ജോലിക്ക് പോകാൻ തിരക്ക് പിടിച്ചൊരുങ്ങുന്ന ആ പ്രഭാതത്തിൽ പരിഭവം നിറഞ്ഞ മുഖവുമായി അമ്മ മുന്നിലെത്തി. ”എന്റെ മോളേ, നീ ആ ജാതകം ഇങ്ങനെ ഒളിപ്പിച്ചു വയ്ക്കാതെ ഒന്നെടുത്തു താ. ക്രിസ്തുവിൽ വിശ്വസിക്കുന്നുവെങ്കിലും നാം ഇപ്പോഴും ഹൈന്ദവർതന്നെയായതിനാൽ ഹൈന്ദവക്രമങ്ങൾ പിൻതുടർന്നാലേ നിന്റെ വിവാഹം നടക്കൂ.
അതൊന്ന് നടന്ന് കണ്ടാൽ എനിക്കും നിന്റെ അച്ഛനും എത്ര സമാധാനമാകുമെന്ന് എന്റെ മോളെന്താ ഓർക്കാത്തേ?”
അക്രൈസ്തവരായ ഞങ്ങളുടെ കുടുംബം ഈശോയെ കണ്ടുമുട്ടി സ്‌നേഹിക്കുകയും ജീവിതത്തിന്റെ നാഥനായി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞതാണ്. പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒന്നും ഞങ്ങളനുഭവിച്ചറിഞ്ഞ കർത്താവിന്റെ സ്‌നേഹത്തിൽനിന്ന് ഞങ്ങളെ പിൻമാറ്റിയില്ല. മറിച്ച് കടുത്ത അഗ്നിപരീക്ഷണങ്ങൾ വേദനകളിൽ വിട്ടകലാതെ ചേർത്തുപിടിച്ച് ഒപ്പം നടക്കുന്ന ആ വാത്സല്യസാന്നിധ്യം അനുഭവിച്ചറിയാനുള്ള അവസരങ്ങളായി പരിണമിച്ചു. കഴിഞ്ഞുപോയ ചുരുങ്ങിയ വർഷങ്ങളിലൂടെ ദൈവവും കർത്താവുമെന്നതിലുപരി ഈശോ എനിക്ക് വാത്സല്യനിധിയായ പിതാവും കരുതുന്ന സഹോദരനും ഒരു നിമിഷംപോലും വേർപിരിയാതെ എന്നോടൊപ്പം നടക്കുന്ന ഏറ്റവും പ്രിയസുഹൃത്തും ഒക്കെയായി തീർന്നു.
ഓരോ മനുഷ്യനെയും ദൈവം നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചുവെന്നും തന്റെ നിശ്ചയം ഓരോ ജീവിതത്തിലും അവിടുന്ന് കൃത്യമായി നിറവേറ്റുമെന്നും കർത്താവ് ബോധ്യം തന്ന നാളുകളിൽ ഞാനെടുത്തു മാറ്റിയതാണ് ‘ജാതകം’. വിശുദ്ധ ഗ്രന്ഥത്തിലെ ഈ വചനങ്ങളായിരുന്നു അതിനെനിക്ക് പ്രചോദനമായത്: ”എനിക്ക് രൂപം ലഭിക്കുന്നതിനുമുൻപുതന്നെ അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ ഉണ്ടാകുന്നതിനു മുൻപുതന്നെ അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു” (സങ്കീ. 139:16).
അച്ഛനമ്മമാരെ ഞാൻ ഒത്തിരിയേറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, മുന്നോട്ട് നോക്കാൻ ഇനി ഒന്നുമില്ലെന്ന വിധത്തിൽ തകർന്നുപോയ ഞങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥവും പ്രത്യാശയും നല്കി വഴി നടത്തുന്ന, അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ എന്നെ അറിഞ്ഞ് സ്‌നേഹിച്ചു തുടങ്ങിയ എന്റെ കർത്താവിനെ മനുഷ്യബുദ്ധിയിൽ എഴുതിവച്ച ഒരു ജാതകക്കുറിപ്പിലാശ്രയിച്ച് വേദനിപ്പിക്കാൻ എനിക്കത്രപോലുമാവില്ല.
പ്രശ്‌നപരിഹാരം
ഇങ്ങനെ ജാതകപ്രശ്‌നം അസ്വസ്ഥതയായപ്പോൾ, ഞാൻ കർത്താവിന്റെ സന്നിധിയിൽത്തന്നെ അഭയംതേടി. ”എന്റെ ഈശോ, ഈ വിഷയം ഞാനങ്ങയുടെ കരങ്ങളിൽ വിട്ടുതരുന്നു. ജാതകം അമ്മയ്ക്ക് എടുത്തു കൊടുത്തേക്കാം. പക്ഷേ, എന്റെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം അങ്ങ് അറിയുന്നുണ്ട്. എന്റെ വിവാഹം നടത്താൻ അങ്ങ് തീരുമാനിച്ചാൽപ്പിന്നെ ഇതൊന്നും വേണ്ടെന്നും എനിക്കറിയാം. അങ്ങയുടെ ഹിതമല്ലാത്ത ഒന്നും എന്റെ ജീവിതത്തിൽ കടന്നുവരരുതേ…”
ഇങ്ങനെ പ്രാർത്ഥിച്ച് അമ്മയ്ക്ക് ഞാൻ ജാതകം എടുത്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ആർക്കോ കൊടുക്കാൻ ജാതകത്തിനായി അമ്മ അലമാര തുറക്കുമ്പോൾ ഞാനും വീട്ടിലുണ്ടായിരുന്നു. ”എന്റെ കർത്താവേ…!” എന്ന അമ്മയുടെ അമ്പരന്നുള്ള വിളികേട്ട് അങ്ങോട്ട് കടന്നുചെന്ന ഞാൻ കണ്ടത് വളരെ വിചിത്രമായ ഒരു കാഴ്ചയാണ്. നീല നിറത്തിലുള്ള പ്ലാസ്റ്റിക് പുറംചട്ടയുള്ള ആ കൊച്ചുപുസ്തകത്തിന്റെ പുറംചട്ടയൊഴികെ എല്ലാ താളുകളും ചിതലരിച്ചപോലെ പൊടിഞ്ഞിരിക്കുന്നു. ഒരു വരിപോലും അതിൽനിന്ന് വായിച്ചെടുക്കാനാവില്ല. ചുറ്റിനും ഇരുന്ന തുണികൾക്ക് ഒരു കുഴപ്പവുമില്ല താനും.
ഈ സംഭവത്തിനുശേഷം ഒരു വർഷം തികയുന്നതിനുമുൻപ് കർത്താവ് എന്റെ വിവാഹം നടത്തി. ഹൈന്ദവനായി ജനിച്ചുവളർന്ന, എന്നാൽ ജീവിതത്തിന്റെ ഇരുൾവീണ ഒരു വഴിത്താരയിൽവച്ച് യേശു എന്ന സത്യപ്രകാശത്തെ അനുഭവിച്ചറിയാനും സ്‌നേഹിക്കാനും അനുഗ്രഹം ലഭിച്ച ഒരാളെ കർത്താവ് എനിക്ക് ജീവിതപങ്കാളിയായി നല്കി. ഈശോയിലുള്ള ഉറച്ച വിശ്വാസം എന്ന ഒറ്റ പൊരുത്തത്തിൽ ഞങ്ങൾ ഒന്നിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മാമോദീസ സ്വീകരിക്കാനുള്ള അനുഗ്രഹവും കർത്താവ് നല്കി. അവിടുന്ന് സമ്മാനിച്ച രണ്ട് കുഞ്ഞുങ്ങളുമൊത്ത് ദൈവകൃപയാൽ ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു.
കർത്താവിന്റെ ഉള്ളംകൈയിൽ
ഇന്ന് ക്രൈസ്തവരായ പലരും വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും വാരഫലത്തിലൂടെയും കൈനോട്ടത്തിലൂടെയും മറ്റും ഭാവി അറിയാൻ താല്പര്യം കാണിക്കുന്നതും കാണുമ്പോൾ ഞാൻ ഈ സംഭവം ഓർക്കാറുണ്ട്. പെറ്റമ്മയെക്കാൾ നമ്മെ സ്‌നേഹിക്കുന്ന കർത്താവിന്റെ പരിപാലനയിലുള്ള അവിശ്വാസമല്ലേ ഇത്തരം കുറുക്കു വഴികളിലൂടെ ഭാവി അറിയാനും ആസൂത്രണം ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്നത്?
സ്വന്തം ഭാവിയും ഭൂതകാലവുമൊക്കെ വിവരിച്ചു കേൾക്കാൻ മറ്റൊരാൾക്ക് മുൻപിൽ കൈ നിവർത്തി നില്ക്കുമ്പോൾ ഒന്നോർക്കണം – നമ്മുടെതന്നെ ഹസ്തരേഖകളിൽ നമ്മുടെ ജീവിതം കുറിച്ചിടുകയല്ല, സ്വന്തം കൈവെള്ളയിൽ നാം ഓരോരുത്തരെയും രേഖപ്പെടുത്തി വ്യക്തിപരമായി കരുതുകയാണ് അവിടുന്ന് ചെയ്യുന്നത്. ”ഇതാ നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശ. 49:16).
ആകാശത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം അടിസ്ഥാനപ്പെടുത്തിയുള്ള ഭാവിപ്രവചനങ്ങളുടെ പിറകെ ഓടുമ്പോൾ ഓരോ ക്രിസ്ത്യാനിയും മറന്നുപോകുന്ന സത്യമിതാണ് – മനുഷ്യരുടെ ശാസ്ത്രവും കണക്കുകളും ഒക്കെ തെറ്റിപ്പോകാം. എന്നാൽ, ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമെല്ലാം സൃഷ്ടിച്ച പ്രപഞ്ച നാഥനായ കർത്താവിന്റെ കണക്കുകൾ അണുവിടപോലും പിഴക്കില്ല.
എനിക്കായുള്ള പദ്ധതി
നമ്മെക്കുറിച്ച് വ്യക്തവും മനോഹരവുമായ പദ്ധതി ഒരുക്കി നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നവനാണ് അവിടുന്ന്. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്” (ജറെ. 29:11). ഈ പദ്ധതി വെളിപ്പെട്ടു കിട്ടാൻ ഹൃദയം തുറന്നൊന്ന് വിളിച്ചാൽ മാത്രം മതി. കർത്താവ് പറയുന്നു: ”എന്നെ വിളിക്കുക, ഞാൻ മറുപടി നല്കും. നിന്റെ ബുദ്ധിയ്ക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും” (ജറെ. 33:3).
വിശ്വാസത്തോടെ, പ്രാർത്ഥനയോടെ നമ്മളന്വേഷിക്കുന്ന ഏത് ചോദ്യത്തിനും ഉത്തരമരുളുന്നവനാണ് കർത്താവ്. ഈ ഉത്തരങ്ങൾ മുഖ്യമായും നാം കണ്ടെത്തുക വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ ഹൃദയത്തിൽ ശക്തമായി ഉയരുന്ന പരിശുദ്ധാത്മാവിന്റെ തോന്നലുകളായും അതുമല്ലെങ്കിൽ ദൈവത്തോട് ചേർന്നു ജീവിക്കുന്ന മറ്റ് സഹോദരങ്ങളിലൂടെയുമൊക്കെ ദൈവഹിതം വെളിപ്പെട്ട് കിട്ടാറുണ്ട്. അതിനാൽ പരിമിതമായ നമ്മുടെ കഴിവുകളിലും സമ്പത്തിലും ആശ്രയിച്ച് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്തും അതിനായി കഠിനപ്രയത്‌നം ചെയ്തും നമ്മൾ സമയം പാഴാക്കുന്നതെന്തിന്?
സർവശക്തനും നമ്മുടെ പിതാവുമായ കർത്താവിന്റെ കരങ്ങളിൽ നമ്മുടെ ജീവിതങ്ങളെ വിട്ടുകൊടുക്കാം. ദൈവപരിപാലനയിൽ പരിപൂർണ വിശ്വാസത്തോടെ ആശ്രയിച്ച് ജീവിക്കുന്ന യഥാർത്ഥ ദൈവമക്കളാകാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് കൂട്ടായിരിക്കട്ടെ.
സുഗന്ധി മരിയ വിജയ്
3 Comments
good one!
Very Good .. God bless you..
god one