ്പെടുന്നു.
നമ്മുടെ ജീവിതവും പലപ്പോഴും ഇപ്രകാരമാണ്. കർത്താവിന്റെ ശിക്ഷണത്തിന്റെ കൈകൾ പലവിധത്തിലുള്ള പുഴുങ്ങലുകളിലൂടെയും ഉരുക്കി വാർക്കലുകളിലൂടെയും നമ്മെ കടത്തിക്കൊണ്ടുപോകുമ്പോഴാണ് നാം ദൈവത്തിനും മനുഷ്യർക്കും നമുക്കുതന്നെയും ഉപയോഗയോഗ്യമായ വിശുദ്ധീകൃത പാത്രങ്ങളായി മാറുക. ഇതേക്കുറിച്ച് കർത്താവ് ഇപ്രകാരം പറയുന്നു. ”ചൂളയിൽ എന്നതുപോലെ ഉരുക്കി നിന്നെ ശുദ്ധി ചെയ്യും. നിന്നിൽ കലർന്നിരിക്കുന്ന വിലകെട്ട ലോഹം ഞാൻ നീക്കിക്കളയും” (ഏശ. 1:25).

നിരനിരയായുള്ള ദുരനുഭവങ്ങളുടെ മൂശയിൽ ഉരുക്കുന്നതരം വേദനകളിലൂടെ കടന്നുപോയി പകച്ചു നില്ക്കുകയാണോ നിങ്ങൾ. ഭയപ്പെടേണ്ട, അവിടുത്തെ വിശുദ്ധിയിൽ നമ്മെ പങ്കുചേർക്കാനുള്ള ദൈവത്തിന്റെ പദ്ധതികളുടെ ഭാഗമായിരിക്കാം ഒരുപക്ഷേ നിങ്ങളിപ്പോൾ കടന്നുപോകുന്ന ഉരുക്കിവാർക്കലുകൾ. ”എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാൾ വേദനാജനകമായി തല്ക്കാലത്തേക്ക് തോന്നുന്നു. എന്നാൽ അതിൽ പരിശീലിപ്പിക്കപ്പെടുന്നവർക്ക് കാലാന്തരത്തിൽ നീതിയുടെ സമാധാനപൂർവമായ ഫലം ലഭിക്കുന്നു” (ഹെബ്രാ. 12:11). സങ്കീർത്തകൻ ഇപ്രകാരം പറയുന്നു ”ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ” (സങ്കീ. 119:71).

”കഷ്ടതയിൽപ്പെടുന്നതിനുമുൻപ് ഞാൻ വഴിതെറ്റിപ്പോയി. എന്നാൽ ഇപ്പോൾ ഞാൻ അവിടുത്തെ വചനം പാലിക്കുന്നു” (സങ്കീ. 119:67). ”കർത്താവേ അങ്ങയുടെ വിധികൾ ന്യായയുക്തമാണെന്നും വിശ്വസ്തത മൂലമാണ് അവിടുന്ന് എന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു” (സങ്കീ.119:75).

വിശുദ്ധീകരണം യേശുവിന്റെ രക്തത്തിലൂടെ

കർത്താവായ യേശുവിന്റെ വിലയേറിയ തിരുരക്തമാണ് അനുതാപത്തിലൂടെയുള്ള വിശുദ്ധീകരണം നമ്മിൽ നിറയ്ക്കുന്നത്. ”അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലുംനിന്നും നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹ. 1:7). അത് ജീവിക്കുന്നവനായ ദൈവത്തെ ശുശ്രൂഷിക്കാൻ തക്കവിധത്തിലുള്ള വിശുദ്ധിയിലേക്കും യോഗ്യതയിലേക്കും നമ്മുടെ ജീവിതത്തെ നയിക്കുകയും ചെയ്യുന്നു. കർത്താവിന്റെ ആത്മാവ് നമ്മെ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക. ”നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിന് തന്നെത്തന്നെ സമർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ അന്തഃകരണത്തെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!” (ഹെബ്രാ.9:14).

ആകയാൽ ആഴമായ പാപബോധവും അനുതാപവും നമ്മുടെ വീഴ്ചകളെക്കുറിച്ചുള്ള പശ്ചാത്താപവും നമ്മളിൽ നിറയാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ വീഴ്ചകളെയും വീഴ്ചകളിലേക്ക് നയിക്കുന്ന നമ്മുടെ അന്തഃരംഗത്തിലെ പാപാവസ്ഥകളെയും യേശുവിനോട് നമുക്ക് ഏറ്റുപറയാം. അവിടുത്തെ രക്തം സകല നിർജീവപ്രവൃത്തികളിൽനിന്നും നമ്മെ രക്ഷിക്കും. നമ്മെ ഉരുക്കിവാർക്കുകയും ശുദ്ധി ചെയ്യുകയും ചെയ്യുന്ന വേദനകളെയും വേദനിപ്പിക്കുന്ന അനുഭവങ്ങളെയും ഓർത്ത് തമ്പുരാന് നന്ദി പറയാം. നമുക്കും സങ്കീർത്തകനോടൊപ്പം ഇപ്രകാരം പറയാം. ”കർത്താവേ, അങ്ങയുടെ വിധികൾ ന്യായയുക്തമാണെന്നും വിശ്വസ്തത മൂലമാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു” എന്ന്. നമുക്കും ഇപ്രകാരം പ്രാർത്ഥിക്കാം: കർത്താവേ, ”ഹീസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ. ഞാൻ നിർമലനാകും. എന്നെ കഴുകണമേ, ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകും. എന്നെ സന്തോഷഭരിതനാക്കണമേ. അവിടുന്ന് തകർത്ത എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ” (സങ്കീ. 51:7-8).

സ്റ്റെല്ല ബെന്നി

1 Comment

  1. Elsamma James says:

    Really a good Article. God bless you dear Sr.Stella Benny.

Leave a Reply

Your email address will not be published. Required fields are marked *